ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: സബ്ബ് രജിസ്ട്രാർ ഓഫീസുകളിലെ അഴിമതി തുടച്ചു നീക്കാൻ രജിസ്ട്രേഷൻ വകുപ്പ് പ്രഖ്യാപിച്ച സ്വച്ഛ് ഉജാല പദ്ധതി പ്രകാരം ജില്ലയിലെ മൂന്ന് സബ്ബ് രജിസ്ട്രാർ ഓഫീസുകളിൽ നടന്ന റെയ്ഡിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തി. കാസർകോട്, മഞ്ചേശ്വരം, രാജപുരം സബ് രജിസ്ട്രാർ ഓഫീസുകളിലാണ് ഇന്നലെ വിജിലൻസ് ഡിവൈഎസ്പി, കെ. വി. വേണുഗോപാലിന്റെ നേതൃത്വത്തിൽ റെയ്ഡ് നടന്നത്.
രജിസ്ട്രേഷൻ വകുപ്പിലെ ഉദ്യോഗസ്ഥരും ആധാരമെഴുത്തുകാരും, റിയൽ എസ്റ്റേറ്റ് ഏജന്റുമാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായി സംസ്ഥാനത്തെ സബ്ബ് രജിസ്ട്രാർ ഓഫീസുകളിൽ നടക്കുന്ന ക്രമവിരുദ്ധമായ കാര്യങ്ങളെക്കുറിച്ച് സൂചന ലഭിച്ചതോടെയാണ് രജിസ്ട്രേഷൻ വകുപ്പ് സംസ്ഥാനത്തെ സബ്ബ് രജിസ്ട്രാർ ഓഫീസുകളിൽ പരിശോധനയ്ക്ക് ഉത്തരവിട്ടത്. ആധാരമെഴുത്തുകാരും സബ്ബ് രജിസ്ട്രാർ ഓഫീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളെക്കുറിച്ചുള്ള സൂചനകൾ റെയ്ഡിൽ കണ്ടെത്തിയിട്ടുണ്ട്.
ആധാരമെഴുത്തിന് നിശ്ചയിച്ച ഫീസ് ആധാരമെഴുത്ത് ഓഫീസുകളിൽ പ്രദർശിപ്പിക്കുകയും ഇടപാടുകാർക്ക് ആധാരമെഴുത്ത് കൂലിയുടെ രശീതി കൊടുക്കണമെന്നുമാണ് ചട്ടം. രാജപുരം സബ്ബ് രജിസ്്ട്രാർ ഓഫീസിൽ ഇന്നലെ നടന്ന 19 രജിസ്ട്രേഷനുകളിൽ ഒന്നിൽപ്പോലും ആധാരമെഴുത്ത് ഓഫീസുകളിൽ നിന്നുള്ള ഫീസ് രശീതിയുണ്ടായിരുന്നില്ലെന്ന് വിജിലൻസ് കണ്ടെത്തി. ആധാരമെഴുത്ത് കൂലിയുടെ രശീതി ആധാരത്തോടൊപ്പം സബ്ബ് രജിസ്ട്രാർ ഓഫീസിൽ സമർപ്പിക്കണമെന്നതാണ് ചട്ടം. ആധാരമെഴുതിക്കുന്ന ഇടപാടുകാർക്ക് രശീതി നൽകാത്തതിന് കാരണം കൂടുതൽ പ്രതിഫലം വാങ്ങാനാണെന്ന് സംശയമുണ്ട്.
ഇപ്രകാരം പിരിച്ചെടുക്കുന്ന അധിക പ്രതിഫലം സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് വീതം വെക്കുന്നതായും സംശയമുണ്ട്. വീടുകളുടെ മതിപ്പ് വില കുറച്ച് കാണിച്ച് രജിസ്ട്രേഷൻ നടത്തുന്നത് മൂലം സർക്കാരിന് രജിസ്ട്രേഷൻ ഇനത്തിൽ ലഭിക്കേണ്ട കൃത്യമായ തുക ലഭിക്കുന്നില്ലെന്നും വിജിലൻസ് കണ്ടെത്തി. റെയ്ഡിൽ കണ്ടെത്തിയ വിവരങ്ങളനുസരിച്ച് തയ്യാറാക്കിയ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറുമെന്ന് കാസർകോട് വിജിലൻസ് ഡിവൈഎസ്പി, കെ. വി. വേണുഗോപാൽ അറിയിച്ചു. ഇന്നലെ നടന്ന റെയ്ഡിൽ വിജിലൻസ് ഇൻസ്പെക്ടർ സിബിതോമസ്, കെ. എസ്. ഗോപകുമാർ എന്നിവരും ഉണ്ടായിരുന്നു. സബ്ബ് രജിസ്ട്രാർ ഓഫീസുകൾ കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതിക്കെതിരെ വരുംദിവസങ്ങളിലും കൂടുതൽ പരിശോധനകളുണ്ടാകാനാണ് സാധ്യത.