ജിമ്മിലേക്ക് പുറപ്പെട്ട് കാണാതായ യുവാവ് കാമുകിയോടൊപ്പം എറണാകുളത്ത്

കാഞ്ഞങ്ങാട്:  ജിമ്മിലേക്ക് പുറപ്പെട്ട ശേഷം കാണാതായ രാവണേശ്വരം സ്വദേശിയായ യുവാവ് മാതമംഗലം കക്കറ സ്വദേശിനിയായ യുവതിയോടൊപ്പമുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചു. രാവണീശ്വരത്തെ നാരായണൻ – ഉഷ ദമ്പതികളുടെ മകനും  കാഞ്ഞങ്ങാട്ടെ സൂപ്പർമാർക്കറ്റ് ജീവനക്കാരനുമായ പ്രണവിനെയാണ് 19, നവംബർ 1-ന് രാവിലെ 6-30 മുതൽ കാണാതായത്.

ജിമ്മിലേക്കെന്ന് പറഞ്ഞാണ് യുവാവ് രാവിലെ വീട്ടിൽ നിന്നും പുറപ്പെട്ടത്. മകൾ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാവ് ഉഷ ഹൊസ്ദുർഗ്ഗ് പോലീസിൽ പരാതിപ്പെട്ടിരുന്നു. ഇതേ ദിവസം തന്നെയാണ് കാഞ്ഞങ്ങാട്ടെ സൂപ്പർമാർക്കറ്റിൽ പ്രണവിനൊപ്പം ജോലി ചെയ്യുന്ന മാതമംഗലം കക്കറ സ്വദേശിനിയായ ഇരുപത്തിമൂന്നുകാരിയെയും കാണാതായത്.

യുവതിയെ കാണാത്തതിനെ തുടർന്ന് മാതാവ് പെരിങ്ങോം പോലീസിൽ പരാതി  നൽകിയിരുന്നു. രണ്ട് പരാതികളിലുമായി നടന്ന അന്വേഷണത്തിലാണ് ഇരുവരും എറണാകുളത്തുള്ളതായി പോലീസിന് സൂചന ലഭിച്ചത്. ജിമ്മിലേക്കെന്ന വ്യാജേന വീട്ടിൽ നിന്നും പുറപ്പെട്ട പ്രണവ് ബൈക്കിൽ പയ്യന്നൂരിലെത്തുകയും വാഹനം പയ്യന്നൂരിലുപേക്ഷിച്ച് കാമുകിയോടൊപ്പം ട്രെയിൻ മാർഗ്ഗം എറണാകുളത്തേക്ക് പോവുകയുമായിരുന്നു.

ഇരുവരും തമ്മിലുള്ള പ്രണയബന്ധം വീട്ടുകാർ അറിഞ്ഞിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതാണ് ഇരുവരും വീട് വിടാൻ കാരണമെന്ന് സംശയിക്കുന്നു. 

Read Previous

പീഡനത്തിനിരയായ മടിക്കൈ പെൺകുട്ടിക്ക് ഭീഷണി

Read Next

അന്തർ സംസ്ഥാന കവർച്ചാ സംഘം കവർച്ചാവാഹനവുമായി കാഞ്ഞങ്ങാട്ട് അറസ്റ്റിൽ