കാഞ്ഞങ്ങാട്: കാലിച്ചാനടുക്കം ഗവ. ഹൈസ്കൂൾ തുറന്നപ്പോൾ, ക്ലാസ്സ് മുറിയിൽ പത്തി വിടർത്തി മൂർഖൻ പാമ്പ്. നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി അധ്യാപക രക്ഷാകർതൃസമിതി സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനിടെയാണ് ക്ലാസ്സ് മുറികൾ തുറന്നത്.
എൽപി സ്കൂൾ ക്ലാസ്സ് മുറി തുറന്നപ്പോഴാണ് മൂലയിൽ പത്തി വിടർത്തി ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടത്. സ്ത്രീകളാണ് എൽപി വിഭാഗത്തിന്റെ ക്ലാസ്സ് മുറി വൃത്തിയാക്കാനെത്തിയത്. നിലവിളിച്ച് സ്ത്രീകൾ പുറത്തേക്കോടി. ക്ലാസ്സ് മുറി ഭദ്രമായി അടച്ച ശേഷം വിവരം വനപാലകരെ അറിയിച്ചു. കാഞ്ഞങ്ങാട് നിന്നും ഫോറസ്റ്റ് ഓഫീസർ കെ. അഷ്റഫിന്റെ നേതൃത്വത്തിൽ ഫോറസ്റ്റ് ജീവനക്കാരെത്തി മൂർഖനെ പിടികൂടി. കരിമൂർഖനെ വനത്തിനുള്ളിൽ ഉപേക്ഷിക്കുമെന്ന് വനപാലകർ പറഞ്ഞു.