മുതിർന്നവരെ ഒതുക്കുന്നതിൽ സിപിഎമ്മിൽ എതിർപ്പ്

സിപിഎം ലോക്കൽ സമ്മേളനങ്ങൾക്ക് പരിസമാപ്തി

കാഞ്ഞങ്ങാട്: ചെറുപ്പത്തിലും യൗവ്വനകാലത്തും പാർട്ടിക്ക് വേണ്ടി ചോരയും നീരുമൊഴുക്കി  ജീവിത സായാഹ്നത്തിലേക്കടുക്കുന്ന നേതാക്കളെയും പ്രവർത്തകരെയും പ്രായാധിക്യത്തിന്റെ പേരിൽ പാർട്ടി സ്ഥാനങ്ങളിൽ നിന്നൊഴിവാക്കുന്നതിനെതിരെ സിപിഎം സമ്മേളനങ്ങളിൽ വ്യാപക പ്രതിഷേധം. ഇത്തവണ കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസ്സിന്റെയും എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെയും മുന്നോടിയായുള്ള പ്രാദേശിക സമ്മേളനങ്ങളിലാണ്  മുതിർന്ന പൗരൻമാരെ മാറ്റി നിർത്തുന്നതിനെതിരെ വിമർശനമുയർന്നത്.

ബ്രാഞ്ച്തലസമ്മേളനങ്ങൾക്ക് ശേഷമുള്ള ലോക്കൽ സമ്മേളനങ്ങളും ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. സിപിഎം ബ്രാഞ്ച് – ലോക്കൽ സമ്മേളനങ്ങളിൽ മുതിർന്ന പൗരൻമാരായ പാർട്ടി പ്രവർത്തകരെ ആദരിക്കാനും സമ്മേളനത്തിന്റെ തുടക്കത്തിൽ മുതിർന്ന നേതാക്കളെക്കൊണ്ട് പതാക ഉയർത്തിക്കാനും നിർദ്ദേശമുണ്ടായിരുന്നുവെങ്കിലും പലയിടത്തും ലംഘിക്കപ്പെട്ടു.

പ്രവർത്തനത്തിൽ മികവ് കാട്ടുകയും ഇപ്പോഴും യൗവ്വനത്തിന്റെ പ്രസരിപ്പുള്ള നേതാക്കളെപ്പോലും പ്രായാധിക്യം പറഞ്ഞ് നേതൃനിരയിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ സമ്മേളനങ്ങളിൽ എതിർപ്പിന്റെ ശബ്ദമുയർന്നു. പാർട്ടി ഭരണഘടന പൂർണ്ണമായും പാലിക്കപ്പെടുന്നില്ലെന്ന വിമർശനം മലയോര മേഖലയിലെ ലോക്കൽ സമ്മേളനങ്ങലുണ്ടായി.  ക്ഷേത്ര കമ്മിറ്റികളിലും മത- സാംസ്കാരിക സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്നവർക്ക് പാർട്ടിയിൽ അർഹമായ പരിഗണന നൽകണമെന്ന നിർദ്ദേശങ്ങളും പാലിക്കപ്പെടാതെ പോവുകയാണെന്ന ആക്ഷേപവും ഏതാനും ലോക്കൽ സമ്മേളനങ്ങളിലുയർന്നു.

കഴിഞ്ഞ തവണത്തെ ഏരിയാ സമ്മേളനത്തിൽ കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയിലേക്ക് അഞ്ച് യുവനേതാക്കളെയാണ് പുതുതായി ഉൾപ്പെടുത്തിയത്. പാർട്ടി മാനദണ്ഡങ്ങളുടെ പേരിൽ അന്നത്തെ ഏരിയാ സിക്രട്ടറിയെ മാറ്റി നിർത്തിയെങ്കിലും മറ്റ് പല ഘടകങ്ങളിലും ഈ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയാണ് കമ്മിറ്റിയംഗങ്ങളെ തെരഞ്ഞെടുത്തത്. ഉന്നത നേതാക്കൾക്ക് താൽപ്പര്യമില്ലാത്തവരെ മാനദണ്ഡങ്ങളുടെ പേരിൽ മാറ്റി നിർത്തുകയും ചില നേതാക്കൾക്ക് തന്നെ താൽപ്പര്യമുള്ളവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തുകയും ചെയ്തു.

കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയിൽ കഴിഞ്ഞ തവണ ഉൾപ്പെടുത്തിയ യുവ നേതാക്കളിൽ ഒരാൾക്ക് ആരോപണ വിധേയനായി പുറത്ത് പോകേണ്ടി വന്നു. മറ്റൊരു യുവനേതാവിനെതിരെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നുണ്ട്.  പാർട്ടിക്ക് നല്ല പ്രതിച്ഛായ ഉണ്ടാക്കാൻ യുവാക്കളെ കൂടുതലായി ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിക്കുമ്പോഴും അതുകൊണ്ട് വേണ്ടത്ര പ്രയോജനമുണ്ടായിട്ടില്ലെന്ന അനുഭവവും പാർട്ടി പ്രവർത്തകർക്കുണ്ട്.

മുതിർന്ന നേതാക്കളുടെ അനുഭവസമ്പത്തും സംഘാടക പാടവും പുതിയ തലമുറയിൽപ്പെട്ടവർക്കുണ്ടാവില്ലെന്ന യാഥാർത്ഥ്യമുൾക്കൊണ്ട് യുവാക്കൾക്ക് രാഷ്ട്രീയ വിദ്യാഭ്യാസത്തിനൊപ്പം അനുഭവപാഠങ്ങൾ കൂടി പഠിപ്പിക്കേണ്ടതുണ്ട്. നേതൃത്വത്തിന്റെ വീഴ്ചകൾ വിളിച്ച് പറയുന്നവരെ വിഭാഗീയതയുണ്ടാക്കി പുറം തള്ളാനുള്ള നീക്കങ്ങൾ നടക്കുന്നത് നേതൃത്വം കണ്ടില്ലെന്ന് നടിക്കുകയാണ്.

കഴിഞ്ഞ വിജയവാഡ പാർട്ടി കോൺഗ്രസ്സിൽ പാർട്ടി ഭരണഘടനയിൽ വരുത്തിയ ഭേദഗതി പ്രകാരം പാർട്ടിയുടെ ജില്ലാ കമ്മിറ്റിക്കും സംസ്ഥാനകമ്മിറ്റിക്കുമിടയിൽ മേഖല സമിതികൾ രൂപീകരിക്കാനുള്ള നിർദ്ദേശമുണ്ടായിരുന്നു. ഭേദഗതി നടപ്പിലാക്കിയാൽ കഴിവും പ്രാപ്തിയുമുള്ള നേതാക്കളെ മേഖലാതലത്തിൽ പ്രയോജനപ്പെടുത്തിയാൽ പാർട്ടി സംഘടനാസംവിധാനങ്ങൾ കൂടുതൽ കെട്ടുറുപ്പുള്ളതാവുമെന്നും പ്രാദേശിക നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.

LatestDaily

Read Previous

തിരുവനന്തപുരം സ്വദേശിയുടെ കൊലപാതകം; 2 പേർ കസ്റ്റഡിയിൽ

Read Next

സലാമിനെ മർദ്ദിച്ചത് ആളുമാറിയെന്ന്