കാസർകോട്: ട്രോളി ബാഗിൽ വിദേശത്തേക്ക് കടത്താൻ കൊണ്ടുവന്ന 16.5 ലക്ഷം രൂപയുടെ വിദേശകറൻസി കാസർകോട് കസ്റ്റംസ് റെയിൽവെ സ്റ്റേഷനിൽ പിടികൂടി. സൗദി റിയാൽ, യൂറോ, ഒമാൻ റിയാൽ, എന്നീ വിദേശ കറൻസികളാണ് പിടികൂടിയത്. കാസർകോട് കസ്റ്റംസ് സൂപ്രണ്ട് പി. പി. രാജീവന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബെണ്ടിച്ചാൽ സ്വദേശി അബ്ദുൾ ഖാദറിന്റെ 37, ബാഗേജ് റെയിൽവെ സ്റ്റേഷനിൽ പരിശോധിച്ചപ്പോഴാണ് വിദേശ കറൻസി കണ്ടെത്തിയത്.
മംഗളൂരു- തിരുവനന്തപുരം എക്സ്പ്രസ്സിന് കോഴിക്കോട്ടെത്താനും അവിടെ നിന്നും രാത്രി 12-30നുള്ള ഷാർജാ വിമാനത്തിൽ ഗൾഫിലേക്ക് പറക്കാനുമായിരുന്നു അബ്ദുൾ ഖാദറിന്റെ ലക്ഷ്യം. ഇത്രയധികം വിദേശകറൻസികൾ എവിടുന്ന് സംഘടിപ്പിച്ചുവെന്നതിനെക്കുറിച്ച് വ്യക്തമായ ഉത്തരം നൽകാൻ അബ്ദുൾഖാദറിന് കഴിഞ്ഞില്ല. കണക്കിലധികം വിദേശ കറൻസി സൂക്ഷിച്ചതിന് അബ്ദുൾഖാദറിന്റെ പേരിൽ കസ്റ്റംസ് കേസ്സെടുത്തു.