നീലേശ്വരത്തിന്റെ മുഖഛായ മാറും; രാജാറോഡ് സ്ഥലം ഏറ്റെടുക്കൽ നടപടിയാരംഭിച്ചു

1300 മീറ്റർ റോഡ് വികസനം;  കച്ചേരിക്കടവ് പാലം നിർമ്മാണത്തിനും 40 കോടിയുടെ പദ്ധതി

നീലേശ്വരം: നീലേശ്വരം പട്ടണത്തിന്റെ മുഖഛായ മാറുന്ന രാജാറോഡ് വികസനത്തിനുള്ള സ്ഥലമേറ്റെടുക്കൽ നടപടികളാരംഭിച്ചു. റോഡ് വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിനായി ഏഴ് കോടി രൂപ കിഫ്ബിക്ക് കീഴിലുള്ള പ്രത്യേക മരാമത്ത് വിഭാഗം (കെആർഎസ്ബി) നീക്കിവെച്ചു.

ദേശീയപാത നിലേശ്വരം മാർക്കറ്റ് ജംഗ്ഷൻ മുതൽ നീലേശ്വരം ബസ്്സ്റ്റാന്റ് കഴിഞ്ഞ് റെയിൽവെ മേൽപ്പാലം വരെ 1300 മീറ്ററിലാണ് രാജാറോഡ് വികസനം. 14 മീറ്റർ വീതിയിൽ നാലുവരിപ്പാത, ഡ്രൈനേജ്, ഫുട്പാത്തടങ്ങുന്നതാണ് പദ്ധതി. നിലവിൽ 6 മുതൽ 10 മീറ്റർ വരെ മാത്രമുള്ളതാണ് രാജാറോഡ്. 20 കോടിരൂപ ചെലവിൽ നിർമ്മിക്കുന്ന കച്ചേരിക്കടവ് പാലമുൾപ്പെടെ 40 കോടിയുടെ വികസനം നീലേശ്വരം പട്ടണത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസനമായി മാറുമെന്ന് നഗരസഭാ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി പറഞ്ഞു.

സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായി നടന്ന സാമൂഹ്യാഘാത പഠനം പൂർത്തിയായി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹിയറിംഗ് അടുത്തമാസം 8-ന് നഗരസഭാ കാര്യാലയത്തിൽ നടക്കും. റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങൾക്ക് പൊന്നുംവില നിശ്ചയിച്ച് പിഡബ്ല്യൂഡി ബിൽഡിംഗ് വിഭാഗത്തിന്റെ നിർദ്ദേശം സമർപ്പിച്ചു കഴിഞ്ഞു.

ആറ് മാസത്തിനുള്ളിൽ സ്ഥലമേറ്റെടുക്കൽ  നടപടികൾ പൂർത്തിയാക്കി നിർമ്മാണ പ്രവൃത്തികൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനുള്ള ശ്രമമാണ് നടന്നുവരുന്നതെന്ന് വൈസ് ചെയർമാൻ അറിയിച്ചു. ഫിനാൻഷ്യൽ നിഭാഗം ബന്ധപ്പെട്ട പദ്ധതി തുകയുടെ ലിസ്റ്റ് കിഫ്ബിക്ക് സമർപ്പിച്ചതായി അദ്ദേഹം പറഞ്ഞു. പദ്ധതി സംബന്ധിച്ച് റവന്യൂ ഉത്തരവിറങ്ങി. രാജാറോഡ് വികസനത്തിന്റെ  മേൽനോട്ടത്തിന് പ്രത്യേക  തഹസിൽദാരായി കാസർകോട് കലക്ട്രേറ്റിലെ തഹസിൽദാർ ആഞ്ജലോ നിയമിതനായി.

കച്ചേരിക്കടവ് പാലം യാഥാർത്ഥ്യമാകുന്നതോടെ കാഞ്ഞങ്ങാട് ഭാഗത്ത് നിന്നുമുള്ള യാത്രക്കാർക്കും തിരിച്ചുവരുന്നവർക്കും മാർക്കറ്റ് ജംഗ്ഷനിലെത്താതെ കച്ചേരിക്കടവ് പാലം വഴി യാത്ര ചെയ്യാം. നീലേശ്വരം ബസ്്സ്റ്റാന്റിൽ നിന്നും നെടുങ്കണ്ടം ദേശീയപാത വഴി വിശാലമായ യാത്രാ സൗകര്യമാവും കച്ചേരിക്കടവ് പാലം യാഥാർത്ഥ്യമാകുന്നതോടെ ലഭിക്കുക. രാജാറോഡ് വികസനം പൂർത്തിയാകുന്നതിന് മുമ്പെ കച്ചേരിക്കടവ് പാലം യാഥാർത്ഥ്യമാകും.

LatestDaily

Read Previous

ഷോപ്പിംഗ് കോപ്ലക്സ് അപകട ഭീഷണിയിൽ സ്ത്രീകളുടെ ബസ് കാത്തിരിപ്പ് കേന്ദ്രം അടച്ചു

Read Next

വനിതാ പോലീസുദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത പ്രതികൾ റിമാന്റിൽ