കോവിഡ് ദുരിതങ്ങൾക്കിടെ യുഎസിൽ രാഷ്ട്രീയപ്പോര്: കൊമ്പുകോർത്ത് ട്രംപ്

വാഷിങ്ടൻ: യുഎസിൽ കോവിഡ് രോഗികളും മരണവും വർധിക്കുന്നതിനിടെ രാഷ്ടീയപ്പോരുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ന്യൂയോർക്കിലെ ഉൾപ്പെടെ ഡെമോക്രാറ്റിക് പാർട്ടിക്കാരായ ഗവർണർമാരുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണു റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ട്രംപിന്റെ രൂക്ഷമായ ആരോപണങ്ങൾ.

സംസ്ഥാനങ്ങളിലെ ലോക്‌ഡൗൺ ഘട്ടം ഘട്ടമായി നീക്കുന്ന പ്രക്രിയ വേഗത്തിലാക്കാനും ബിസിനസുകളെല്ലാം എത്രയും പെട്ടന്നു പുനരാരംഭിക്കാനും തിടുക്കം കൂട്ടുന്ന ട്രംപിന്റെ ‘ലിബറേറ്റ്’ (മോചിപ്പിക്കൂ) ട്വീറ്റുകളാണ് ഏറ്റവും പുതിയ വിവാദം. ഡെമോക്രാറ്റുകാരായ ഗവർണർമാർ ഭരിക്കുന്ന മിനസോട്ട, വെർജീനിയ, മിഷിഗൻ എന്നിവിടങ്ങളിൽ ലോക്‌ഡൗൺ അയവുകൾക്കായി ആളുകൾ സംഘടിതമായി രംഗത്തിറങ്ങണമെന്നാണു പ്രസിഡന്റ് ആഹ്വാനം ചെയ്തത്. ഇത്തരം പ്രതിഷേധ സമരങ്ങൾ പല സംസ്ഥാനങ്ങളിലും മുള പൊട്ടിയിട്ടുണ്ട്. ആഭ്യന്തര കലാപമുണ്ടാക്കാനും നുണ പ്രചരിപ്പിക്കാനുമാണു ട്രംപിന്റെ ശ്രമമെന്നു വാഷിങ്ടൻ ഗവർണർ ജേ ഇൻസ്‌ലീ ആരോപിച്ചു.

ഇളവുകൾ പ്രാബല്യത്തിൽ
ഓരോ സംസ്ഥാനത്തെയും ലോക്‌ഡൗൺ ഇളവുകൾ ഗവർണർമാർ സ്വന്തം നിലയിൽ നടപ്പാക്കിത്തുടങ്ങി. ബീച്ചുകളും പാർക്കുകളും സുരക്ഷ ഉറപ്പാക്കി തുറന്നു കൊടുക്കാൻ ഫ്ലോറിഡയിലെ റിപ്പബ്ലിക്കൻ ഗവർണർ റോൺ ഡിസാന്റിസ് നിർദേശം നൽകി. ടെക്സസ്, മിഷിഗൻ ഗവർണർമാരും സമാന നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

‘ക്വോമോയുടെ നന്ദി’
ന്യൂയോർക്കിനു വേണ്ടി ചെയ്ത സഹായങ്ങൾക്കൊന്നും ഗവർണർ ആൻഡ്രൂ ക്വോമോ നന്ദി പറയുന്നില്ലെന്നാണു ട്രംപിന്റെ പ്രധാന ആരോപണങ്ങളിലൊന്ന്. ഇത്തരമൊരു അടിയന്തര ഘട്ടത്തിൽ മുൻകയ്യെടുത്തു പ്രവർത്തിക്കാൻ ബാധ്യസ്ഥരായ കേന്ദ്ര ഭരണകൂടം നടപടികളിൽ പങ്കാളിയായതിനു നന്ദി എന്നെഴുതി ട്രംപിനു പൂച്ചെണ്ടു കൊടുത്തുവിടണോ എന്നു ചോദിച്ചു ക്വോമോ തിരിച്ചടിച്ചു.

വൈറസ് വുഹാനിലെ ലാബിൽ നിന്നോ? ഉത്തരംതേടി യുഎസ്
വാഷിങ്ടൻ: കോവിഡിനു കാരണമായ കൊറോണ വൈറസ് ചൈനയിലെ വുഹാൻ നഗരത്തിലുള്ള വൈറസ് പഠന ലബോറട്ടറിയിൽ നിന്നു ‘ചാടി’യതാണെന്ന റിപ്പോ‍ർട്ടുകളെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതേക്കുറിച്ച് അന്വേഷണം നടക്കുന്ന കാര്യം പ്രസിഡന്റിനെ പിന്തുണയ്ക്കുന്ന ഫോക്സ് ന്യൂസ് ചാനലും പുറത്തുവിട്ടിരുന്നു. വുഹാനിലെ ലാബിനുള്ള ധനസഹായം നിർത്തുമെന്നും ട്രംപ് അറിയിച്ചു.

കൊറോണ വൈറസ് വാഹകരായതു വവ്വാലുകളാണെന്നാണു പറയപ്പെടുന്നതെങ്കിലും ആ ഇനം വവ്വാലുകൾ വുഹാനിലെ പ്രദേശത്തില്ല. ചന്തയിൽ വിറ്റിരുന്നുമില്ല. ഇന്റലിജൻസ് വിശകലനം നടക്കുകയാണ്. സത്യം പുറത്തു കൊണ്ടുവരും. – ട്രംപ്


വൈറോളജി ലാബിൽ ഇന്റേൻഷിപ് ചെയ്തിരുന്ന യുവതിക്ക് വൈറസ് ബാധിക്കുകയും അവരുമായി കൂടിക്കണ്ട കൂട്ടുകാരനിലേക്ക് പടരുകയും ചെയ്തുവെന്നാണ് ഒടുവിൽ വന്ന റിപ്പോർട്ട്.

LatestDaily

Read Previous

എല്ലാ കണ്ണുകളും കാസർകോട്ടേക്ക്

Read Next

വസ്ത്രങ്ങൾ വാങ്ങാൻ ആളില്ല നഗരത്തിലെ 8 തുണിക്കടകൾ പൂട്ടി