ആഢംബര ബൈക്കിൽ കവർച്ച; കാഞ്ഞങ്ങാട് സ്വദേശി പയ്യന്നൂരിൽ പിടിയിൽ

കാഞ്ഞങ്ങാട്: ലക്ഷങ്ങൾ വിലയുള്ള ആഡംബര മോട്ടോർ ബൈക്കിൽ സഞ്ചരിച്ച് കവർച്ച നടത്തിയ യുവാവിനെ ഹൊസ്ദുർഗ് പോലീസിന്റെ സഹായത്തോടെ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.

കാഞ്ഞങ്ങാട്ട് ഗാർഡർ വളപ്പിലെ ആസിഫിനെയാണ് 21, കഴിഞ്ഞ ദിവസം  ആഢംബര ബൈക്കിൽ കവർച്ച നടത്തി രക്ഷപ്പെടുന്നതിനിടെ പോലീസ് പിന്തുടർന്ന് അറസ്റ്റ് ചെയ്തത്. സിനിമാ തിരക്കഥ പോലെയായിരുന്നു പ്രതിയുടെ അറസ്റ്റ്. പയ്യന്നൂർ കേളോത്ത് ത്രിവേണി ക്വാർട്ടേഴ്സിൽ അതിക്രമിച്ചു കയറി കൊൽക്കട്ട സ്വദേശി അബ്ദുൾ ഹുസൈന്റെ ബാഗിൽ നിന്നും 15,000 രൂപയടങ്ങിയ പേഴ്സ് മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെ പ്രതി അതിഥി തൊഴിലാളിയുടെ മുന്നിൽപ്പെട്ടു.

തൊഴിലാളിയെ തള്ളിമാറ്റി ബൈക്കിൽ കയറി രക്ഷപ്പെട്ട പ്രതിയെ പയ്യന്നൂർ പ്രിൻസിപ്പൽ എസ്ഐ, വിജേഷ്, അഡീഷണൽ എസ്ഐ, കെ. ദിലീപിന്റെയും നേതൃത്വത്തിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതി കാഞ്ഞങ്ങാട് ഭാഗത്തേക്ക് സഞ്ചരിക്കുന്നതറിഞ്ഞ പോലീസ് പിന്നാലെ കുതിച്ചു. പ്രതി സഞ്ചരിക്കുന്ന ബൈക്കിനെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചു.

4 ലക്ഷം രൂപ വിലയുള്ള ആഢംബര ബൈക്ക് ഡ്യൂക്കിലാണ് യുവാവിന്റെ യുടെ സഞ്ചാരമെന്ന് കണ്ടെത്തിയ പോലീസ് പ്രസ്തുത മോട്ടോർ ബൈക്കിൽ ജിപിഎസ് ഘടിപ്പിച്ചിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞു. ജിപിഎസ് വഴി സൈബർ സെൽ  യുവാവിനെ നിരീക്ഷിക്കുകയും, സൈബർ സെൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ആസിഫിനെ കാഞ്ഞങ്ങാട് കടപ്പുറത്ത് നിന്നും പിടികൂടുകയായിരുന്നു.

ഹൊസ്ദുർഗ് എസ്ഐ, വി. മാധവൻ, പോലീസുദ്യോഗസ്ഥരായ  പ്രബീഷ്, കമൽ, ഗിരീഷ്, പ്രശാന്ത് എന്നിവരുടെ സഹായത്തോടെയാണ് പയ്യന്നൂർ പോലീസ് പ്രതിയെ കുടുക്കിയത്. യുവാവിനെ പയ്യന്നൂർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആഢംബര ബൈക്ക് ഹൊസ്ദുർഗ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രസ്തുത ബൈക്ക് യുവാവിന്റെതാണോ, മോഷ്ടിച്ചതാണോയെന്നറിയുന്നതിന് അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.

LatestDaily

Read Previous

കാഞ്ഞങ്ങാട്ട് ട്രാഫിക് കുരുക്ക് മുറുകി

Read Next

കാഞ്ഞങ്ങാട്ട് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ഒരുങ്ങുന്നു