തൃക്കരിപ്പൂർ കവർച്ചക്കേസ്സിൽ പ്രതികൾ വലയ്ക്ക് പുറത്ത്

തൃക്കരിപ്പൂർ : നടക്കാവിലെ വീട്ടിൽ നിന്ന് 35 പവൻ സ്വർണ്ണാഭരണങ്ങളും,  14,000 രൂപയും കവർച്ച ചെയ്യപ്പെട്ട സംഭവത്തിൽ അന്വേഷണം നിർണ്ണായക ഘട്ടത്തിൽ. രണ്ട് ദിവസം മുമ്പാണ് നടക്കാവിലെ എം. ടി. പി. അബ്ദുൾ റഹ്മാന്റെ വീട്ടിൽ നിന്നും സ്വർണ്ണവും പണവും കാണാതായത്. വിദേശത്തുള്ള മകൾ നാട്ടിൽ വരുന്ന സാഹചര്യത്തിലാണ് അബ്ദുൾ റഹ്മാൻ തൃക്കരിപ്പൂർ ഹൈസ്ക്കൂളിന് സമീപമുള്ള മകളുടെ ഭർത്താവിന്റെ വീട്ടിൽ നിന്നും മകളുടെ സ്വർണ്ണം നടക്കാവിലെ വീട്ടിൽ കൊണ്ടുവന്നത്.

ഇതിന്റെ പിറ്റേ ദിവസം തന്നെയാണ് സ്വർണ്ണാഭരണങ്ങൾ കാണാതായത്. കേസ്സന്വേഷണത്തിന്റെ  പ്രാരംഭഘട്ടത്തിൽ അബ്ദുൾ റഹിമാന്റെ പരസ്പര വിരുദ്ധമായ മൊഴികൾ പോലീസിനെ വട്ടം കറക്കിയിരുന്നു. അബ്ദുൾ റഹ്മാനും ഭാര്യയും മാത്രമാണ് വീട്ടിൽ താമസം. ഇദ്ദേഹത്തിന്റെ മകളും മകനും വിദേശത്താണ്.

ഒരു മകൻ കാസർകോട്ടാണ് താമസം. അന്വേഷണത്തിൽ സ്വർണ്ണം സൂക്ഷിച്ച ഷെൽഫിന്റെ പൂട്ട് തകർക്കാതെയാണ് ആഭരണങ്ങൾ  മോഷ്ടിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. അലമാരയിൽ നിന്നും ലഭിച്ച വിരലടയാളങ്ങൾ വിരലടയാള വിദഗ്ദർ പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഫലം ലഭിക്കുന്നതോടെ മോഷ്ടാക്കളെക്കുറിച്ച് സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

കേസ്സന്വേഷണത്തിന്റെ ഭാഗമായി കാസർകോട് നിന്നെത്തിയ പോലീസ് നായ വീട്ടിന് ചുറ്റും മാത്രം കറങ്ങി നടന്നതിലും പോലീസിന് സംശയമുണ്ട്. വീടിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്കിറങ്ങാനുള്ള വാതിൽ അടച്ചിരുന്നില്ലെന്നാണ് പരാതിക്കാരൻ പോലീസിന് മൊഴി നൽകിയത്. ചന്തേര പോലീസ് ഇൻസ്പെക്ടർ പി. നാരായണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ്സന്വേഷിക്കുന്നത്.

LatestDaily

Read Previous

കാഞ്ഞങ്ങാട്ട് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ഒരുങ്ങുന്നു

Read Next

കോടതിയിൽ വിനയാന്വിതരായി മാവോ നേതാക്കൾ, കുറ്റം ചുമത്തിയത് ഭക്ഷണം ചോദിക്കാൻ തോക്ക് ചൂണ്ടിയതിന്