ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: അന്താരാഷ്ട്ര പോലീസ് ഏജൻസിയായ ഇന്റർപോളിന്റെ സഹായത്തോടെ ഗൾഫിൽ നിന്നും പിടികൂടി നാട്ടിലെത്തിച്ച ബലാത്സംഗക്കേസ് പ്രതിയെ കോടതി റിമാന്റ് ചെയ്തു. 2018-ൽ ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടമ്മയെ ബലാത്സംഗം ചെയ്ത് അവരുടെ സ്വർണ്ണവും പണവും മോഷ്ടിച്ച് ഗൾഫിലേക്ക് കടന്ന ആറങ്ങാടി യുവാവിനെയാണ് ഇന്റർപോളിന്റെ സഹായത്തോടെ പിടികൂടിയത്.
ആറങ്ങാടി കലയറ മാടമ്പല്ലത്ത് സ്വദേശി മുസാഫിർ അലിയാണ് 26, 2018-ൽ 35 കാരിയായ ഭർതൃമതിയെ അവരുടെ വീട്ടിൽ അതിക്രമിച്ച് കയറി ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയത്. ബലാത്സംഗത്തിനിരയായ യുവതിയുടെ വീട്ടിൽ നിന്ന് 25,000 രൂപയും സ്വർണ്ണവും അപഹരിച്ചാണ് മുസാഫിർ അലി രക്ഷപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് ബലാത്സംഗക്കുറ്റത്തിനും, മോഷണക്കുറ്റത്തിനും കേസ്സെടുത്ത് അന്വേഷണം നടത്തുന്നതിനിടെ യുവാവ് ഗൾഫിലേക്ക് കടന്നു. ബലാത്സംഗക്കേസ് പ്രതിക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസിറക്കിയിരുന്നു. പ്രതിയെ നാട്ടിലെത്തിക്കാൻ ഹൊസ്ദുർഗ് പോലീസ് കോടതിയുടെ ഇടപെടലിന് അപേക്ഷിച്ചിരുന്നു.
യുഏഇയും ഇന്ത്യയുമായി കുറ്റവാളികളെ കൈമാറുന്ന നിയമം നിലവിലുള്ളതിനാൽ ആറങ്ങാടി യുവാവിനെ നാട്ടിലെത്തിക്കാൻ കേന്ദ്ര ഏജൻസിയുടെ സഹായവും ഹൊസ്ദുർഗ് പോലീസ് തേടി. ഗൾഫിലുള്ള യുവാവിനെ ഇന്റർപോൾ ജോലി സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയും, പിന്നീട് ഇന്ത്യൻ നയതന്ത്രാലയത്തിന്റെ ഇടപെടലിലൂടെ ന്യൂദൽഹിയിലെത്തിക്കുകയുമായിരുന്നു.
ഹൊസ്ദുർഗ് എസ്.ഐ. ശ്രീജേഷ്, ഏഎസ്ഐ. വിനയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ദൽഹിയിലെത്തി മുസാഫിർ അലിയെ കേന്ദ്ര ഏജൻസിയായ സിബിഐയിൽ നിന്നും ഏറ്റുവാങ്ങി നാട്ടിലെത്തിച്ചു. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെത്തിച്ച പ്രതിയെ കോടതിയിലെത്തിക്കുകയും, കോടതി പ്രതിയെ റിമാന്റ് ചെയ്യുകയുമാണുണ്ടായത്. 2018 ഫെബ്രുവരി മാസത്തിൽ നടന്ന കുറ്റകൃത്യത്തിന് ശേഷം കടൽ കടന്ന ബലാത്സംഗക്കേസ് പ്രതിയെ സങ്കീർണ്ണമായ നിയമ പ്രക്രിയയിലൂടെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനായതിന്റെ ആശ്വാസത്തിലാണ് ഹൊസ്ദുർഗ് പോലീസ്.
റിമാന്റ് ചെയ്ത് മുസാഫിർ അലിയെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ തെളിവെടുപ്പിന് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിലാവശ്യപ്പെട്ട് പോലീസ് കോടതിക്ക് അപേക്ഷ നൽകിയതിനെത്തുടർന്നാണ് പ്രതിയെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്.