ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കെപിസിസി ഭാരവാഹി ലിസ്റ്റിൽ നിന്നും വെട്ടിനിരത്തപ്പെട്ട മുൻ എംഎൽഏ, കെ. പി. കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിൽ ജില്ലയിലെ ഒരു വിഭാഗം കോൺഗ്രസ്സ് നേതാക്കൾ തിരുവനന്തപുരം കുടപ്പനക്കുന്നിൽ എൻസിപി സംസ്ഥാന പ്രസിഡണ്ട് പി. സി. ചാക്കോയുമായി രഹസ്യ കൂടിക്കാഴ്ച നടത്തി. കുടപ്പനക്കുന്നിലെ സ്വകാര്യ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച.മുൻ കെപിസിസി ജനറൽ സിക്രട്ടറിയും, കഴിഞ്ഞ തവണ കെപിസിസി നിർവ്വാഹക സമിതിയംഗവുമായിരുന്ന കെ. പി. കുഞ്ഞിക്കണ്ണനെ പുതിയ ഭാരവാഹി ലിസ്റ്റിൽ പൂർണ്ണമായും തഴഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് കെ. പി. കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിൽ ജില്ലയിലെ ഒരു സംഘം നേതാക്കൾ പിലിക്കോട് ഗാന്ധിജയന്തി വാരാഘോഷം സംഘടിപ്പിച്ചത് കുഞ്ഞിക്കണ്ണൻ ഗ്രൂപ്പ് പ്രവർത്തനം നടത്തുന്നുവെന്നാരോപിച്ച് പിലിക്കോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് നവീൻ ബാബുവിന്റെ നേതൃത്വത്തിൽ പരിപാടി അലങ്കോലമാക്കി.
സംഭവം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിലാണ് കാസർകോട് ജില്ലയിൽ നിന്നുള്ള കോൺഗ്രസ്സ് നേതാക്കൾ തിരുവനന്തപുരത്തെത്തി എൻസിപി നേതാവ് പി. സി. ചാക്കോയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത്. കോൺഗ്രസ്സിന് കീഴിൽ പ്രവർത്തിക്കുന്ന ജനശ്രീയുടെ സിക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുക്കാനെന്ന വ്യാജേനയാണ് ജില്ലയിലെ നേതാക്കൾ തലസ്ഥാനത്തെത്തിയത്.
ജനശ്രീ ജില്ലാ ചെയർമാൻ കെ. നീലകണ്ഠൻ, മുൻ എംഎൽഏ കെ. പി. കുഞ്ഞിക്കണ്ണൻ, അഷ്റഫലി, കെ. വി. ഗംഗാധരൻ, അഡ്വ: കെ. കെ. രാജേന്ദ്രൻ, ഏ. ഗോവിന്ദൻ നായർ, ഡോ: കെ. വി. ശശിധരൻ എന്നിവരാണ് തലസ്ഥാനത്തെത്തിയത്. ഇവരിൽ കെ. നീലകണ്ഠനൊഴിച്ച് മറ്റാരും ജനശ്രീയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ്.
തലസ്ഥാനത്തെത്തിയവരിൽ മുൻ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിലും ഉൾപ്പെട്ടിരുന്നു. പി. കെ. ഫൈസലിന്റെ നേതൃത്വത്തെ അംഗീകരിക്കാത്തവരാണ് കഴിഞ്ഞ ദിവസം പി. സി. ചാക്കോയുമായി രഹസ്യ സമാഗമം നടത്തിയത്. കെ. പി. കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിൽ ഒരു സംഘം നേതാക്കൾ നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടിയിലേക്ക് ചേക്കേറാനൊരുങ്ങുകയാണ്.
ഇതിന് മുന്നോടിയായാണ് പി. സി. ചാക്കോയുമായി കൂടിക്കാഴ്ച നടന്നത്. കോൺഗ്രസ്സിന്റെ അഖിലേന്ത്യാ നേതാവായിരുന്ന പി. സി. ചാക്കോ അടുത്ത കാലത്താണ് കോൺഗ്രസ്സിൽ നിന്നും രാജിവെച്ച് ഇടതുപക്ഷത്തോടൊപ്പമുള്ള എൻസിപിയിൽ ചേർന്നത്. രാജ്മോഹൻ ഉണ്ണിത്താൻ എംപിയോട് അകന്നു കഴിയുന്ന കോൺഗ്രസ്സ് നേതാക്കളാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തി പി. സി. ചാക്കോയെ കണ്ടത്.
ഇവരിൽ ഭൂരിഭാഗവും എൻസിപിയിൽ ചേക്കേറുമെന്നാണ് സൂചന. അതേസമയം കെ. നീലകണ്ഠൻ ബിജെപിയിൽ ചേർന്നേക്കുമെന്നും അഭ്യൂഹമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് കെ. നീലകണ്ഠൻ ബിജെപി സീറ്റിനായി ശ്രമിച്ചിരുന്നുവെന്ന് ജില്ലയിലെ ഒരു വിഭാഗം കോൺഗ്രസ്സ് പ്രവർത്തകർ ആരോപിച്ചു.
ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ കെ. നീലകണ്ഠൻ ഇടനീർ മഠാധിപതിയുടെ സഹായമഭ്യർത്ഥിച്ചിരുന്നു. ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുള്ള ഇടനീർ മഠാധിപതിയെ കെ. നീലകണ്ഠൻ നേരിൽക്കണ്ടാണ് സഹായമഭ്യർത്ഥിച്ചത്. രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാത്ത മഠാധിപതി ഈ ആവശ്യം നിരസിക്കുകയായിരുന്നു.
കെപിസിസി പുറത്തിറക്കിയ പുതിയ ഭാരവാഹി ലിസ്റ്റിൽ കാസർകോട് ജില്ലയ്ക്ക് പ്രാതിനിധ്യം ലഭിച്ചിരുന്നില്ല. ഇതെച്ചൊല്ലി ജില്ലയിൽ കോൺഗ്രസ്സിനകത്തുണ്ടായ അഭിപ്രായ വ്യത്യാസം വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് കോൺഗ്രസ്സ് നേതാക്കളും പി. സി. ചാക്കോയുമായുള്ള കൂടിക്കാഴ്ച.