ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തൃക്കരിപ്പൂർ: നടക്കാവ് സ്വർണ്ണക്കവർച്ചാ കേസ്സിലെ പ്രതികളെ കണ്ടെത്താത്തതിനെതിരെ തൃക്കരിപ്പൂരിൽ വിവിധ ഭാഗങ്ങളിൽ അജ്ഞാത സംഘം പോസ്റ്റർ പ്രചരിപ്പിച്ചു. നടക്കാവ് കവർച്ച നടത്തിയത് ആരെന്നും, കള്ളൻ കപ്പലിലാണോയെന്നും, പ്രതികളെവിടെയെന്നുമുള്ള ചോദ്യങ്ങളുയർത്തിയാണ് പോസ്റ്റർ.
തൃക്കരിപ്പൂർ നടക്കാവ്, വടക്കേ കൊവ്വൽ, തൃക്കരിപ്പൂർ ടൗൺ എന്നിവിടങ്ങളിലാണ് എഴുതി തയ്യാറാക്കിയ പോസ്റ്ററുകൾ ഇന്ന് രാവിലെ പ്രത്യക്ഷപ്പെട്ടത്. നാട്ടുകാരോട് പ്രതികരിക്കാനാവശ്യപ്പെട്ട പോസ്റ്റർ ആരുടെ പേരിലാണെന്ന് രേഖപ്പെടുത്തിയിട്ടില്ല. നവംബർ 8 ന് നടക്കാവിലെ എംടിപി അബ്ദുൾ റഹ്മാന്റെ വീട്ടിൽ നിന്നും 35 പവൻ സ്വർണ്ണാഭരണങ്ങളും, 14,000 രൂപയും കവർച്ച ചെയ്യപ്പെട്ട സംഭവത്തിലാണ് പോസ്റ്റർ പ്രചാരണം.
സംഭവം നടന്ന് 10 ദിവസമായിട്ടും നടക്കാവ് കവർച്ചാക്കേസ്സിലെ പ്രതികളെക്കുറിച്ച് പോലീസിന് സൂചനയൊന്നും ലഭിച്ചിട്ടില്ല. വീടിനകത്തെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും, പണവും, അലമാരയുടെ പൂട്ട് തകർക്കാതെയാണ് കവർച്ച ചെയ്തത്. അബ്ദുൾ റഹ്മാന്റെ മകളുടേതാണ് സ്വർണ്ണാഭരണങ്ങൾ. ഭർത്താവിനൊപ്പം വിദേശത്ത് താമസിക്കുന്ന മകൾ നാട്ടിൽ തിരിച്ചെത്തുന്ന സാഹചര്യത്തിലാണ് അബ്ദുൾ റഹ്മാൻ മകളുടെ സ്വർണ്ണം അവരുടെ ഭർത്താവിന്റെ വീട്ടിൽ നിന്നും നടക്കാവിലെ വീട്ടിൽ കൊണ്ടുവെച്ചത്. നടക്കാവ് കവർച്ചയിൽ പൊതുജനങ്ങൾക്കുള്ള സംശയമാണ് പോസ്റ്ററിന്റെ രൂപത്തിൽ പുറത്തുവന്നത്.
കേസ്സന്വേഷണത്തിന്റെ ഭാഗമായി പരിശോധനയ്ക്കെത്തിയ പോലീസ് നായ വീടിന്റെ പരിസരത്ത് മാത്രം ചുറ്റിക്കറങ്ങിയതിൽ നാട്ടുകാർക്ക് സംശയമുണ്ട്. വീടിന്റെ മുകൾ നിലയിലെ വാതിലടക്കാൻ മറന്നുപോയതിനാൽ മോഷ്ടാവ് അതുവഴി വന്നിരിക്കാമെന്നാണ് വീട്ടുടമ പോലീസിനോട് പറഞ്ഞത്.
അതേസമയം അലമാരയുടെ പൂട്ട് തകർക്കാതെ സ്വർണ്ണം മോഷ്ടിച്ചതെങ്ങനെയെന്ന സംശയവും നിലനിൽക്കുന്നുണ്ട്. കവർച്ച നടന്ന വീട്ടിൽ നിന്നും ശേഖരിച്ച വിരലടയാളങ്ങളുടെ പരിശോധനാ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലാത്തതും കേസ്സിന്റെ തുടരന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. ചന്തേര പോലീസ് ഇൻസ്പെക്ടർ പി. നാരായണന്റെ നേതൃത്വത്തിലാണ് കവർച്ചാക്കേസ്സിന്റെ അന്വേഷണം.