ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഹൊസ്ദുർഗ്ഗ്: എറണാകുളത്ത് പ്രമുഖ നടി ആക്രമണത്തിനിരയായ കേസിൽ നടൻ ദിലീപിനെതിരെ സാക്ഷി പറഞ്ഞാൽ കൊല്ലുമെന്ന് ബേക്കൽ സ്വദേശിയെ ഭീഷണിപ്പെടുത്തിയ പ്രദീപ് കോട്ടത്തലയ്ക്ക് മൊബൈൽ സിംകാർഡ് നൽകിയ തമിഴ് യുവാവ് ഇന്നലെ ഹോസ്ദുർഗ്ഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്നാം കോടതിയിൽ ഹാജരായി മൊഴി നൽകി.
തമിഴ്നാട് കുറ്റാലത്തെ മുത്തുപ്പാണ്ടിയാണ് കോടതിയിൽ ഹാജരായത്. ഹോസ്ദുർഗ്ഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി സമൻസയച്ച് വിളിച്ചു വരുത്തിയാണ് മുത്തുപ്പാണ്ടിയുടെ മൊഴിയെടുത്തത്. തുറന്ന കോടതിയിൽ മുത്തുപ്പാണ്ടിയിൽ നിന്നും മജിസ്ട്രേറ്റ് രഹസ്യമൊഴിയെടുത്തു. മുത്തുപ്പാണ്ടി സിം നൽകിയത് സംബന്ധിച്ച കാര്യങ്ങളാണ് മജിസ്ട്രേറ്റിന് മുന്നിൽ വെളിപ്പെടുത്തിയത്. ആദ്യം ബേക്കൽ പോലീസ് അന്വേഷിച്ച്, ഇപ്പോൾ എറണാകുളം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന നടി ആക്രമണക്കേസിന്റെ അനുബന്ധ കേസിൽ മുത്തുപ്പാണ്ടി, ബേക്കൽ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ സാക്ഷിയാണ്. ഹോസ്ദുർഗ്ഗ് ബാറിലെ അഭിഭാഷകരുടേയോ പുറത്തു നിന്നുള്ള അഭിഭാഷകരുടേയോ സഹായമില്ലാതെ മുത്തുപ്പാണ്ടി കോടതിയിൽ ഹാജരായി മൊഴി നൽകുകയായിരുന്നു.
നടി അക്രമണക്കേസിൽ മുഖ്യ സാക്ഷികളിലൊരാളായ ബേക്കൽ മലാംകുന്നിലെ വിപിൻലാലിനെ മൊബൈൽ ഫോണിൽ വിളിച്ച് നടൻ ദിലീപിനെതിരെ സാക്ഷി പറഞ്ഞാൽ വക വരുത്തുമെന്നും, നടന് അനുകൂലമായി മൊഴി പറഞ്ഞാൽ വൻ തുക പ്രതിഫലം നൽകാമെന്നും, വാഗ്ദാനം ചെയ്ത കേസിലാണ് മുത്തുപ്പാണ്ടിയിൽ നിന്നും കോടതി മൊഴിയെടുത്തത്. കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച നടി അക്രമണക്കേസിൽ വിപിൻലാൽ പോലീസിന് നൽകിയ മൊഴിയാണ് കേസ് വഴിത്തിരിവിലെത്തിച്ചത്.
നടിയെ കാറിനകത്ത് ആക്രമിച്ച കേസിൽ അറസ്റ്റിലായ ക്വട്ടേഷൻ സംഘങ്ങൾക്ക് താൻ എറണാകുളം ജയിലിൽ ദിലീപിനയക്കുന്നതിന് കത്ത് തയ്യാറാക്കി നൽകിയെന്നാണ് വിപിൻലാൽ നടി ആക്രമണക്കേസന്വേഷണ സംഘത്തിന് നൽകിയ മൊഴി. നടി ആക്രമണക്കേസിൽ പിടിയിലായ രണ്ട് പ്രതികൾ എറണാകുളം ജയിലിൽ റിമാന്റിൽ കഴിയുമ്പോൾ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ഇതേ ജയിലിൽ കഴിയുകയായിരുന്നു വിപിൻലാൽ. പ്രതികൾക്ക് ജയിലിൽ ദിലീപിന് കത്തെഴുതിക്കൊടുത്തത് താനാണെന്ന മൊഴി കോടതിയിൽ മാറ്റിപ്പറയുന്നതിനായാണ് വിപിൻ ലാലിനെ അജ്ഞാത നമ്പറിൽ നിന്നും ഭീഷണിപ്പെടുത്തിയത്.
