ആർടി ഒാഫീസ് അഴിമതി: ഡ്രൈവിങ്ങ് സ്കൂളിൽ റെയ്ഡ്

പയ്യന്നൂർ: കൈക്കൂലിക്കേസ്സിൽ വിജിലൻസ് പിടിയിലായ സബ്ബ് റീജിയണൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കരിവെള്ളൂർ തെരുവിലെ പി. വി. പ്രസാദിന്റെ അഴിമതിയിൽ കൂട്ടാളികളായ ഡ്രൈവിങ്ങ് സ്കൂളിൽ വിജിലൻസ് റെയ്ഡ് പിലാത്തറ  ചുമടുതാങ്ങിയിലെ കേംബ്രിഡ്ജ് ഡ്രൈവിങ്ങ് സ്കൂളിലാണ് റെയ്ഡ് നടന്നത്.

കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി, ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ  വൈകുന്നേരം ചുമടുതാങ്ങിയിലെ കേംബ്രിഡ്ജ് മോട്ടോർ ഡ്രൈവിങ്ങ് സ്കൂളിൽ പരിശോധന നടത്തിയത്. ആർടി ഒാഫീസിൽ മാത്രം സൂക്ഷിക്കേണ്ട 22 ഒാഫീസ് രേഖകൾ ഇവിടെ നിന്നും വിജിലൻസ് കണ്ടെടുത്തു. വാഹന റജിസ്ട്രേഷന് അപേക്ഷിച്ചവരുടെ പേര് വിവരങ്ങളടങ്ങിയ രേഖകൾ, ഡ്രൈവിങ്ങ് ലൈസൻസിന് അപേക്ഷിച്ചവരുടെ രേഖകൾ മുതലായവ ഇവയിൽപ്പെടും.

സർവ്വീസിലിരിക്കെ മരിച്ച അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ ബിനാമിയാണ് ഡ്രൈവിങ്ങ് സ്കൂൾ നടത്തിപ്പുകാരൻ. ഈ ഉദ്യോഗസ്ഥൻ കൈക്കൂലിക്കേസ്സിൽ പിടിക്കപ്പെട്ടയാളാണ്. കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസിന്റെ പിടിയിലായ കരിവെള്ളൂരിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി. വി. പ്രസാദ് കേംബ്രിഡ്ജ് ഡ്രൈവിങ്ങ് സ്കൂളിലെ നിത്യ സന്ദർശകനായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

കൈക്കൂലിപ്പണം വാങ്ങുന്നതിൽ ഉദ്യോഗസ്ഥന്റെ ഇടനിലക്കാരാണ് ഡ്രൈവിങ്ങ് സ്കൂൾ നടത്തിപ്പുകാർ. കൈക്കൂലി വാങ്ങാനുള്ള ഇരകളെ കണ്ടെത്താനാണ് ആർടി ഒാഫീസ് രേഖകൾ ഡ്രൈവിങ്ങ് സ്കൂളിൽ സൂക്ഷിച്ചത്. പയ്യന്നൂർ സബ്ബ് ആർടി ഒാഫീസ് കേന്ദ്രീകരിച്ച് നടന്ന വൻ അഴിമതിയാണ് വിജിലൻസ് പുറത്തുകൊണ്ടുവന്നത്.

കൈക്കൂലിപ്പണം കൊണ്ട് കരിവെള്ളൂർ സ്വദേശിയായ  വെഹിക്കിൾ ഇൻസ്പെക്ടർ ഭൂമി വാങ്ങുകയും, ആഡംബര വീട് നിർമ്മിക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനം വഴി ഉദ്യോഗസ്ഥൻ വാങ്ങിയ ഭൂമിയുടെ ആധാരമടക്കം വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്. ആർടി ഒാഫീസ് അഴിമതിക്കെതിരെ സിഐടിയു മോട്ടോർ തൊഴിലാളി സംഘടന ഇന്ന് പയ്യന്നൂർ ആർടി ഒാഫീസിലേക്ക് മാർച്ച് നടത്തി.

LatestDaily

Read Previous

കാറിൽ മദ്യം കടത്തിയ കേസ്സിൽ അജാനൂർ കടപ്പുറം നേതാവിന്റെ വീട്ടിൽ റെയ്ഡ്

Read Next

20 കേസ്സുകളിൽക്കൂടി പൂക്കോയയ്ക്ക് ജാമ്യം, 39 കേസ്സുകളിൽ റിമാൻറിൽ