നി​ർ​മാ​ണ​ത്തി​ലി​രു​ന്ന ടാ​ങ്കി​ല്‍ വീ​ണ് നാ​ലു​വ​യ​സു​കാ​രി മ​രി​ച്ചു

പയ്യന്നൂര്‍:  നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സെപ്റ്റിക് ടാങ്കില്‍ വീണ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരണപ്പെട്ടു.  പയ്യന്നൂര്‍ കൊറ്റിയിലെ കക്കറക്കല്‍ ഷമല്‍-അമൃത ദമ്പതികളുടെ ഏകമകള്‍ സാന്‍വിയയാണ് 4, മരണപ്പെട്ടത്. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് കുട്ടി ടാങ്കിൽ വീണത്. കൊറ്റി യു.ടി.എം ക്വാർട്ടേർസിന് സമീപം നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ വീടിനോട് ചേർന്നുള്ള സെപ്റ്റിക്ടാങ്കിലാണ് വീണ് പരിക്കേറ്റ നിലയിൽ സാന്‍വിയയെ ബന്ധുക്കൾ കണ്ടെത്തിയത്.

സംഭവസ്ഥലത്ത് ബോധരഹിതയായി വീണു മാതാവിനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. ഉദ്യോഗസ്ഥനായ പിതാവ് വിവരമറിഞ്ഞ് ജോലി സ്ഥലത്ത് നിന്നും നാട്ടിലെത്തിയിട്ടുണ്ട്. വീടിന് സമീപത്തെ മതില്‍ പൊളിച്ച് നീക്കിയിരുന്നതിലൂടെയാണ് കുട്ടി  ടാങ്കിനരികിലേക്ക് മറ്റാരുടെയും ശ്രദ്ധയില്‍പ്പെടാതെ നടന്നു പോയതെന്നാണ് പ്രാഥമിക നിഗമനം. ടാങ്കില്‍ നിറയെ വെള്ളമുണ്ടായിരുന്നു.

നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന അവസ്ഥയിലായതിനാല്‍ ടാങ്കിന് മുകളില്‍ സ്ലാബിട്ടിരുന്നില്ല. കുട്ടിയെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് ടാങ്കില്‍ വീണു കിടക്കുന്നത് കണ്ടത്.  ഉടന്‍ പരിയാരത്തെ കണ്ണൂർ ഗവണ്‍മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സക്കിടെ ഇന്ന് പുലർച്ചെ 12.45 ഓടെ അന്ത്യം സംഭവിച്ചു

Read Previous

കോട്ടച്ചേരി മേൽപ്പാല കരാറുകാർക്കെതിരെ ലേബർ ഓഫീസർക്ക് പരാതി

Read Next

കോർപ്പറേഷൻ ബോർഡ് വീതം വെക്കലിൽ ഐഎൻ എല്ലിന് തിരിച്ചടി