അടച്ചിട്ട മനസ്സുകൾ

സപ്തഭാഷാ സംഗമ ഭൂമിയായ കാസർകോടിന്റെ സാംസ്ക്കാരിക സ്വത്വത്തിന്മേൽ കളങ്കം വാരിപ്പൂശുന്നതാണ് പെർള സ്വർഗയിൽ നിന്നും പുറത്തുവരുന്ന  ജാതി വിവേചനത്തിന്റെ നാണം കെട്ട കഥകൾ. സ്വർഗയിലെ ബദിയാറു ജടാധാരി ദേവസ്ഥാനത്തേക്ക് ദളിതർക്ക് പ്രവേശനം നിഷേധിച്ച സംഭവം ജില്ലയ്ക്ക് തന്നെ അപമാനമാണ്. ദളിതരെ ക്ഷേത്രമുറ്റത്തേക്ക്  കടക്കാൻ വിസമ്മതിച്ച ക്ഷേത്രക്കമ്മിറ്റി അമ്പലം തന്നെ അടച്ചുപൂട്ടിയിട്ട് മൂന്ന് വർഷത്തോളമായിരിക്കുകയാണ്.

കീഴാളരെന്ന് കൽപ്പിക്കപ്പെട്ടവർക്ക് ക്ഷേത്രത്തിലെ തെയ്യംകെട്ട് സമയത്ത് എല്ലാവർക്കുമൊപ്പം ഭക്ഷണം കഴിക്കാനുള്ള അനുമതിയോ ക്ഷേത്രഭണ്ഡാരത്തിൽ കാണിക്കയിടാനുള്ള  അനുമതിയോ ഇല്ലെന്നത് കേരളീയ സമൂഹത്തെയാകെ ലജ്ജിപ്പിക്കുന്നതാണ്. മിശ്രഭോജനം നടത്തി ജാതിവ്യവസ്ഥയോട് കേരളം കലഹിച്ചിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും, കാസർകോട് ജില്ലയിൽ ഇപ്പോഴും ജാതിവ്യസ്ഥയുണ്ടെന്നത് ജില്ലയ്ക്ക് തന്നെ അപമാനമാണ്.

ജടാധാരി ക്ഷേത്രത്തിലേക്കുള്ള പതിനെട്ട് പടികൾ ചവിട്ടിക്കയറി ക്ഷേത്രമുറ്റത്തെത്താൻ ദളിതർക്ക് വിലക്ക് കൽപ്പിച്ച ഭരണ സമിതി ശബരിമല ക്ഷേത്രത്തിലെ പതിനെട്ട് പടികളുടെ തത്വം മറന്നവരാണെന്നതിൽ തർക്കമില്ല. നാനാജാതി മതസ്ഥർക്കും ഇരുമുടിക്കെട്ടുമായി കയറാൻ അനുമതിയുള്ള ശബരിമലയിലെ പതിനെട്ടാം പടി അവസാനിക്കുന്നിടത്ത് ഓരോ വിശ്വാസിയെയും സ്വാഗതം ചെയ്യുന്നത് തത്വമസി എന്ന വിശാലമായ സന്ദേശമാണ്.

ഒാരോ മനുഷ്യരിലും ഈശ്വരാംശമുണ്ടെന്നതാണ് തത്വമസി എന്നതിന്റെ സന്ദേശം. അത് നീ തന്നെയാകുന്നുവെന്നതാണ് തത്വമസിയുടെ പൊരുൾ. ജടാധാരി ക്ഷേത്രത്തിന്റെ പടികൾ ദളിതന് മുന്നിൽ കൊട്ടിയടച്ച ക്ഷേത്രഭരണാധികാരികൾ നൽകുന്ന സന്ദേശം അതിൽ നീയില്ല എന്നാണ്. ചാതുർവണ്യത്തിന്റെ അന്ധകാരം ബാധിച്ച തലച്ചോറുമായി ദളിതരെ ആട്ടിപ്പായിക്കുന്ന ക്ഷേത്ര ഭരണാധികാരികൾ ഇരുപത്തൊന്നാം നൂറ്റാണ്ടിന് ശാപം തന്നെയാണ്.

