ഭൂട്ടാന്റെ പേരിൽ നമ്പറെഴുത്ത് ലോട്ടറി

കാഞ്ഞങ്ങാട്: കേരള ഭാഗ്യക്കുറിക്ക് സമാന്തരമായി നടക്കുന്ന നമ്പറെഴുത്ത് ലോട്ടറി ചൂതാട്ടത്തിന്റെ എണ്ണം വർധിച്ചു. കേരള ലോട്ടറി ടിക്കറ്റിലെ സമ്മാനാർഹമായ നമ്പറുകളുടെ അവസാന നാലക്കമെഴുതി നടത്തുന്ന നമ്പറെഴുത്ത് ലോട്ടറിക്ക് പുറമെ ഭൂട്ടാൻ എന്ന പേരിൽ മറ്റൊരു സമാന്തര ലോട്ടറിയും ജില്ലയിൽ സജീവമായി.

ഭൂട്ടാൻ ലോട്ടറിയെന്ന പേരിൽ നടക്കുന്ന സമാന്തര നമ്പറെഴുത്ത് ലോട്ടറി ചൂതാട്ടം കാഞ്ഞങ്ങാട്ടും പരിസരപ്രദേശങ്ങളിലും സജീവമായിട്ടുണ്ട്. കടലാസ് തുണ്ടുകളിൽ മൂന്നക്ക നമ്പറുകളെഴുതി നടത്തുന്ന സമാന്തര ഭൂട്ടാൻ  കടലാസ് ലോട്ടറിക്ക് ഒരെണ്ണത്തിന് പത്തു രൂപയാണ് വില.

അതിരാവിലെ മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് നമ്പറെഴുത്ത് ലോട്ടറി നടക്കുന്നത്. ഉച്ചയോടെ ഇടനിലക്കാരുടെ മൊബൈലുകളിൽ ഫലം വരും. കടലാസിലെഴുതുന്ന ഒരു നമ്പറിന് 10 രൂപ ഏജന്റിന് കൊടുക്കണം. 5,000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 500 രൂപയും, മൂന്നാം സമ്മാനമായി 100 രൂപയും ലഭിക്കും.

ഒരാൾക്ക് എത്ര നമ്പർ വേണമെങ്കിലും എഴുതിക്കൊടുക്കാം. അജ്ഞാത കേന്ദ്രങ്ങളിലാണ് ഇതിന്റെ നറുക്കെടുപ്പ്. നറുക്കെടുപ്പ് കഴിഞ്ഞാലുടൻ ഫലം ഏജന്റുമാരുടെ മൊബൈൽ ഫോണുകളിലേക്ക് അയച്ചുകൊടുക്കും. സമ്മാനത്തുക സമ്മാനാർഹർക്ക് ഒാൺലൈനിലൂടെ അയച്ചു കൊടുക്കുന്നതാണ് രീതി.

നമ്പറെഴുത്ത് ഏജന്റുമാർക്ക് 10 രൂപയുടെ ഒരു കടലാസ് തുണ്ടിന് ഒരു രൂപയാണ് കമ്മീഷൻ. കാഞ്ഞങ്ങാടും പരിസരപ്രദേശങ്ങളിലും, അലാമിപ്പള്ളിയിലും, കൊവ്വൽപ്പള്ളിയിലും നിരവധി പേർ ഭൂട്ടാൻ നമ്പറെഴുത്ത് ലോട്ടറിയുടെ ഇടപാടുകാരാണ്. ഭാഗ്യപരീക്ഷണത്തിന് ഒരുമ്പെട്ടിറങ്ങുന്ന പലരും നൂറ് രൂപ മുതൽ 5,000 രൂപയുടെ വരെ നമ്പർ ലോട്ടറികൾ എടുക്കാറുണ്ട്.

ഭാഗ്യക്കുറി നിഷിദ്ധമായി കരുതുന്ന പലരും രഹസ്യമായി നമ്പറെഴുത്ത് ലോട്ടറിയിൽ ഇടപാട് നടത്തുന്നുണ്ട്. കിട്ടുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും കടലാസ് ലോട്ടറികളിൽ ഭാഗ്യം പരീക്ഷിക്കുന്നത് മൂലം പലരുടെയും കുടുംബജീവിതം താളം തെറ്റിയിട്ടുണ്ട്. കേരള ഭാഗ്യക്കുറിയെ നശിപ്പിക്കാൻ ആസൂത്രിതമായി നടക്കുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഭൂട്ടാൻ നമ്പറെഴുത്ത് ലോട്ടറി ഉദയം കൊണ്ടതെന്ന് സംശയമുണ്ട്. ലോട്ടറി വിൽപ്പനക്കാരുടെ ജീവിതമാർഗ്ഗമാണ് കേരള ഭാഗ്യക്കുറി. സമാന്തര നമ്പറെഴുത്ത് ലോട്ടറികളുടെ എണ്ണം വർധിച്ചതോടെ ഭാഗ്യക്കുറി വ്യവസായം തകർച്ചാ ഭീഷണിയിലാണ്.

Read Previous

നോട്ടു നിരോധനത്തിന്റെ അഞ്ചാം വർഷം

Read Next

അപകീർത്തികരമല്ലാത്ത വാർത്തകളിൽ അപകീർത്തി ആരോപിച്ച് പി. ബേബിയുടെ വക്കീൽ നോട്ടീസ്