സ്റ്റീൽബോംബ് പ്രതികൾ ഹാജി റോഡിൽ ആരെയാണ് കണ്ടത്-?

കാഞ്ഞങ്ങാട്: ലേറ്റസ്റ്റ് പത്രാധിപരുടെ വീടിന് അർധരാത്രി സ്റ്റീൽ ബോംബെറിഞ്ഞ രണ്ടംഗ സംഘം, രാത്രിയിൽ ബോംബുമായി ബൈക്കിൽ വരുന്ന വഴി ആറങ്ങാടി ഹാജി റോഡിൽ ആരെയാണ് കണ്ട് സംസാരിച്ചത്.

ജില്ലാ ആശുപത്രി ഭാഗത്ത് നിന്ന് ആഗസ്ത് 27-ന് രാത്രി സ്റ്റീൽ ബോംബുമായി ബൈക്കിൽ പുറപ്പെട്ട പ്രതികൾ കൂളിയങ്കാലിൽ നിന്ന് ദേശീയ പാതയിലൂടെ നേരിട്ട് ആറങ്ങാടി ജംഗ്ഷനിൽ എത്തുന്നതിന് പകരം, കൂളിയങ്കാൽ പള്ളി ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് ലക്ഷ്മിനഗർ റോഡിൽ 100 മീറ്റർ സഞ്ചരിച്ച ശേഷം, തെക്കോട്ടുള്ള ഹാജിറോഡിൽ കയറിയാണ് ആറങ്ങാടി ജംഗ്ഷനിലെത്തിയത്. പ്രതികൾ ബോംബുമായി വരുമ്പോൾ,  ഹാജി റോഡിൽ കാത്തുനിന്ന ആരെങ്കിലും 3 മിനുറ്റുകൾ സംസാരിച്ചതായി സാഹചര്യം തുറന്നു  കാട്ടുന്നു.

ഒന്ന്: നേരായ ദേശീയപാതറോഡുണ്ടായിട്ടും, ഈ റോഡിലൂടെ നേരിട്ട് എളുപ്പത്തിൽ മറ്റ് തടസ്സങ്ങളൊന്നുമില്ലാതെ  ആറങ്ങാടി നാലുറോഡ് ജംഗ്ഷനിലെത്തിച്ചേരാനും, അതുവഴി ജിന്ന് ഹൗസ് റോഡിലൂടെ മാതോത്ത് ക്ഷേത്ര റോഡിലേക്കും അവിടുന്ന് വടക്കോട്ട് ഇടുങ്ങിയ ടാർ റോഡിലൂടെ പത്രാധിപരുടെ വീടിനടുത്തുള്ള റോഡിലെത്താൻ എളുപ്പത്തിലുള്ള റോഡുണ്ടായിട്ടും, പ്രതികൾ എന്തിന് ഹാജിറോഡിൽക്കയറി മൂന്ന് മിനുറ്റ് തങ്ങിയെന്നത് നിർണ്ണായകമാണ്. പത്രാധിപരുടെ വീടിന് സ്റ്റീൽ ബോംബെറിയാൻ മാത്രം കടുത്ത ശത്രുതയുള്ള ആരെങ്കിലും ഹാജി റോഡിൽ താമസിക്കുന്നുണ്ടോ എന്ന് അന്വേഷണസംഘം  പരിശോധിച്ചുവരികയാണ്.

ഇവരിലാരെങ്കിലും പ്രതികളെ വിളിച്ചിട്ടാണോ, ഇവർ ഹാജിറോഡിൽക്കയറി മൂന്ന് മിനുറ്റ് തങ്ങിയതെന്നും പരിശോധിച്ചുവരികയാണ്. ബോംബെറിഞ്ഞിട്ട്  ഒക്ടോബർ 27-ന് രണ്ടുമാസം പൂർത്തിയായപ്പോൾ 80 ശതമാനം അന്വേഷണവും പൂർത്തിയായിട്ടുണ്ട്.

ബോബെറിഞ്ഞ പ്രതികളുടെ ദൃശ്യവും, ബോംബെറിയുന്നതിന് മുമ്പ്  പ്രതികളൊരാൾ  പകൽ സമയം രാവിലെ 9-05 മണിക്ക് പത്രാധിപരുടെ വീട് നിരീക്ഷിച്ചുപോയ ദൃശ്യങ്ങൾ ലഭിച്ചതുതന്നെ അന്വേഷണത്തിലുള്ള വലിയ പുരോഗതിയാണ്. അറുപതോളം സിസിടിവി ദൃശ്യങ്ങൾ പല ഭാഗങ്ങളിൽ നിന്നുമായി അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

LatestDaily

Read Previous

സ്റ്റീൽ ബോംബ് പ്രതികൾ ഹാജി റോഡിലൂടെ എന്തിന് വന്നു-?

Read Next

നൗഫൽ കടത്തിയത് 112 കിലോ കഞ്ചാവ്