കണ്ണുചിമ്മിയ തെരുവ് വിളക്കുകൾ നഗരസഭ സിക്രട്ടറി നിയമ സേവന കമ്മിറ്റിക്ക് നൽകിയ ഉറപ്പും ലംഘിച്ചു

കാഞ്ഞങ്ങാട്: നീണ്ട എട്ടു മാസക്കാലമായി കാഞ്ഞങ്ങാട് നഗരത്തിൽ കണ്ണു ചിമ്മി  ഉറങ്ങുന്ന തെരുവു വിളക്കുകൾ 2021 സെപ്റ്റംബർ 30– ന് മുമ്പ് പ്രകാശിപ്പിക്കാമെന്ന നഗരസഭ സിക്രട്ടറി ഇൻചാർജ്ജിന്റെ ഉറപ്പും ലംഘിക്കപ്പെട്ടു.

കാഞ്ഞങ്ങാട് നഗരസഭ സിക്രട്ടറിയുടെ ചുമതലയിലുള്ള സിക്രട്ടറിയും,  നഗരസഭ അസിസ്റ്റൻഡ് എഞ്ചിനീയറുമായ റോയ് മാത്യു ഹൊസ്ദുർഗ് ലീഗൽ സർവ്വീസ് കമ്മിറ്റിക്ക് നൽകിയ ഉറപ്പാണ് ലംഘിക്കപ്പെട്ടത്. പോക്സോ കോടതി സ്പെഷ്യൽ ജഡ്ജ് ചെയർമാൻ പദവി വഹിക്കുന്ന താലൂക്ക് നിയമസേവന കമ്മിറ്റിക്കാണ് കാഞ്ഞങ്ങാട് നഗരത്തിലേയും, നഗരപരിധിയിലുള്ള 43 വാർഡുകളിലും കണ്ണടച്ചു കിടക്കുന്ന മുഴുവൻ തെരുവു വിളക്കുകളും 2021 സെപ്റ്റംബർ 30 നകം പ്രകാശിപ്പിക്കുന്നതാണെന്ന് രേഖാമൂലം ഉറപ്പുനൽകിയത്.

സെപ്റ്റംബർ 30 കഴിഞ്ഞ് ഒക്ടോബർ 16 ആയിട്ടും നഗരസഭ സിക്രട്ടറി ഇൻചാർജ്  താലൂക്ക് ലീഗൽ സർവ്വീസ് അതോറിറ്റിക്ക് നൽകിയ ഉറപ്പ് പാലിച്ചില്ല. തെരുവു വിളക്കുകളുടെ അറ്റകുറ്റപ്പണി പ്രവൃത്തി അനർട്ടിനെ ഏൽപ്പിക്കുന്നതിന് സാധ്യതാ പഠനം നടന്നു വരുന്നതായി കെഎസ്ടിപി അധികൃതർ നഗരസഭയെ അറിയിച്ചിട്ടുണ്ടെന്ന വിവരവും, മുൻസിപ്പൽ എഞ്ചിനീയർ നിയമസേവന അതോറിറ്റി ചെയർമാനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

കാഞ്ഞങ്ങാട് നഗരത്തിലെ തെരുവു വിളക്കുകൾ കത്തിക്കാത്ത നഗര ഭരണ കർത്താക്കളുടെ കടുത്ത ജനവഞ്ചന ചൂണ്ടിക്കാട്ടി ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്ത് താലൂക്ക് നിയമ സേവന സമിതി ചെയർമാൻ സ്പെഷ്യൽ ജഡ്ജിന് നൽകിയ പരാതിക്കുള്ള മറുപടിയിലാണ് തെരുവു വിളക്കുകൾ സെപ്റ്റംബർ 30 നകം അറ്റകുറ്റപ്പണി പൂർത്തീകരിക്കുന്നതാണെന്ന് സിക്രട്ടറി ഇൻചാർജ്ജ് റോയ് മാത്യു  നിയമ സേവന അതോറിറ്റിയെ ബോധ്യപ്പെടുത്തിയത്.

ഉറപ്പു നൽകിയ നിശ്ചിത സമയം അവസാനിച്ചിട്ടും സിക്രട്ടറി ഇൻചാർജിന്റെ ഉറപ്പ് പാലിക്കപ്പെടാത്ത സാഹചര്യത്തിൽ നഗരസഭ സിക്രട്ടറിക്ക് നിയമ സേവന അതോറിറ്റി വീണ്ടും  നോട്ടീസ്സയക്കും.

LatestDaily

Read Previous

അന്തർ സംസ്ഥാന കവർച്ചാ സംഘം കവർച്ചാവാഹനവുമായി കാഞ്ഞങ്ങാട്ട് അറസ്റ്റിൽ

Read Next

സ്റ്റീൽ ബോംബ് പ്രതികൾ ഹാജി റോഡിലൂടെ എന്തിന് വന്നു-?