ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം: നീലേശ്വരം റെയിൽ മേൽപ്പാലത്തിന് സമീപത്തു നിന്നും പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയ ഏഴംഗസംഘം റിമാന്റിൽ. ഇന്നലെ ഉച്ചയ്ക്ക് നീലേശ്വരം റെയിൽവേ മേൽപ്പാലത്തിന് സമീപം രാജാസ് ഹൈസ്ക്കൂളിന് മുന്നിൽ നിന്നാണ് കാറിലെത്തിയ ഏഴംഗ സംഘം കുന്നുംകൈ സ്വദേശിയെ തട്ടിക്കൊണ്ടുപോയത്.
കുന്നുംകൈ സ്വദേശിയായ റാഫിയെയാണ് പോലീസെന്ന വ്യാജേന കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. റാഫിയുടെ കോഴിക്കോട് സ്വദേശിനിയായ ഭാര്യയുടെ പരാതിയിലുള്ള കേസ്സിൽ റാഫിക്ക് കോടതി വാറന്റുണ്ടായിരുന്നു. വാറന്റുമായെത്തിയവരെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സംഘം റാഫിയെ ബലമായി കാറിൽ തട്ടിക്കൊണ്ടുപോയത്.
റാഫിയുടെ സഹോദരി നീലേശ്വരം പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് നീലേശ്വരം എസ്ഐ, ഇ. ജയചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ സമയോചിതമായ ഇടപെടലാണ് പ്രതികളെ കുടുക്കിയത്. സംഭവം നടന്ന സ്ഥലത്തെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ച് നിജസ്ഥിതി ഉറപ്പ് വരുത്തിയതിന് പിന്നാലെ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനത്തിൽ കാറുകളെ പിന്തുടരുകയായിരുന്നു. കാഞ്ഞങ്ങാട്ട് നിന്നാണ് പ്രതികളെ നീലേശ്വരം പോലീസ് പിടികൂടിയത്.
റാഫിയുടെ കോഴിക്കോട്ടെ ഭാര്യയുടെ സഹോദരൻ ഫറോക്കിലെ ഒ. പി. ഷെരീഫിന്റെ 40, നേതൃത്വത്തിലുള്ള സംഘമാണ് തട്ടിക്കൊണ്ടുപോകൽ പദ്ധതിയുടെ ആസൂത്രകൻ. സഹായത്തിനായി കാഞ്ഞങ്ങാട് കൊളവയൽ സ്വദേശികളെയും ഒപ്പം കൂട്ടിയിരുന്നു. കോടതി വാറന്റുള്ള സഹോദരി ഭർത്താവിനെ കണ്ടുപിടിച്ച് പോലീസിൽ വിവരമറിയിക്കുന്നതിന് പകരം ഷെരീഫ് സ്വയം നിയമം നടപ്പാക്കാനൊരുങ്ങുകയായിരുന്നു.
രണ്ട് കാറുകളിലായെത്തിയ ഏഴംഗ സംഘത്തെ ഇന്നലെത്തന്നെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. കോടതി 7 പേരെയും റിമാന്റിൽ വെക്കാനുത്തരവിട്ടു. ഫറോക്കിലെ ഒ. പി. ഷെരീഫ് 40, കൊളവയലിലെ മുഹമ്മദ് നബീൽ, ഏഴോത്തെ വിനോദ് കുമാർ വി. എച്ച് 40, ബേപ്പൂർ സ്വദേശി റംഷീദ് 36, കൊളവയൽ സ്വദേശി മുഹമ്മദ് ഷാമിൽ 33, ബേപ്പൂർ സ്വദേശി അസ്ക്കർ അലി 38, ബേപ്പൂർ അരക്കിണറിലെ ഫസൽ 39, എന്നിവരെയാണ് ഈ കേസ്സിൽ കോടതി റിമാന്റ് ചെയ്തത്.
പ്രതികൾ സഞ്ചരിച്ച കാറുകൾ പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ പ്രതികളിലൊരാളായ കൊളവയലിലെ മുഹമ്മദ് നബീൽ നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ്. നീലേശ്വരം ടൗണിൽ പട്ടാപ്പകൽ നടന്ന നാടകീയ സംഭവങ്ങൾക്ക് തിരശ്ശീല വീണത് പ്രതികൾ റിമാന്റിലായതോടെയാണ്. നീലേശ്വരം പോലീസിന്റെ സന്ദർഭോചിതമായ ഇടപെടലിലൂടെയാണ് മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാനായത്.