മണ്ണിൽ ജീവിതം തെരയുന്നൊരാൾ

കാഞ്ഞങ്ങാട്:  തിന്നും, കുടിച്ചും, മദിച്ചും, ആർത്തുല്ലസിച്ചും നഗരജീവിതം സ്വച്ഛന്ദമൊഴുകുമ്പോൾ അഷ്ടിക്ക് വക തേടി ഒരാൾ നാല് പതിറ്റാണ്ടിലധികമായി കാഞ്ഞങ്ങാട്ടെ അരികുവൽക്കരിക്കപ്പെട്ട ജീവിതങ്ങൾക്കിടയിലുണ്ട്. തമിഴ്നാട്, കോയമ്പത്തൂർ സ്വദേശിയായ ശേഖറാണ് 67, കാഞ്ഞങ്ങാട്ടെ ആഭരണശാലകളുടെയും ആഭരണനിർമ്മാണ ശാലകളുടെയും മുറ്റത്തെ ചെളിമണ്ണിൽ കൊറ്റിന് വകതേടി തെരയുന്നത്.

ജ്വല്ലറികൾക്ക് മുന്നിലും, ആഭരണ നിർമ്മാണ ശാലകൾക്ക് മുന്നിലുമുള്ള മണ്ണ് അടിച്ചുവാരി സ്വർണ്ണം തെരയുന്ന നിരവധി പേർ ജില്ലയിലുണ്ട്. അക്കൂട്ടത്തിലൊരാളാണ് ശേഖർ.  ജീവിക്കാൻ വഴി തേടി നടത്തുന്ന ഭാഗ്യപരീക്ഷണമാണ് ജ്വല്ലറിക്ക് മുന്നിലെ മണ്ണ് അടിച്ചുവാരി കഴുകി അരിച്ച് സ്വർണ്ണം തെരയുക എന്നത്. ലക്ഷങ്ങളുടെ ബാങ്ക് ബാലൻസുണ്ടാക്കാനുള്ള തൊഴിലൊന്നുമല്ലെങ്കിലും വയറ്റിൽ ആളുന്ന വിശപ്പിന്റെ തീയണക്കാൻ എന്തെങ്കിലും കിട്ടിയാലായി. നാല് പതിറ്റാണ്ടിലധികമായി കാഞ്ഞങ്ങാട് നഗരത്തിലുള്ള ശേഖർ വഴിയോരങ്ങളിലും കാഞ്ഞങ്ങാട്ടെ കടത്തിണ്ണകളിലുമാണ് അന്തിയുറങ്ങുന്നത് കാഞ്ഞങ്ങാട് ടൗൺ അതിന്റെ ജാഢയുടെ കുപ്പായമണിയും മുമ്പെ ഉണർന്നെണീക്കുന്ന ശേഖർ ടൗണിൽ തിരക്ക് വർധിക്കും മുമ്പെ ജ്വല്ലറികൾക്ക് മുന്നിലെത്തി മൺകൂനകളിൽ ജീവിതം തെരയാനാരംഭിക്കും.

മണിക്കൂറുകൾ നീണ്ട ശ്രമകരമായ അധ്വാനത്തിനിടയിൽ ഒരു പൊൻതരിയെങ്കിലും വീണ് കിട്ടിയാൽ ശങ്കറിന് അഷ്ടിക്ക് വക ലഭിക്കും. കൂടിവന്നാൽ നൂറോ ഇരുന്നൂറോ രൂപ വിലമതിക്കുന്ന സ്വർണ്ണപ്പൊട്ടുകളാണ് ഒരു ദിവസം  ഇദ്ദേഹത്തിന് ലഭിക്കുക. അന്നത്തെ ജീവിതത്തിനുള്ളത് ലഭിച്ചാൽ അടുത്ത ദിവസത്തേക്കുള്ള കാത്തിരിപ്പായി. കോയമ്പത്തൂർ സ്വദേശിയായ ശേഖറിന് ഭാര്യയും മക്കളുമുണ്ടെങ്കിലും അവരൊന്നും തന്നെ നോക്കാറില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ഇദ്ദേഹത്തിന്റെ ഒരു മകൻ കാഞ്ഞങ്ങാട്ട് ആക്രിക്കച്ചവടം നടത്തുന്നുണ്ട്. ഉള്ളത് കൊണ്ട് ഓണമാഘോഷിക്കുന്ന ഇദ്ദേഹം കാഞ്ഞങ്ങാടിന്റെ നാല്പതിറ്റാണ്ട് കാലത്തെ ഗതിവിഗതികൾക്ക് സാക്ഷിയാണ്.

LatestDaily

Read Previous

ഇന്റർപോൾ സഹായത്തോടെ അറസ്റ്റ് ചെയ്ത ബലാത്സംഗക്കേസ് പ്രതി റിമാന്റിൽ

Read Next

സുനീഷയുടെ ആത്മഹത്യ: കോടതി കുറ്റപത്രം മടക്കി