വിദ്യാർത്ഥിനിയെ സ്കൂൾ ബസ്സിൽ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്സിൽ പെൺകുട്ടി മൊഴി മാറ്റി; ഡ്രൈവറെ വിട്ടു

കാഞ്ഞങ്ങാട്: സ്കൂൾ ബസ്സിൽ വിദ്യാർത്ഥിനിയെ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസ്സിൽ പരാതിക്കാരി മൊഴിമാറ്റി. കാഞ്ഞങ്ങാട് പോക്സോ കോടതിയിൽ നടന്ന വിചാരണക്കിടെയാണ് പതിനഞ്ചുകാരി മൊഴി മാറ്റിയത്. ഇതേതുടർന്ന് സ്കൂൾ ബസ്സ് ഡ്രൈവറായ പ്രതി തൈക്കടപ്പുറം തൗഫീഖ് മൻസിലിൽ ഇബ്രാഹീം കുഞ്ഞിയെ 38, കാഞ്ഞങ്ങാട് പോക്സോ കോടതി കുറ്റ വിമുക്തനാക്കി വിട്ടയച്ചു.

2018 വർഷത്തിലാണ് കേസ്സിനാസ്പദമായ സംഭവം. 2018 ൽ 12 വയസ്സുകാരിയായ പെൺകുട്ടിയെ ഇബ്രാഹീംകുഞ്ഞി സ്കൂൾ ബസ്സിനുള്ളിൽ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്സ്. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഹൊസ്ദുർഗ് പോലീസ് പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസ്സെടുത്ത് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

രാവിലെ വീട്ടിൽ നിന്നും  കുട്ടികളെ കയറ്റി സ്കൂളിലേക്ക് പോകുന്നതിനിടെ കുശാൽനഗർ റെയിൽവെ ഗേറ്റിന് സമീപത്തും ഹൊസ്ദുർഗ് ടൗണിലും  സ്കൂളിന്റെ ട്രാവലർ ബസ്സിനുള്ളിൽ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പെൺകുട്ടി പോലീസിന് മൊഴി നൽകിയത്. പെൺകുട്ടിയെ ഡ്രൈവറുടെ തൊട്ട് പിറകിലുള്ള സീറ്റിൽ ആൺകുട്ടികൾക്കൊപ്പമിരുത്തി വാഹനത്തിന്റെ ഗിയർ മാറ്റുന്നതിനിടെ പെൺകുട്ടിയുടെ ശരീരത്തിൽ  ഡ്രൈവർ തടവിയതായാണ് പരാതി.

കുശാൽ നഗർ ഗേറ്റിനടുത്തും  പുതിയകോട്ട ടൗണിലും  രണ്ട് തവണ പ്രതി ഇതാവർത്തിച്ചു. സ്കൂളിലെത്തി പെൺകുട്ടി അധ്യാപികയോട് വിവരം പറഞ്ഞു. സ്കൂൾ അധികൃതർ വീട്ടുകാരെ അറിയിച്ചതിനെതുടർന്നാണ്  പോലീസ് കേസ്സായത്. ഇബ്രാഹീംകുഞ്ഞിയെ സ്കൂൾ ഡ്രൈവർ ജോലിയിൽ നിന്നും മാറ്റുകയും ചെയ്തു.

പോക്സോ കോടതിയിൽ കേസ്സിന്റെ വിചാരണ അന്തിമഘട്ടത്തിലെത്തിയിരുന്നു. ശിക്ഷ ലഭിക്കാൻ ഏറെ സാധ്യതയുണ്ടായിരുന്ന കേസ്സിലാണ് പരാതിക്കാരി കൂറുമാറിയതിനെതുടർന്ന് പ്രതി ശിക്ഷയിൽ നിന്നും രക്ഷപ്പെട്ടത്. പ്രതിക്കു വേണ്ടി ഹൊസ്ദുർഗ് ബാറിലെ അഭിഭാഷക എൻ. വി. ഗീത ഹാജരായി.

LatestDaily

Read Previous

രണ്ടരക്കോടി രൂപ പ്രതികൾ തട്ടിയെടുത്തത് ഒന്നരലക്ഷം രൂപക്ക് വാങ്ങിയ മുക്ക് പണ്ടമുപയോഗിച്ച്

Read Next

കോളിച്ചാൽ ഗ്രാമീൺ ബാങ്കിൽ ലക്ഷങ്ങളുടെ മുക്ക്പണ്ട തട്ടിപ്പ്