സൈബറാക്രമണത്തിൽ ജീവിതം വഴിമുട്ടി തമിഴ് യുവതി

കാഞ്ഞങ്ങാട്: വാട്സാപ്പ് ഗ്രൂപ്പുകളിലെ വ്യാജ പ്രചാരണം മൂലം ജീവിതം വഴിമുട്ടി തമിഴ് യുവതി. മാണിക്കോത്ത് ഗ്രാന്റ് ഓഡിറ്റോറിയത്തിന് സമീപം താമസിക്കുന്ന തമിഴ്നാട് കള്ളക്കുറിച്ചി ജില്ലയിലെ  അളമ്പളം വില്ലുപുരം സ്വദേശിനിയായ ആർ. സരിതയാണ് 33,  നവമാധ്യമങ്ങളിലെ വ്യാജ പ്രചാരണം വഴി ജീവിതം വഴിമുട്ടി കഷ്ടത്തിലായത്.

വീടുകളിലെത്തി പാത്രക്കച്ചവടം നടത്തി ജീവിക്കുന്ന സരിതയെ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘത്തിൽപ്പെട്ടയാളാണെന്ന്  ചിത്രീകരിച്ച് വാട്സാപ്പ് ഗ്രൂപ്പുകളിൽ സന്ദേശം  പ്രചരിപ്പിച്ചതോടെയാണ്  ഇവരെ നാട്ടുകാർ വീടുകളിൽ അടുപ്പിക്കാതായത്. തെങ്ങ് കയറ്റ തൊഴിലാളിയായ ഭർത്താവ് രാമചന്ദ്രനൊപ്പം കഴിഞ്ഞ 20 വർഷമായി ഇവർ മാണിക്കോത്താണ് താമസിക്കുന്നത്.

പാത്രക്കച്ചവടത്തിന് ബേക്കലിലെത്തിയ ഇവരുടെ ഫോട്ടോ ഇവരറിയാതെ ഇല്ല്യാസ് എന്നയാൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതായി ഇവർ പറയുന്നു. ഈ ഫോട്ടോയാണ് വാട്സാപ്പ്  ഗ്രൂപ്പുകളിൽ വ്യാപകമായി  പ്രചരിച്ചത്. തമിഴ്നാട് കള്ളക്കുറിച്ചിയിൽ നിന്ന് 35 വർഷം മുമ്പ്  ജില്ലയിലെത്തിയ കുമാർ- സാവിത്രി ദമ്പതികളുടെ മകളാണ് സരിത.

സരിത ജനിച്ചതും വളർന്നതും കേരളത്തിൽ തന്നെയാണ്. മാണിക്കോത്ത് കഴിഞ്ഞ 20 വർഷമായി താമസിച്ചുവരുന്ന ഇവരെക്കുറിച്ച്  വ്യാജ പ്രചരണങ്ങൾ പരന്നതോടെ നാട്ടുകാരെല്ലാം സരിതയെ  സംശയദൃഷ്ടിയോടെയാണ് കാണുന്നത്. വ്യാജ പ്രചാരണത്തെക്കുറിച്ചന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇവർ ഹോസ്ദുർഗ്ഗ് പോലീസിൽ കൊടുത്ത പരാതിയിൽ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. വാട്സാപ്പ്  പ്രചാരണത്തിന്റെ  ഉറവിടം കണ്ടെത്താൻ പോലീസ് സൈബർ സെല്ലിന്റെ  സഹായം  തേടിയിട്ടുണ്ട്.

സരിതയുടെ ഭർത്താവ് രാമചന്ദ്രന്റെ സഹോദരൻ തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തിന്റെ മറ്റൊരു സഹോദരൻ പട്ടാളത്തിലും സേവനമനുഷ്ഠിക്കുന്നു. ഇവരുടെ മക്കൾ തമിഴ്നാട്ടിലാണ് പഠിക്കുന്നത്.

20  വർഷത്തിലധികമായി ജില്ലയിൽ സ്ഥിര താമസമുള്ള യുവതിയെക്കുറിച്ച് വ്യാജ പ്രചാരണം അഴിച്ചു വിട്ടവർ ഇവരുടെ ജീവിതമാർഗ്ഗമാണ് ഇല്ലാതാക്കിയത്. കാള പെറ്റെന്ന് കേട്ടയുടനെ കയറെടുക്കുന്ന സൈബർ മനോരോഗികളുടെ  വിനോദത്തിൽ ജീവിതം വഴിമുട്ടിയ സരിത തന്റെ നിരപരാധിത്വം തെളിയിക്കാൻ പോലീസിന്റെ കനിവ് കാത്തിരിക്കുകയാണ്.

LatestDaily

Read Previous

വാഹനമിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Read Next

കാവുകൾ ഇന്ന് ചിലമ്പണിയും