സലാമിനെ മർദ്ദിച്ചത് ആളുമാറിയെന്ന്

കാഞ്ഞങ്ങാട്: ആറങ്ങാടി ബാക്കോട്ട് സലാമിനെ 47, കഴിഞ്ഞ ദിവസം പുലർച്ചെ പുതിയകോട്ട ടൗണിൽ പോലീസ് സംഘം മർദ്ദിച്ചത് ആളുമാറിയാണെന്ന് സലാം പറഞ്ഞു. താൻ ഇപ്പോൾ പൂഴി കടത്താറില്ല. പുലർച്ചെ പുതിയകോട്ടയിലെ ജിമ്മിൽ പോയതാണ്. ജിമ്മിൽ കയറുന്നതിന് മുമ്പ് അഞ്ചരമണിക്ക് പുതിയകോട്ടയിൽ നിന്ന് ടൗൺ ബസ്സ് സ്റ്റാന്റ് വരെ നടക്കാനിറങ്ങിയതാണ്.

പുതിയകോട്ട ജംഗ്ഷനിൽ നാലു പോലീസുകാരും ഒരു ഏഎസ്ഐയും ചേർന്നാണ് പൊതിരെ തല്ലിയത്. വലതു കൈയ്യുടെ എല്ല് ഒടിഞ്ഞിട്ടുണ്ട്. പ്ലാസ്റ്ററിട്ട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. അജാനൂർ തെക്കേപ്പുറത്ത് പൂഴി കയറ്റിയ ടിപ്പറിനെ പോലീസ് വണ്ടി പിൻതുടർന്നപ്പോൾ ടിപ്പറിലുണ്ടായിരുന്ന പൂഴി റോഡിലിറക്കി പോലീസ് ജീപ്പിന് തടസ്സം നിന്ന പ്രതികളിൽപ്പെട്ട ആളാണെന്ന് തെറ്റിദ്ധരിച്ചാണ് പുതിയകോട്ടയിൽ ജിം വേഷത്തിൽ നടക്കുകയായിരുന്ന തന്നെ പോലീസ് സംഘം അടിച്ച് കൈയ്യുടെ എല്ല് തകർത്തതെന്ന് ജില്ലാ ആശുപത്രിയിൽ കഴിയുന്ന സലാം പരാതിപ്പെട്ടു.

പോലീസ് ജീപ്പിന് മുന്നിൽ പൂഴി ഇറക്കിയ മിഥിലാജിനെയും ഇർഷാദിനെയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്തുവെന്നും ഇവരുടെ പൂഴി വ്യാപാരവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ബാക്കോട്ട് സലാം പറഞ്ഞു.

LatestDaily

Read Previous

മുതിർന്നവരെ ഒതുക്കുന്നതിൽ സിപിഎമ്മിൽ എതിർപ്പ്

Read Next

ഫോട്ടോഗ്രാഫര്‍ ആര്‍.സുകുമാരനെ സൗഹൃദ കൂട്ടായ്മ ആദരിക്കുന്നു