ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ആദൂർ: ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ സി.ഏ. നഗറിൽ വൻ കഞ്ചാവ് വേട്ട. കാസർകോട് ഡിവൈഎസ്പി, പി. ബാലകൃഷ്ണൻ നായർക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ആദൂർ എസ്.ഐ, ഇ. രത്നാകരനും സംഘവും ഇന്ന് പുലർച്ചെ 12.30 മണിക്ക് നടത്തിയ പരിശോധനയിലാണ് 124.990 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്.
മുട്ടത്തൊടി എസ്.പി. നഗർ പരപ്പാടി ഹൗസിൽ അബ്ബാസിന്റെ മകനും ഇപ്പോൾ ബെദിരയിൽ വാടക ക്വാട്ടേഴ്സിൽ താമസക്കാരനുമായ സുബൈറിനെയാണ് 32, കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ എസ്ഐയും സംഘവും പിടികൂടിയത്. കഞ്ചാവ് കടത്താനുപയോഗിച്ച കെ.എൽ. 14. വൈ. 1860 റജിസ്ട്രേഷൻ നമ്പറിലുള്ള ഐ 20 കാറും പോലീസ് പിടിച്ചെടുത്തു.
കഞ്ചാവ് ആന്ധ്രയിൽ നിന്നും രഹസ്യ മാർഗ്ഗത്തിൽ ഉപ്പളയിലെത്തിക്കാനായിരുന്നു ലക്ഷ്യം. ആന്ധ്രയിൽ നിന്നും കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരം കാസർകോട് ഡിവൈഎസ്പിക്ക് ലഭിച്ചിരുന്നു. ആദൂർ പോലീസിന്റെ കൃത്യമായ ഇടപെടലിനെത്തുടർന്നാണ് കഞ്ചാവ് കടത്ത് പിടികൂടിയത്. ജില്ലയിൽ അടുത്ത കാലത്തായി നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. ആദൂർ സി.ഏ. നഗറിൽ നടന്നത്.
കാറിന്റെ ഡിക്കിയിലും സീറ്റിനടിയിലുമായി വലിയ 60 പായ്ക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. രണ്ടേകാൽ കിലോ മുതൽ രണ്ടര കിലോ വരെയുള്ള പായ്ക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സുബൈർ ഒറ്റയ്ക്കാണ് കാറിലുണ്ടായിരുന്നത്. കഞ്ചാവ് ഉപ്പളയിലെ ബോസിന്റെ പക്കലെത്തിച്ചാൽ 25,000 രൂപ പ്രതിഫലം ലഭിക്കുമെന്ന് യുവാവ് പോലീസിനോട് വെളിപ്പെടുത്തി.
കഞ്ചാവ് കടത്താനുപയോഗിച്ച കാർ ബോസിന്റേതാണെന്ന് സുബൈർ പോലീസിനോട് വെളിപ്പെടുത്തി. ദലാൽ ഷെയ്ഖ് എന്നയാളാണ് ബോസെന്ന് യുവാവ് പോലീസിനോട് പറഞ്ഞിട്ടുണ്ടെങ്കിലും, പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. സുബൈർ കഞ്ചാവ് കടത്തിന്റെ ഇടനിലക്കാരനാണെന്ന് സംശയിക്കുന്നു. യുവാവ് പറഞ്ഞ ബോസ് ആരെന്നതിനെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കും. കഞ്ചാവ് കടത്താനുപയോഗിച്ച കാറിന്റെ ഉടമ ആരാണെന്നും പോലീസ് പരിശോധിക്കും.
കഞ്ചാവ് കടത്തിന്റെ അന്വേഷണച്ചുമതല കാസർകോട് ഡിവൈഎസ്പി, പി. ബാലകൃഷ്ണൻ നായർക്കാണ്. കഞ്ചാവ് കടത്തിനിടെ പിടിയിലായ സുബൈറിനെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ യുവാവിനെതിരെ ആദൂർ പോലീസ് കേസ്സെടുത്തു.