കോട്ടച്ചേരി മേൽപ്പാലം ഡിസംബർ 26 ന് മുഖ്യമന്ത്രി ഉൽഘാടനം ചെയ്തേക്കും

കാഞ്ഞങ്ങാട്:  ഒരു ജനതയുടെ ചിരകാല സ്വപ്നത്തിന്റെ സാക്ഷാത്ക്കാരമായി കോട്ടച്ചേരിയിൽ പണി പൂർത്തിയായ റെയിൽവെ മേൽപ്പാലം (ആർഒബി) ഡിസംബർ 26 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യാനുള്ള സാധ്യത തെളിയുന്നു. കനത്ത മഴയെതുടർന്ന് സമീപന റോഡിന്റെ ടാറിംഗ് പ്രവൃത്തി വൈകിയെങ്കിലും, ഇപ്പോൾ ധൃതഗതിയിൽ പുരോഗമിക്കുകയാണ്.

കൈവരികൾക്ക് ചായം പൂശുന്നതുൾപ്പെടെയുള്ള അവസാന മിനുക്ക് പണികൾ നടന്ന് വരുന്നു. ഭൂമി ഏറ്റെടുക്കുന്നതുൾപ്പെടെ 38 കോടി രൂപ ചെലവിലാണ് നിർമ്മാണം പൂർത്തിയാവുന്നത്. 600 മീറ്ററാണ് കോട്ടച്ചേരി മേൽപ്പാലത്തിന്റെ നീളം. സമീപന റോഡ് കോട്ടച്ചേരി മേൽപ്പാലത്തിന് വടക്ക് ഭാഗത്ത് നിന്നാരംഭിച്ച് ആവിക്കരയിൽ സമാപിക്കും.

സിപിഎം ജില്ലാക്കമ്മിറ്റി കാസർകോട് വിദ്യാനഗർ ചാലയിൽ അഞ്ച് കോടിയോളം രൂപ ചെലവിൽ സജ്ജീകരിക്കുന്ന പുതിയ ജില്ലാ ആസ്ഥാനമന്ദിരമായ ഏ. കെ.ജി. ഭവൻ ഉൽഘാടനത്തിനായി ഡിസംബർ 26 ന് മുഖ്യമന്ത്രി ജില്ലയിലെത്തുന്നുണ്ട്. അന്നേ ദിവസം തന്നെ കോട്ടച്ചേരി മേൽപ്പാലം ഉൽഘാടനം നടത്താനുള്ള ക്രമീകരണങ്ങളാണ് വേഗത്തിൽ നടന്ന് വരുന്നത്.

LatestDaily

Read Previous

ചാനൽ ബന്ധമുള്ള ഏരിയാ പ്രതിനിധിയെ തേടുന്നു

Read Next

വാഹന മോഷ്ടാവ് 13 വർഷത്തിന് ശേഷം പിടിയിൽ