പത്ത് ദിവസത്തിനുള്ളിൽ രണ്ട് ക്വട്ടേഷൻ ആക്രമണം

കാഞ്ഞങ്ങാട്: ഹൊസ്ദുർഗ്, നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയികളിൽ  പത്ത് ദിവസത്തിനുള്ളിൽ നടന്നത് രണ്ട് ക്വട്ടേഷൻ ആക്രമണങ്ങൾ. നവംബർ 1 ന് കാഞ്ഞങ്ങാട് ദുർഗ്ഗാ  ഹൈസ്ക്കൂൾ റോഡിൽ പട്ടാപ്പകൽ നടന്ന ക്വട്ടേഷൻ ആക്രമണത്തിന് പിന്നാലെയാണ് പത്താം ദിവസം നീലേശ്വരത്തും ക്വട്ടേഷൻ ആക്രമണം നടന്നത്.

ഭാര്യയ്ക്ക് ചെലവിന് കൊടുക്കാത്ത കേസ്സിൽ കോടതി വാറന്റ് പുറപ്പെടുവിച്ച കുന്നുംകൈ സ്വദേശിയെ കാറിൽ തട്ടിക്കൊണ്ടുപോയതിന് പിന്നിലും ക്വട്ടേഷൻ സംഘത്തിന്റെ സഹായമുണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ട്. നവംബർ 22 ന് ഉച്ചയ്ക്കാണ് കുന്നുംകൈ സ്വദേശിയായ റാഫിയെ പട്ടാപ്പകൽ കാറിൽ തട്ടിക്കൊണ്ടുപോയത്.

നീലേശ്വരം പോലീസിന്റെ സമയോചിതമായ ഇടപെടലിലാണ് തട്ടിക്കൊണ്ടുപോയവരെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടാനായത്. പോലീസ് പിടികൂടിയ സംഘത്തിൽ നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കൊളവയലിലെ മുഹമ്മദ് നബീലുമുണ്ടായിരുന്നതോടെയാണ് നീലേശ്വരത്ത് നടന്നത് ക്വട്ടേഷൻ ആക്രമണമാണെന്ന് വ്യക്തമായത്. കോഴിക്കോട് നിന്നുള്ള സംഘം കാഞ്ഞങ്ങാട്ടുള്ള സുഹൃത്തുക്കളുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തത്. കോഴിക്കോട് സ്വദേശിയായ ഭാര്യയ്ക്ക് ചെലവിന് കൊടുക്കാത്തതിന്റെ പേരിൽ കോടതി വാറന്റ് നിലവിലുള്ള റാഫിയെ ഏഴംഗസംഘം കാറിൽ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവമേൽപ്പിച്ചതായും സംശയമുണ്ട്. നവംബർ 22 ന് മരുമകളായ വി. കെ. റജീനയ്ക്കൊപ്പം നീലേശ്വരത്തെത്തിയ റാഫിയെ പോലീസെന്ന വ്യാജേനയാണ് ഏഴംഗസംഘം തട്ടിക്കൊണ്ടുപോയത്.

കെഎൽ 13 എക്യു 8003 വെള്ള മാരുതി സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് റാഫിയെ നീലേശ്വരം രാജാസ് ഹൈസ്ക്കൂളിന് മുന്നിൽ നിന്നും  തട്ടിക്കൊണ്ടുപോയത്. സമാനമായ രീതിയിലുള്ള ക്വട്ടേഷൻ ആക്രമണമാണ് നവംബർ 12 ന് കാഞ്ഞങ്ങാട് ദുർഗ ഹൈസ്ക്കൂൾ റോഡിലും നടന്നത്. വസ്തു ഇടപാടിലെ സാമ്പത്തിക തർക്കത്തെത്തുടർന്നാണ് ദുർഗ്ഗ ഹൈസ്ക്കൂൾ റോഡിലെ എച്ച്. ആർ. ദേവദാസ് 65, ഭാര്യ ലളിത 60, എന്നിവരെ ക്വട്ടേഷൻ സംഘം ആക്രമിച്ച് സ്വർണ്ണവും കാറും കവർന്നത്.

LatestDaily

Read Previous

സഹോദരന്റെ വീടിന് തീവെച്ച പ്രതി അറസ്റ്റിൽ

Read Next

കാസർകോട്ട് കാൽ കോടിയുടെ കഞ്ചാവ് പിടികൂടി