ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം: യോഗയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചയാളായിരുന്നു ഇന്നലെ അന്തരിച്ച യോഗാചാര്യൻ എം.കെ. രാമൻ മാസ്റ്റർ 96. പതിറ്റാണ്ടുകളായി യോഗാഭ്യാസ പ്രചാരണ രംഗത്തും, പ്രകൃതി ചികിത്സാ രംഗത്തും നിറഞ്ഞു നിന്ന രാമൻ മാസ്റ്ററുടെ മരണത്തോടെ യോഗ ജീവിതമാക്കിയ കർമ്മയോഗിയെയാണ് നഷ്ടമായത്.
നീലേശ്വരം ടൗണിൽ മന്നൻപുറത്ത് കാവ് ക്ഷേത്രത്തിന് സമീപം പ്രവർത്തിച്ചിരുന്ന കാവിൽ ഭവൻ ഫിസിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലൂടെ നിരവധി ശിഷ്യർക്ക് യോഗ വിദ്യകൾ പഠിപ്പിച്ച എം.കെ. രാമൻ മാസ്റ്റർ പിന്നീട് വിപുലമായ സൗകര്യങ്ങളോടെ നീലേശ്വരം പാലായിയിൽ കാവിൽ ഭവൻ പ്രകൃതി ചികിത്സാ കേന്ദ്രം സ്ഥാപിച്ചു.
വിദേശരാജ്യങ്ങളിൽ നിന്നടക്കം നിരവധി പേർ പാലായി കാവിൽഭവൻ പ്രകൃതി ചികിത്സാ കേന്ദ്രം സന്ദർശിച്ച് ചികിത്സ നേടിയിരുന്നു. സംസഥാനത്തെ തല മുതിർന്ന യോഗ, പ്രകൃതി ചികിത്സകൻ കൂടിയായിരുന്നു അദ്ദേഹം. നീലേശ്വരം എൻകെ ബിഎം സ്കൂളിലെ റിട്ടയേർഡ് അധ്യാപകനായ എം.കെ. രാമൻ ഋഷികേശിൽ നിന്നാണ് യോഗാഭ്യാസത്തിന്റെ ബാലപാഠങ്ങൾ വശത്താക്കിയത്.
മൈസൂരു, ഉത്തരകാശി എന്നിവിടങ്ങളിൽ യോഗയിൽ ഉന്നത പരിശീലനം നേടിയ ഇദ്ദേഹം യോഗയെക്കുറിച്ച് നിരവധി പുസ്തകങ്ങൾ രചിക്കുകയും, ലോക യോഗ സമ്മേളനങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. അവിവാഹിതനാണ്.
യോഗാചാര്യൻ എം.കെ. രാമൻ മാസ്റ്ററുടെ മൃതദേഹം ഇന്ന് രാവിലെ 9 മണി മുതൽ പാലായി കാവിൽ ഭവൻ പ്രകൃതി ചികിത്സാ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ച ശേഷം നീലേശ്വരം തറവാട്ട് വളപ്പിൽ സംസ്കരിച്ചു. സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളിലെ നിരവധിപേർ മൃതദേഹത്തിന് അന്ത്യോപചാരമർപ്പിക്കാനെത്തിയിരുന്നു.