ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ക്വട്ടേഷൻ ആക്രമണ കേസ്സിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അമ്പലത്തറ മൂന്നാംമൈൽ സ്വദേശി രാജേന്ദ്ര പ്രസാദിനെയാണ് ഹൊസ്ദുർഗ് എസ്ഐ, കെ. പി. സതീഷിന്റെ നേതൃത്വത്തിൽ പോലീസ് അമ്പലത്തറ മൂന്നാം മൈലിൽ കസ്റ്റഡിയിലെടുത്തത്. കാഞ്ഞങ്ങാട് ദുർഗാ ഹൈസ്ക്കൂൾ റോഡിൽ ഗണേഷ് മന്ദിരത്തിന് പിറകു വശത്തുള്ള എച്ച്. ആർ. ദേവദാസിന്റെ 65, വീട്ടിലാണ് ഇന്നലെ ഉച്ച സമയത്ത് ക്വട്ടേഷൻ ആക്രമണമുണ്ടായത്.
പട്ടാപ്പകൽ വീട്ടിൽ കയറി കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ദേവദാസിന്റെ ഭാര്യ ലളിതയുടെ 60, ദേഹത്തുണ്ടായിരുന്ന ആഭരണങ്ങൾ സംഘം ഈരിയെടുത്തു. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളും, നാലംഗ സംഘം കവർന്നു. പിന്നീട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ദേവദാസിന്റെ കാറുമായാണ് സംഘം കടന്നു കളഞ്ഞത്.
കാറിനുള്ളിൽ 20,000 രൂപയുണ്ടായിരുന്നതായി ദേവദാസ് പറഞ്ഞു. വീട്ടിൽ നിന്നും ടിവിയും സംഘം കൊണ്ട് പോയിട്ടുണ്ട്. ദമ്പതികളെ ആക്രമിച്ച ശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു കൊള്ള. 40 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം, ആഭരണവും, കാറുമുൾപ്പെടെ കൊള്ളയടിച്ചു.
പരിക്കേറ്റ ദേവദാസും, ഭാര്യ ലളിതയും ആശുപത്രിയിൽ ചികിത്സയിലാണ്. മകൾ അക്ഷിത പുറത്ത് പോയ സമയത്തായിരുന്നു ആക്രമണവും കൊള്ളയും നടന്നത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട പ്രശ്നത്തെതുടർന്നാണ് ആക്രമണമെന്നാണ് സൂചന.
വിവരമറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ആക്രമികൾ രക്ഷപ്പെട്ടിരുന്നു. പ്രതിയുടെ മൂന്നാം മൈലിലെ വീട്ടിൽ പോലീസെത്തുമ്പോൾ, രാജേന്ദ്രപ്രസാദ് വീട്ടിലുണ്ടായിരുന്നു. ദേവദാസുമായി 50 ലക്ഷത്തിന്റെ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി രാജേന്ദ്രപ്രസാദ് പോലീസിനോട് പറഞ്ഞു.
ലഭിക്കാനുള്ള വൻ തുകയ്ക്ക് വേണ്ടി ആഭരണവും പണവുമടക്കം കടത്തിക്കൊണ്ടു പോയെന്നാണ് കസ്റ്റഡിയിലുള്ള പ്രതി നൽകുന്ന വിവരം.ദേവദാസിന്റെ പരാതിയിൽ രാജേന്ദ്രപ്രസാദ്, മുകേഷ്, കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്തു. ദേവദാസിന്റെ വീട്ടിൽ നിന്നും കൊള്ളയടിച്ച ആഭരണവും കാറും ഒളിവിൽ പോയ മുകേഷിന്റെ പക്കലുണ്ടെന്ന് സൂചന ലഭിച്ചു.
മുകേഷടക്കം ഒളിവിലുള്ള മൂന്ന് പ്രതികൾക്ക് രാജേന്ദ്രപ്രസാദ് ക്വട്ടേഷൻ നൽകിയാണ് കൃത്യം നിർവ്വഹിച്ചതെന്ന് വ്യക്തമായി. മറ്റ് പ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഈർജ്ജിതമാക്കി. ചോദ്യം ചെയ്യൽ പൂർത്തിയാക്കി രാജേന്ദ്രപ്രസാദിനെ ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒന്ന് കോടതിയിൽ ഹാജരാക്കും.