സഹകരണ ആശുപത്രി തുടങ്ങാൻ കൃഷ്ണ ആശുപത്രി വാടകയ്ക്ക് എടുക്കും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് ആരംഭിക്കാനിരിക്കുന്ന സഹകരണ ആശുപത്രിക്ക് കോട്ടച്ചേരി  കുന്നുമ്മലിലുള്ള കൃഷ്ണ ആശുപത്രി വാടകയ്ക്ക് വാങ്ങും. ഡോ: കെ. പി. കൃഷ്ണൻ നായർ ആരംഭിക്കുകയും, പിന്നീട് കൃഷ്ണൻ നായരുടെ മകൻ കൃഷ്ണൻ  ഏറെക്കാലം നടത്തിക്കൊണ്ടു പോവുകയും ചെയ്ത കൃഷ്ണ ആശുപത്രി കെട്ടിടം വാടകയ്ക്ക് വാങ്ങി സഹകരണ ആശുപത്രി ആരംഭിക്കാനാണ് ആശുപത്രി പ്രമോട്ടർമാരുടെ ശ്രമം.

കൃഷ്ണ ആശുപത്രി കെട്ടിടത്തിന് 1.25 ലക്ഷം രൂപ പ്രതിമാസ വാടകയും, ആശുപത്രിയിലുള്ള മൊത്തം ഉപകരണങ്ങൾക്ക് 1.25 കോടി രൂപ നിരത ദ്രവ്യവുമാണ് ആശുപത്രി ഉടമകൾ ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് പരേതനായ ഡോ: കെ. പി. കൃഷ്ണൻ നായരുടെ മൂത്ത മകൻ ഇപ്പോൾ ആസ്ത്രേലിയയിൽ സേവനം ചെയ്യുന്ന ഡോ: കൃഷ്ണന്റേതാണ്.

കാഞ്ഞങ്ങാട് സഹകരണ ആശുപത്രി 2008–ൽ കേരള സഹകരണ നിയമത്തിൻ കീഴിൽ റജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനമാണ്. അഡ്വ: പി. അപ്പുക്കുട്ടൻ, എം. പൊക്ലൻ, വി. വി. രമേശൻ എന്നിവർ പ്രമോട്ടർമാരായാണ് പത്തു വർഷം മുമ്പ് കാഞ്ഞങ്ങാട് സഹകരണ ആശുപത്രി റജിസ്റ്റർ ചെയ്തത്. കൃഷ്ണ നഴ്സിംഗ് ഹോം ഉടമ ഡോ: കൃഷ്ണൻ 2021 നവംബറിൽ നാട്ടിലെത്തിയാൽ ഉടമ്പടി ഉണ്ടാക്കി നഴ്സിംഗ് ഹോം വാടകയ്ക്ക് ഏറ്റെടുത്ത് കാഞ്ഞങ്ങാട് സഹകരണ ആശുപത്രി ആരംഭിക്കാനാണ് പ്രമോട്ടർമാർ ലക്ഷ്യമിട്ടിട്ടുള്ളത്.

ആശുപത്രിയുടെ പരസ്യ ബോർഡുകളിലും മറ്റും  ഡോ: കെ. പി. കൃഷ്ണൻ നായരുടെ സ്മരണാർത്ഥം “കൃഷ്ണ” എന്ന് ഉപയോഗിക്കണമെന്ന നിർദ്ദേശം ഡോ: കെ. പി. കൃഷ്ണൻ നായരുടെ സഹധർമ്മിണി സതിയമ്മയും പെൺമക്കളായ കുമാരിയും, മല്ലികയും മുന്നോട്ടുവെച്ചിട്ടുണ്ട്. അസ്ഥിരോഗ വിദഗ്ധൻ ഡോ: എം. ആർ നമ്പ്യാരുടെ പത്നിയാണ് കുമാരി. പരേതനായ ഡോ: എൻ. പി. രാജന്റെ പത്നിയാണ് മല്ലിക. കൃഷ്ണ ആശുപത്രിയുടമകൾ മുന്നോട്ടുവെച്ച വാടക വ്യവസ്ഥകൾ സഹകരണ ആശുപത്രി പ്രമോട്ടർമാർ ഏതാണ്ട് അംഗീകരിച്ചിട്ടുണ്ട്. സഹകരണ ആശുപത്രി 2021 ഡിസംബറിൽ ആരംഭിക്കുമെന്ന് പ്രമോട്ടർമാരിൽ ഒരാളായ പി. അപ്പുക്കുട്ടൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

LatestDaily

Read Previous

ജാമ്യക്കാർ ആരുമെത്തിയില്ല പൂക്കോയയുടെ റിമാന്റ് നീട്ടാൻ കോടതിയിൽ

Read Next

സായാഹ്ന പത്രത്തിനെതിരെ 53 വീട്ടമ്മമാരുടെ പരാതി