ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായ ചീമേനി വില്ലേജാഫീസിലെ ഉദ്യോഗസ്ഥരെ തലശ്ശേരി വിജിലൻസ് കോടതി റിമാന്റ് ചെയ്തു. കൈവശഭൂമിക്ക് പട്ടയം ലഭിക്കാൻ അപേക്ഷ നൽകിയ ചീമേനി പെരിങ്ങാര മന്ദച്ചംവയലിലെ നിഷയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് കാസർകോട് വിജിലൻസ് ഡിവൈഎസ്പി, കെ. വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം ഉദ്യോഗസ്ഥരെ കൈയ്യോടെ പിടികൂടിയത്.
ചീമേനി വില്ലേജ് ഓഫീസർ കരിവെള്ളൂർ തെരുവിലെ എ. വി. സന്തോഷ് 47, വില്ലേജ് അസിസ്റ്റന്റ് പയ്യന്നൂർ തവിടിശ്ശേരിയിലെ കെ, സി. മഹേഷ് എന്നിവരെയാണ് വിജിലൻസ് ഇന്നലെ കൈക്കൂലിപ്പണവുമായി പിടികൂടിയത്. പട്ടയം ലഭിക്കാൻ ഒന്നര ലക്ഷം രൂപയാണ് ഉദ്യോഗസ്ഥർ കൈക്കൂലിയാവശ്യപ്പെട്ടത്. ഉദ്യോഗസ്ഥരാവശ്യപ്പെട്ട തുക നൽകാൻ നിർധനയായ യുവതിക്ക് ബുദ്ധിമുട്ടായിരുന്നു. വി. പേശലിനൊടുവിൽ 50,000 രൂപയ്ക്കാണ് ഉദ്യോഗസ്ഥർ കച്ചവടമുറപ്പിച്ചത്.
വില്ലേജ് ഉദ്യോഗസ്ഥർ കൈക്കൂലിയാവശ്യപ്പെട്ട വിവരം നിഷ നവംബർ 3-ന് വിജിലൻസിനെ അറിയിച്ചു. കഴിഞ്ഞ ദിവസം കെട്ടുതാലി പണയപ്പെടുത്തിയ 10,000 രൂപയുമായി നിഷ വില്ലേജ് ഓഫീസിലെത്തി പണം കൈമാറിയതിന് പിന്നാലെ തന്നെ വിജിലൻസും ഓഫീസിലെത്തി. മേശപ്പുറത്ത് നിന്നും കൈക്കൂലിപ്പണം വിജിലൻസ് കണ്ടെടുത്തു.
ചീമേനി വില്ലേജ് ഓഫീസിലെ കൈക്കൂലിയെക്കുറിച്ച് വിജിലൻസിന് നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. പരാതിക്കാരില്ലാത്തതാണ് നടപടി വൈകാൻ കാരണമായത്. കൈക്കൂലിപ്പണവുമായി പിടിയിലായ ഉദ്യോഗസ്ഥരെ ഇന്ന് പുലർച്ചെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കി. ഇരുവരെയും കോടതി റിമാന്റിൽ വെക്കാനുത്തരവിടുകയായിരുന്നു. ചീമേനി വില്ലേജാഫീസിൽ വിവിധ അപേക്ഷകളിൽ തീർപ്പ് ലഭിക്കണമെങ്കിൽ കൈക്കൂലി നൽകണമെന്ന അവസ്ഥയാണുള്ളത്.
നടപടിയെടുത്ത ഫയലുകളിൽ ക്രമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടോയെന്ന് വിജിലൻസ് പരിശോധിക്കും. കൈക്കൂലികൊടുത്താൽ ക്രമവിരുദ്ധമായി കാര്യങ്ങൾ ചെയ്തു കൊടുക്കുന്നവരാണ് ചീമേനി വില്ലേജാഫീസിലെ ഉദ്യോഗസ്ഥരെന്ന് വിജിലൻസിന് സൂചന ലഭിച്ചിട്ടുണ്ട്. പരാതിക്കാരി മന്ദച്ചംവയൽ നിഷയുടെ പിതാവിന്റെ പേരിലുള്ള അര ഏക്കർ ഭൂമിക്ക് പട്ടയം ലഭിക്കാനാണ് ചീമേനി വില്ലേജ് ഓഫീസർ കെ. വി. സന്തോഷും, വില്ലേജ് അസിസ്റ്റന്റ് കെ. സി. മഹേഷും ഒന്നരലക്ഷം രൂപ കൈക്കൂലി ചോദിച്ചത്. നിർധനരായ സ്ത്രീയുടെ ഭർത്താവ് കൂലിപ്പണിക്കാരനാണ്. വില്ലേജ് ഉദ്യോഗസ്ഥർ ഇവരെ പല തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
ഫോൺ വിളികളെല്ലാം കൈക്കൂലിപ്പണത്തെക്കുറിച്ച് സംസാരിക്കാനായിരുന്നു. ചീമേനി വില്ലേജ് ഓഫീസിലെ രേഖകൾ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വിജിലൻസ് ഡിവൈഎസ്പി, കെ. വി. വേണുഗോപാൽ പറഞ്ഞു. ചീമേനി വില്ലേജ് ഓഫീസ് പ്രവർത്തനം കുത്തഴിഞ്ഞ നിലയിലായിട്ട് വർഷങ്ങളേറെയായി. ഇവിടെ ജോലിയുണ്ടായിരുന്ന മുൻ ഉദ്യോഗസ്ഥൻ സ്വന്തം ഭാര്യയുടെ പേരിൽ റവന്യൂഭൂമി സ്വന്തമാക്കിയ വിവരവും പുറത്തു വന്നിട്ടുണ്ട്.