ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുവത്തൂർ: വിസ കാലാവധി കഴിഞ്ഞിട്ടും ജില്ലയിൽ ഒളിച്ച് താമസിക്കുകയായിരുന്ന ബംഗ്ലാദേശ് സ്വദേശിയെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. ചെറുവത്തൂർ, തൃക്കരിപ്പൂർ, പയ്യന്നൂർ എന്നിവിടങ്ങളിൽ മാറിമാറി ഹോട്ടൽ ജോലിയെടുത്തിരുന്ന ബംഗ്ലാദേശ് സ്വദേശി ഹസ്സൻ മുഹമ്മദാണ് 35, പോലീസ് പിടിയിലായത്.
ചെറുവത്തൂരിൽ ദേശീയപാതയ്ക്കരികിലെ ഹോട്ടലിൽ ഷവർമ്മ നിർമ്മാണ ജോലിക്കാരനായ ഹസ്സൻ മുഹമ്മദ് 2018 ലാണ് കേരളത്തിലെത്തിയത്. വിസയുടെ കാലാവധി കഴിഞ്ഞിട്ടും യുവാവ് സ്വന്തം രാജ്യത്തേക്ക് പോകാതെ ജില്ലയിൽ പോലീസിനെ വെട്ടിച്ച് ഹോട്ടൽ ജോലിയെടുക്കുകയായിരുന്നു.
ചന്തേര പോലീസ് ഇൻസ്പെക്ടർ പി. നാരായണന് ലഭിച്ച വിവരത്തെത്തുടർന്നാണ് ഹോട്ടലിൽ റെയ്ഡ് നടത്തി ബംഗ്ലാദേശ് സ്വദേശിയെ പിടികൂടിയത്. ഹസ്സൻ മുഹമ്മദിനെ നാട്ടിലെത്തിച്ച ഇടനിലക്കാരനെയും പോലീസ് ചോദ്യം ചെയ്യും.
മതിയായ രേഖകളില്ലാതെ അതിഥി തൊഴിലാളികളെയും, അന്യരാജ്യക്കാരെയും ഹോട്ടലുകളിലും, വീടുകളിലും, ലോഡ്ജുകളിലും താമസിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ചന്തേര പോലീസ് ഇൻസ്പെക്ടർ പി. നാരായണൻ മുന്നറിയിപ്പ് നൽകി. മതിയായ രേഖകളിലെ ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ ജില്ലയിൽ താമസിക്കുന്നുണ്ട്.
ഇവർക്കിടയിൽ ബംഗ്ലാദേശ് സ്വദേശികളുമുണ്ട്. കുറഞ്ഞ കൂലിക്ക് കൂടുതൽ അധ്വാനം ലഭിക്കുമെന്നതിനാൽ ഹോട്ടൽ വ്യവസായ മേഖലയിലും, നിർമ്മാണ മേഖലയിലും അതിഥി തൊഴിലാളികളെയാണ് നിയമിക്കുന്നത്. അതിഥി തൊഴിലാളികൾക്കായി താമസ സൗകര്യമൊരുക്കുന്നവർ അവരുടെ മേൽ വിലാസമോ രേഖകളോ സൂക്ഷിക്കാറുമില്ല.