ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെത്തിയ മംഗളൂരു–കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസ്സിൽ ദുരൂഹ സാഹചര്യത്തിൽ യാത്രക്കാരനെ തലക്കടിയേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തി. അംഗപരിമിതർക്കായി നീക്കിവെച്ച ട്രെയിനിന്റെ മുൻവശത്തെ കംപാർട്ട്മെന്റിലെ തറയിൽ തലക്കടിയേറ്റ് അബോധാവസ്ഥയിലാണ് യാത്രക്കാരനെ കണ്ടെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് മംഗളൂരുവിൽ നിന്നും കാഞ്ഞങ്ങാട്ടെത്തിയ ഇന്റർസിറ്റി എക്സ്പ്രസ്സിന്റെ ആദ്യത്തെ കംപാർട്ട്മെന്റിൽ കയറിയ സ്ത്രീകളാണ് യുവാവ് ട്രെയിനിനകത്ത് അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഈ കംപാർട്ടുമെന്റിൽ യാത്രക്കാർ മാറ്റാരുമുണ്ടായിരുന്നില്ല.
സ്ത്രീകൾ സ്റ്റേഷൻ മാസ്റ്ററെ വിവരം ധരിപ്പിച്ചു. ഹൊസ്ദുർഗ് എസ്ഐമാരായ കെ. പി. സതീഷ്, വി. മാധവൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് റെയിൽവെ സ്റ്റേഷനിലെത്തി. ജില്ലാശുപത്രിയിലെത്തിച്ച യുവാവിന്റെ നില ഗുരുതരമായതിനാൽ ഉടനെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി.
തലയുടെ പിൻഭാഗത്തും മുഖത്തും വയറിനും മുറിവേറ്റ പരിക്കുകളുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് 24 മണിക്കൂർ കഴിഞ്ഞെങ്കിലും യുവാവിന് ബോധം തിരിച്ച് കിട്ടിയിട്ടില്ല. വിദഗ്ധ ഡോക്ടർമാർ പരിശോധിച്ച ശേഷവും തൽസ്ഥിതിയിൽ നിന്നും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.
തലക്കടിയേറ്റതിനെതുടർന്നല്ല യുവാവിന് ബോധം നഷ്ടപ്പെട്ടതെന്ന് ഡോക്ടർ വ്യക്തമാക്കി. വയറിന് മധ്യത്തിൽ ആഴത്തിലേറ്റ ക്ഷതം മൂലം അബോധാവസ്ഥയിലായതാകാമെന്ന് നിഗമനത്തിൽ ശസ്ത്രക്രിയ നടത്താനുള്ള ശ്രമത്തിലാണ് ഡോക്ടർമാർ. ട്രെയിനിലെ ബർത്തിൽ നിന്ന് വീണതിനെതുടർന്നുണ്ടായ പരിക്കല്ല യാത്രക്കാരന്റെ ശരീരത്തിൽ കാണപ്പെട്ടതെന്നും, മർദ്ദനമേറ്റതിന്റെയും പിടിവലിക്കിടെയുണ്ടായ പരിക്കുകളും ശരീരത്തിന്റെ പല ഭാഗത്തുമുണ്ടെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ റെയിൽവെ പോലീസിനെ അറിയിച്ചു.
യാത്രക്കാരന് ക്രൂര മർദ്ദനമേറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചതിനെതുടർന്ന് കാസർകോട് റെയിൽവെ പോലീസ് അഞ്ജാതനായ യുവാവിനെ ട്രെയിനിനകത്ത് ആക്രമിച്ച് ബോധം കെടുത്തിയത് സംബന്ധിച്ച് കേസ്സ് റജിസ്റ്റർ ചെയ്തു. കാസർകോട് റെയിൽവെ എസ്ഐ, വി. എൻ. മോഹനന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പാന്റും ഷർട്ടുമാണ് യാത്രക്കാരന്റെ വേഷം. ഷർട്ടിന്റെ പോക്കറ്റിൽ നിന്നും കഴിഞ്ഞ 19– ാം തീയ്യതി പൂനെ റെയിൽ വെ സ്റ്റേഷനിൽ നിന്നുമെടുത്ത ഒരു ടിക്കറ്റ് കണ്ടെത്തിയിട്ടുണ്ട്. യാത്ര ചെയ്ത ഇന്റർസിറ്റി എക്സ്പ്രസ്സിന്റെ ടിക്കറ്റ് കൈവശമുണ്ടായിരുന്നില്ല.
റെയിൽവെ പോലീസ് യുവാവ് കിടന്ന കോച്ച് പരിശോധിച്ചതിൽ ഒരുബാഗ് കണ്ടെത്തി. യുവാവിന്റെതെന്ന് കരുതുന്ന ബാഗിനുള്ളിൽ രണ്ട് പഴയ വസ്ത്രങ്ങൾ മാത്രമെയുണ്ടായിരുന്നുള്ളുവെന്ന് പോലീസ് പറഞ്ഞു. യുവാവിന്റെ മേൽവിലാസം തെളിക്കുന്ന രേഖകളൊന്നും ബാഗിനകത്ത് കണ്ടെത്താനായില്ല. യാത്രക്കാരൻ മലയാളിയല്ലെന്ന് പോലീസ് ഉറപ്പാക്കി. ഉത്തരേന്ത്യക്കാരനാണെന്നാണ് പ്രാഥമിക നിഗമനം. ട്രെയിനിനകത്ത് കവർച്ചാശ്രമത്തിനിടെ യാത്രക്കാരനെ തലക്കടിച്ച് ബോധം കെടുത്തിയതാകാമെന്ന് സംശയമുണ്ട്.