പോലീസിനെ ആക്രമിച്ച യുവാക്കൾ റിമാന്റിൽ

ആദൂർ: ഔദ്യോഗിക കൃത്യ നിർവ്വഹണത്തിനെത്തിയ എസ്ഐയെയും സംഘത്തെയും ആക്രമിച്ച മൂന്നംഗ സംഘത്തെ കോടതി റിമാന്റ് ചെയ്തു. ഒക്ടോബർ 30-ന് വൈകുന്നേരം 4 മണിക്കാണ് യുവാക്കളുടെ സംഘം ആദൂർ എസ്ഐ, ഇ. രത്നാകരനെയും സംഘത്തെയും ആക്രമിച്ചത്.

മുള്ളേരിയ ടൗണിൽ റോഡിൽ മീൻ വിൽപ്പന നടത്തിയ പൂത്തപ്പലത്തെ അബ്ദുള്ളയുടെ മകൻ ഇബ്രാഹിം ബാദുഷ 26, നായൻമാർമൂലയിലെ മുഹമ്മദിന്റെ മകൻ മുഹമ്മദ് ജുനൈദ് 19, മുഹമ്മദ് ഹനീഫിന്റെ മകൻ അബ്ദുൾ ഷമ്മാസ് എന്നിവരെ സ്ഥലത്തുനിന്നും നീക്കാനെത്തിയപ്പോഴാണ് യുവാക്കൾ പോലീസിനെ ആക്രമിച്ചത്. പഞ്ചായത്തധികൃതരും പോലീസും ചേർന്ന് കൂട്ടായെടുത്ത  തീരുമാനപ്രകാരം മുള്ളേരിയയിൽ മീൻ വിൽപ്പന വില്ലേജോഫീസ് പരിസരത്തേക്ക് മാറ്റിയിരുന്നു. റോഡരികിലെ മീൻ വിൽപ്പന ഗതാഗത തടസ്സത്തിന് കാരണമായതിനെത്തുടർന്നായിരുന്നു തീരുമാനം.

പഞ്ചായത്തിന്റെ തീരുമാനം ധിക്കരിച്ച് റോഡിൽ മീൻ വിൽപ്പന നടത്തിയ യുവാക്കളെ സ്ഥലത്തുനിന്നും മാറ്റാനെത്തിയ പോലീസിനെ യുവാക്കൾ കയ്യേറ്റം ചെയ്യുകയായിരുന്നു. മൂന്ന് പേരെയും ശനിയാഴ്ച തന്നെ ആദൂർ പോലീസ്  അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്റിലിടാൻ ഉത്തരവിട്ടു. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും, പോലീസിനെ ആക്രമിച്ചതിനുമടക്കം യുവാക്കൾക്കെതിരെ ആദൂർ പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

LatestDaily

Read Previous

വാഹനാപകടത്തിൽ സ്ത്രീ മരിച്ചു

Read Next

കാണാതായ മരപ്പണിക്കാരന്റെ മൃതദേഹം ഒളവറ പുഴയില്‍