കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി ഒാഫീസ് നിർമ്മാണത്തിൽ അഴിമതിയാരോപണം

ചെറുവത്തൂർ:  ചെറുവത്തൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിക്ക് വേണ്ടി കാടങ്കോട് നിർമ്മിച്ച പ്രിയദർശിനി മന്ദിരത്തിന്റെ നിർമ്മാണച്ചെലവുകൾ  അവതരിപ്പിക്കാൻ വിളിച്ചു ചേർത്ത യോഗം നടന്ന പ്രിയദർശിനി മന്ദിരത്തിന്റെ ഗേറ്റ് ഒരു വിഭാഗം കോൺഗ്രസ്സ് പ്രവർത്തകർ പുറത്ത് നിന്നും പൂട്ടി. കോൺഗ്രസ്സ് ഒാഫീസ് കെട്ടിട നിർമ്മാണത്തിൽ അഴിമതിയാരോപിച്ചാണ് സംഭവം.

മണ്ഡലം കമ്മിറ്റി ഒാഫീസിന്റെ നിർമ്മാണം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് കെട്ടിട നിർമ്മാണത്തിന്റെ വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കാൻ മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെയും പ്രത്യേക ക്ഷണിതാക്കളുടെയും യോഗം നടന്നത്. കെട്ടിട നിർമ്മാണ കമ്മിറ്റി കൺവീനർ കെ. ബാലകൃഷ്ണൻ അവതരിപ്പിച്ച കണക്കിൽ അഴിമതിയുണ്ടെന്നാണ് ഒരു വിഭാഗം കോൺഗ്രസ്സ് പ്രവർത്തകരുടെ ആരോപണം.

കോൺഗ്രസ്സ് നേതാക്കളായ വി. നാരായണൻ ചെയർമാനായും, കെ. ബാലകൃഷ്ണൻ കൺവീനറുമായുള്ള കമ്മിറ്റിയാണ് കോൺഗ്രസ്സ് ചെറുവത്തൂർ മണ്ഡലം കമ്മിറ്റി ഒാഫീസായ പ്രിയദർശിനി മന്ദിരത്തിന്റെ നിർമ്മാണത്തിന്  നേതൃത്വം നൽകിയത്. നിർമ്മാണക്കമ്മിറ്റിക്ക് ബാങ്ക് അക്കൗണ്ട് ഉണ്ടായിട്ടും പണം ട്രഷററുടെ കൈയ്യിൽ ഏൽപ്പിക്കുകയോ അക്കൗണ്ടിൽ നിക്ഷേപിക്കുകയോ ചെയ്യാതെ ചെയർമാനും കൺവീനറും പണം സ്വന്തമായി കൈകാര്യം ചെയ്തെന്ന് ആക്ഷേപമുണ്ട്.

കെട്ടിട നിർമ്മാണത്തിന് 57 ലക്ഷം രൂപ ചെലവായെന്നാണ് കണക്കുകൾ. അതേസമയം, ഒാഫീസ് കെട്ടിടത്തിന് 30 ലക്ഷത്തിലധികം രൂപ ചെലവ് വരില്ലെന്നാണ് ഒരു വിഭാഗം കോൺഗ്രസ്സ് നേതാക്കൾ ആരോപിക്കുന്നത്. മണ്ഡലം കമ്മിറ്റി ഒാഫീസ് നിർമ്മാണത്തിൽ അഴിമതിയാരോപിച്ച് ആദ്യം രംഗത്തുവന്നത് ചെറുവത്തൂർ മണ്ഡലം കമ്മിറ്റിയുടെ ഭാരവാഹി തന്നെയാണ്.

മന്ദിരം ഉദ്ഘാടനത്തിന് പിരിച്ച തുകയുടെ കണക്കുകൾ യോഗത്തിൽ അവതരിപ്പിച്ചില്ലെന്നും ആക്ഷേപമുണ്ട്. കൃത്യമായി വൗച്ചറുകളില്ലാത്തതും ഒാഡിറ്റ് ചെയ്യാത്തതുമായ വരവ്–ചെലവ്  കണക്കുകളാണ് യോഗത്തിൽ അവതരിപ്പിച്ചതെന്നാണ് ഒരു വിഭാഗം കോൺഗ്രസ്സ് പ്രവർത്തകരുടെ ആരോപണം. യോഗം നടന്ന ഒാഫീസ് കെട്ടിടത്തിന്റെ ഗേറ്റ് പുറത്തുനിന്ന്  പൂട്ടിയിട്ട് ഒരു സംഘം കോൺഗ്രസ്സ് പ്രവർത്തകർ സ്ഥലം വിട്ടതോടെ മറ്റ് നേതാക്കളെത്തിയാണ് ഗേറ്റ് തുറന്നത്.

ചെറുവത്തൂർ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി ഒാഫീസിന്റെ ജന്മാധാരം  യോഗത്തിൽ പങ്കെടുത്തവർ കാണിക്കാനാവശ്യപ്പെട്ടിരുന്നുവെങ്കിലും കെട്ടിട നിർമ്മാണക്കമ്മിറ്റി കൺവീനർ കെ. ബാലകൃഷ്ണൻ കൈമലർത്തുകയായിരുന്നുവെന്ന് യോഗത്തിൽ പങ്കെടുത്ത ഒരു വിഭാഗം കോൺഗ്രസ്സ് പ്രവർത്തകർ ആരോപിച്ചു.

LatestDaily

Read Previous

നപ്പട്ട റഫീക്കിന് എതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ്

Read Next

സഹോദരന്റെ വീടിന് തീവെച്ച പ്രതി അറസ്റ്റിൽ