20 കേസ്സുകളിൽക്കൂടി പൂക്കോയയ്ക്ക് ജാമ്യം, 39 കേസ്സുകളിൽ റിമാൻറിൽ

കാഞ്ഞങ്ങാട്: ജാമ്യക്കാർ ഹാജരായതിനെ തുടർന്ന് ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ്സിൽ മുഖ്യപ്രതി ടി. കെ.  പൂക്കോയയ്ക്ക് 20 കേസ്സുകളിൽ കൂടി കോടതി ജാമ്യമനുവദിച്ചു. നേരത്തെ 31 കേസ്സുകളിൽ ജാമ്യമനുവദിച്ചതടക്കം ഇതോടെ 51 കേസ്സുകളിൽ  ഹൊസ്ദുർഗ്ഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി പൂക്കോയയ്ക്ക് ജാമ്യമനുവദിച്ചു.

കണ്ണൂർ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ചന്തേര പോലീസ് രജിസ്റ്റർ ചെയ്ത 16 കേസ്സുകളിൽ നേരത്തെ ഹൊസ്ദുർഗ്ഗ് മജിസ്ട്രേറ്റ് കോടതി ജാമ്യമനുവദിച്ചിരുന്നു.  ജാമ്യക്കാരില്ലാത്തതിനാൽ,   ജാമ്യമനുവദിച്ച കേസ്സുകളിൽ ജാമ്യം സാധുവല്ലാതായി മാറി. ഇന്നലെ ജാമ്യക്കാർ നേരിട്ട് കോടതിയിലെത്തിയതോടെയാണ് ജാമ്യവിധി സാധുവായത്.

അമ്പത്തൊന്ന് കേസ്സുകളിൽ ജാമ്യം ലഭിച്ചെങ്കിലും നിക്ഷേപത്തട്ടിപ്പ് കേസ്സിലെ പ്രതിക്ക്  ജില്ലാ ജയിലിൽ നിന്നും പുറത്തിറങ്ങാനാവില്ല. ഹൊസ്ദുർഗ്ഗ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും മാത്രം 39 കേസ്സുകളിൽ ഇനി ജാമ്യം ലഭിക്കാനുണ്ട്. കാസർകോടും കണ്ണൂരിലുമായുള്ള കേസ്സുകളിൽ കൂടി ജാമ്യം ലഭിച്ചാൽ  പൂക്കോയയ്ക്ക്  ജില്ലാ ജയിലിൽ നിന്നും പുറത്ത് കടക്കാനാവൂ.

ജാമ്യം ലഭിക്കാത്ത 39 കേസ്സുകളിൽ ഇന്നലെ റിമാന്റ് കാലാവധി പൂർത്തിയായതിനാൽ അന്വേഷണ ഉദ്യോഗസ്ഥരുടെ അപേക്ഷ കൂടി പരിഗണിച്ച് പ്രതിയെ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് വീണ്ടും  റിമാന്റ് ചെയ്തു. വീഡിയോ കോൺഫറൻസ് വഴി ജയിലിൽ നിന്നും പൂക്കോയയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയായിരുന്നു.    

LatestDaily

Read Previous

ആർടി ഒാഫീസ് അഴിമതി: ഡ്രൈവിങ്ങ് സ്കൂളിൽ റെയ്ഡ്

Read Next

സിപിഎം ലോക്കൽ സമ്മേളനത്തിന് സപ്ളിമെന്റ് ഇറക്കി