ഫാഷൻ ഗോൾഡ് തട്ടിപ്പ്; രണ്ടാംഘട്ട സമര പ്രഖ്യാപനം നാളെ

കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് വിഷയത്തിൽ പിഡിപി കാസർകോട് ജില്ലാക്കമ്മിറ്റി നടത്തുന്ന രണ്ടാംഘട്ട സമരത്തിന്റെ പ്രഖ്യാപനം നാളെ. നാളെ രാവിലെ 10 മണിക്ക് പിഡിപിയുടെ നേതൃത്വത്തിൽ കാസർകോട്ട് നടക്കുന്ന നിക്ഷേപകരുടെ സംഗമത്തിൽ രണ്ടാംഘട്ട സമര പ്രഖ്യാപനമുണ്ടാകും. തുടർന്ന് നിക്ഷേപത്തട്ടിപ്പിനിരയായവരെ പങ്കെടുപ്പിച്ച് നഗരത്തിൽ അവകാശ സംരക്ഷണ റാലിയും  നടത്തും.

നിക്ഷേപത്തട്ടിപ്പിനിരയായവരെ ജില്ലയിലെ മറ്റ് രാഷ്ട്രീയ കക്ഷികൾ കയ്യൊഴിഞ്ഞതോടെയാണ് ഫാഷൻ ഗോൾഡ് തട്ടിപ്പ് വിഷയത്തിൽ പിഡിപി കാസർകോട് ജില്ലാക്കമ്മിറ്റി ഇടപെട്ടത്. വിഷയം പിഡിപി ഏറ്റെടുത്തതിന് പിന്നാലെയാണ് തിരുവനന്തപുരത്ത് നിയമസഭയ്ക്ക് മുന്നിൽ തട്ടിപ്പിനിരയായവരുടെ പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടത്. ജ്വല്ലറി തട്ടിപ്പ് വിഷയം നിയമസഭയിൽ ചർച്ചാവിഷയമാകുകയും ചെയ്തു. തട്ടിപ്പിനെ ന്യായീകരിച്ച ലീഗ് എംഎൽഏയോട് രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

തട്ടിപ്പിനിരയായവർക്ക് നീതി ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു. ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ മുഖ്യപ്രതിയായ മുൻ എംഎൽഏ, എം. സി. ഖമറുദ്ദീനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ട് ഒരു വർഷം പൂർത്തിയായി. കേസ്സിലെ മറ്റൊരു പ്രതിയായ ടി. കെ. പൂക്കോയ ദീർഘ കാലത്തെ ഒളിവിന് ശേഷം കോടതിയിൽ കീഴടങ്ങുകയും ചെയ്തിരുന്നു. പൂക്കോയയ്ക്കെതിരെ ചന്തേര പോലീസ് റജിസ്റ്റർ ചെയ്ത നൂറ് കേസ്സുകളിൽ കോടതി അദ്ദേഹത്തിന് ജാമ്യമനുവദിച്ചതോടെ ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂക്കോയയും ജയിൽ മോചിതനാകും.

പൂക്കോയ ഇതിനകം 93 ദിവസത്തിലധികം റിമാന്റിൽക്കിടന്നു. രണ്ട് പ്രതികളുടെയും അറസ്റ്റ് നടന്നുവെന്നല്ലാതെ നിക്ഷേപത്തട്ടിപ്പ് കേസ്സിന്റെ അന്വേഷണത്തിൽ വലിയ പുരോഗതിയൊന്നുമുണ്ടായിട്ടില്ല. ടി. കെ. പൂക്കോയയുടെ മകൻ ഇഷാമും പ്രതിപ്പട്ടികയിലുണ്ടെങ്കിലും ഇദ്ദേഹം വിദേശത്തായതിനാൽ അറസ്റ്റ് നടന്നിട്ടില്ല. പ്രതിപ്പട്ടികയിലുള്ള 8 പേരെ അറസ്റ്റ് ചെയ്യുക, ജ്വല്ലറി ഡയറക്ടർമാരെയും, സ്റ്റാഫിനെയും പ്രതിപ്പട്ടികയിലുൾപ്പെടുത്തുക. ബിനാമി സ്വത്തുകൾ കണ്ടുകെട്ടുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് നാളെ പിഡിപിയുടെ നേതൃത്വത്തിൽ ജ്വല്ലറി നിക്ഷേപകർ കാസർകോട്ട്  ഒത്തുചേരുന്നത്. കേസ്സിൽ സിബിഐ അന്വേഷണമാവശ്യപ്പെടുന്ന കാര്യത്തിലും നാളത്തെ സംഗമത്തിൽ ചർച്ച നടക്കും.

കാസർകോട് സഹകരണ ബാങ്ക് ഒാഡിറ്റോറിയത്തിലാണ് രണ്ടാംഘട്ട സമര പ്രഖ്യാപനവും നിക്ഷേപക മഹാസംഗമവും. ലീഗ് നേതാക്കളായ എം. സി. ഖമറുദ്ദീന്റെയും, ടി. െക. പൂക്കോയയുടെയും നേതൃത്വത്തിൽ നടന്ന ആസൂത്രിത കൊള്ളയാണ് ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ്. തട്ടിപ്പ് നടത്തിയ നേതാക്കളെ ലീഗ് സംസ്ഥാന നേതൃത്വം ഇതുവരെ തള്ളിപ്പറയാനോ, പാർട്ടിയിൽ നിന്ന് പുറത്താക്കാനോ തയ്യാറായിട്ടില്ല.

LatestDaily

Read Previous

മകളെ പീഡിപ്പിച്ച പിതാവും സുഹൃത്തും അറസ്റ്റിൽ

Read Next

ഫാഷൻ ഗോൾഡ് തട്ടിപ്പ്; പൂക്കോയയ്ക്ക് ജാമ്യം