പൊതുവഴിയിൽ നടക്കാനോ, മുട്ടിന് താഴെ മുണ്ടുടുക്കാനോ, മാറ് മറക്കാനോ അവകാശമില്ലാത്ത കാലത്തുനിന്നും ദളിത് സമൂഹത്തെ മുഖ്യധാരയിലെത്തിച്ച നവോത്ഥാന പ്രസ്ഥാനങ്ങളുടെയും നവോത്ഥാന നായകരുടെയും നാടാണ് കേരളം. ശരീരത്തിൽ പറ്റിപ്പിടിച്ച് കിടന്ന ജാതിബോധത്തിന്റെ ചെളി കഴുകിക്കളഞ്ഞാണ് ആധുനിക കേരളം ഇന്നത്തെ നിലയിലെത്തിയത്.

കേരളം ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് മനസ്സിനെ പാകപ്പെടുത്തി മാനസികമായി വളർന്നുകഴിഞ്ഞിട്ടും ജടാധാരി ക്ഷേത്രത്തിന്റെ നടത്തിപ്പുകാർ മാത്രം പതിനാറാം നൂറ്റാണ്ടിലെ ജാതി സങ്കൽപ്പങ്ങളുടെ കുറ്റിയിൽ തളയ്ക്കപ്പെട്ടിരിക്കുന്നുവെന്നത് ലജ്ജാകരമാണ്.

ജടാധാരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് സ്വർഗ്ഗയിലാണെങ്കിലും, സഹജീവിയോടുള്ള സമീപനത്തിൽ ക്ഷേത്ര നടത്തിപ്പുകാർ നരകതുല്യരാണെന്നതിൽ തർക്കമില്ല. അടുത്ത കാലത്താണ് ജില്ലയിൽ തന്നെ ദളിതർക്ക് വഴി നിഷേധിച്ച മറ്റൊരു സംഭവം കൂടിയുണ്ടായത്. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ കക്ഷിയായ സിപിഎമ്മാണ് അന്ന് ദളിതർക്ക്  സഞ്ചരിക്കാൻ റോഡ് നിർമ്മിച്ചത്. ജടാധാരി ക്ഷേത്രത്തിൽ ദളിതർക്ക് പ്രവേശനമനുവദിക്കില്ലെന്ന  ഒറ്റവാശിയിൽ ക്ഷേത്രം അടച്ചിട്ട അധികൃതരുടെയുള്ളിൽ പുഴുത്തു നാറുന്ന ജാതിചിന്തയുണ്ടെന്നതിൽ സംശയമേതുമില്ല.

ക്ഷേത്ര പ്രവേശന വിളംബരമുണ്ടായി എട്ടര പതിറ്റാണ്ടായിട്ടും കേരളത്തിൽ ദളിതർക്ക് പ്രവേശനമില്ലാത്ത അമ്പലങ്ങളുണ്ടെന്നത് ലജ്ജാകരമാണ്. ക്ഷേത്ര പ്രവേശനത്തിനായി ഗുരുവായൂരും വൈക്കത്തും നടന്ന മഹാ സമരങ്ങളുടെ സന്ദേശങ്ങളെയെല്ലാം തലകീഴായി മറിക്കുന്നതാണ് കാസർകോടിന്റെ അതിർത്തി പ്രദേശങ്ങളിൽ നിന്നും പുറത്തുവരുന്ന കഥകൾ.

ഇതര മതസ്ഥർക്ക് പോലും പ്രവേശനമനുവദിക്കുന്ന ക്ഷേത്രങ്ങൾ ജില്ലയിൽ ധാരാളമുണ്ട്. മാപ്പിളത്തെയ്യം കെട്ടിയാടുന്ന നിരവധി ക്ഷേത്രങ്ങളും ജില്ലയിലുണ്ട്. തെയ്യക്കോലത്തിന് പള്ളിക്കകത്ത് പ്രവേശിക്കാൻ അനുമതിയുള്ള ഏക ക്ഷേത്രവും ജില്ലയിലാണ്. ദുഷിച്ച ജാതിബോധത്തിന്റെ ഉത്പന്നമായ ദുരാചാരങ്ങളെ കുഴിവെട്ടി മൂടിയില്ലെങ്കിൽ കേരളം വിവേകാനന്ദൻ പറഞ്ഞ ഭ്രാന്താലയമായി തുടരുക തന്നെ ചെയ്യും.

LatestDaily

Read Previous

കാസർകോടിന് എയിംസ് ഇല്ലെന്ന് മുഖ്യമന്ത്രി

Read Next

മണിചെയിൻ ഇടപാടിൽ ചെറുവത്തൂർ വനിത ദന്തഡോക്ടറുടെ പേരിൽ കേസ്സ്