മലാംകുന്ന് സ്വദേശിയായ വിപിൻലാലിന്റെ ബന്ധു ജോലി ചെയ്യുന്ന കാസർകോട് പുതിയ ബസ്റ്റാന്റിലെ ജ്വല്ലറിയിലെത്തിയ ഒരു സംഘം വിപിൻ ലാലിനോട് മൊഴി മാറ്റിപ്പറയാൻ നിർബ്ബന്ധിക്കണമെന്നാവശ്യപ്പെട്ടിരുന്നു. പ്രതിഫലമായി വൻ തുക വാഗ്ദാനം നൽകി. വഴങ്ങാതെ വന്നപ്പോഴാണ് അജ്ഞാത നമ്പറിൽ നിന്നും സാക്ഷിക്ക് ഭീഷണിയുണ്ടായത്.
വിപിൻലാൽ നൽകിയ പരാതിയിൽ ബേക്കൽ പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണം വഴിത്തിരിവിലെത്തുകയായിരുന്നു. വിപിൻലാലിനെ ഭീഷണിപ്പെടുത്താനുപയോഗിച്ച ഫോൺ കോൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണം തമിഴ്നാട്ടിലെത്തുകയായിരുന്നു. ബേക്കൽ പോലീസ് നിരവധി തവണ തമിഴ്നാട്ടിലും, എറണാകുളത്തുമെത്തി അന്വേഷണം നടത്തി. ആറ് മാസം മുമ്പാണ് മൊബൈൽ സിമ്മിന്റെ ഉടമയെ പോലീസ് കണ്ടെത്തിയത്.
മുത്തുപ്പാണ്ടിയിൽ നിന്നും പണം നൽകി ഒരാൾ സിം വാങ്ങിക്കൊണ്ട് പോയെന്നാണ് പോലീസിന് ലഭിച്ച വിവരം. മുത്തുപ്പാണ്ടിയുടെ പേരിലുള്ള സിം ഉപയോഗിച്ച് ഗണേഷ് കുമാർ എംഎൽഏയുടെ പി.ഏ, പ്രദീപ് കോട്ടത്തലയാണ് നടനുവേണ്ടി വിപിൻലാലിനെ ഭീഷണിപ്പെടുത്തിയതെന്ന് കണ്ടെത്തിയ പോലീസ്, പുലർകാലം പത്തനംതിട്ടയിലെത്തി ഗണേഷ് കുമാറിന്റെ എംഎൽഏ ഓഫീസ് വളഞ്ഞ് പ്രദീപ് കോട്ടത്തലയെ അറസ്റ്റ് ചെയ്ത് കാഞ്ഞങ്ങാട്ടെത്തിച്ചിരുന്നു. ഹോസ്ദുർഗ്ഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത പ്രദീപ് കോട്ടത്തലയ്ക്ക് പിന്നീട് കോടതി ജാമ്യമനുവദിച്ചു. വാദപ്രതിവാദങ്ങൾക്കൊടുവിലാണ് കോടതി പ്രദീപിന് ജാമ്യം നൽകിയത്.
പ്രദീപ് കോട്ടത്തലയ്ക്ക് പണം നൽകിയ മുത്തുപ്പാണ്ടിയെ പോലീസ് കേസിൽ സാക്ഷിപ്പട്ടികയിലുൾപ്പെടുത്തി. ബേക്കൽ പോലീസിന്റെ അന്വേഷണം നിർണ്ണായക ഘട്ടത്തിലെത്തി അന്വേഷണം പ്രമുഖ നടനിലേക്ക് കേന്ദ്രീകരിക്കുന്നതിനിടെ, ബേക്കൽ പോലീസിൽ നിന്ന് അന്വേഷണം മാറ്റി എറണാകുളം ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. മുത്തുപ്പാണ്ടിയെ ക്രൈംബ്രാഞ്ച് നിരവധി തവണ ചോദ്യം ചെയ്തിരുന്നു. കോടതി നടപടി പൂർത്തിയാക്കി മുത്തുപ്പാണ്ടി കാഞ്ഞങ്ങാട് വിട്ടു.