ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബേക്കൽ: ലോഡ്ജുകൾ അനാശാസ്യ കേന്ദ്രങ്ങളായി മാറിയതോടെ, ബേക്കൽ പോലീസ് സബ് ഡിവിഷനിൽ പ്രദേശത്തുള്ള ലോഡ്ജുടമകളുടെ യോഗം പോലീസ് വിളിച്ചു ചേർക്കും. ബേക്കൽ ഡിവൈഎസ്പി, സി. കെ. സുനിൽ കുമാറാണ് കളനാട് മുതൽ ചേറ്റുകുണ്ട് വരെയും, ചട്ടഞ്ചാലിലും അമ്പലത്തറയിലും, ആദൂർ പോലീസ് പരിധിയിലുമുള്ള ലോഡ്ജുടമകളുടെ യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചത്.
ബേക്കൽ പോലീസ് സബ് ഡിവിഷൻ പരിധിയിലുള്ള പ്രദേശങ്ങളിലെ ചെറുതും വലുതുമായ ലോഡ്ജുകളിൽ കഴിഞ്ഞ ദിവസം പകൽ പോലീസ് മിന്നൽ പരിശോധന നടത്തിയിരുന്നു. പന്ത്രണ്ട് ലോഡ്ജുകളിൽ നടത്തിയ പരിശോധനയിൽ പത്ത് ലോഡ്ജ് മുറികളിലും കമിതാക്കളെ കണ്ടെത്തിയിരുന്നു.
പകൽ നേരത്ത് ഹോട്ടൽ മുറികളിൽ ഒത്തുകൂടിയ കമിതാക്കളുടെ പേരോ, മറ്റു വിവരങ്ങളോ, തിരിച്ചറിയൽ രേഖകളോ, ഒന്നും തന്നെ ലോഡിജുകളിലെ റജിസ്റ്ററിൽ എഴുതി ചേർത്തതായി പത്തു ലോഡ്ജുകളിലും കണ്ടില്ല. ലോഡ്ജുകളിൽ ആർക്കായാലും മുറി തുറന്നു കൊടുക്കണമെങ്കിൽ തിരിച്ചറിയൽ കാർഡിന്റെ പകർപ്പുകളും പേരും ശരിയായ വിലാസവും നിർബ്ബന്ധമാണ്. വിദേശ ടൂറിസ്റ്റുകളാണ് ലോഡ്ജുകളിൽ മുറി തേടിയെത്തുന്നതെങ്കിൽ പാസ്പോർട്ടിന്റെ പകർപ്പുകൾ നിർബ്ബന്ധമായും ലോഡ്ജ് മാനേജർ ശേഖരിക്കണം.
അത്തരം പാസ്പോർട്ടിലുള്ള സന്ദർശകർ ഹോട്ടലിൽ താമസിക്കുന്ന വിവരം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ യഥാസമയം അറിയിക്കുകയും വേണം. മുകളിലുദ്ധരിച്ച യാതൊരു നടപടികളും പാലിക്കാതെയാണ് ഉദുമയിലും, പാലക്കുന്നിലും ബേക്കൽ ടൗണിലും കമിതാക്കളായി എത്തിയ സ്ത്രീ–പുരുഷൻമാർക്ക് ലോഡ്ജിന്റെ വാതിലുകൾ മലർക്കെ തുറന്നു കൊടുത്തിട്ടുള്ളത്. നിബന്ധനകൾ പാലിച്ചുകൊണ്ട് മാത്രമേ മേലിൽ ആർക്കായാലും ലോഡ്ജുകളിൽ മുറി നൽകാൻ പാടുള്ളൂവെന്ന് ലോഡ്ജുടമകളെ പോലീസ് ബോധ്യപ്പെടുത്തും.
പിന്നീടും നിയമലംഘനം നടത്തി ലോഡ്ജുകൾ സ്വന്തം വീടുപോലെ കമിതാക്കൾക്ക് തുറന്നു കൊടുക്കുന്ന ലോഡ്ജുടമകളുടെ പേരിൽ കേസ്സ് റജിസ്റ്റർ ചെയ്യാനാണ് പോലീസിന്റെ തീരുമാനം. ലോഡ്ജുടമകളുടെ യോഗം ഒരാഴ്ചയ്ക്കകം വിളിച്ചുചേർക്കാൻ ബേക്കൽ ഡിവൈഎസ്പി നിർദ്ദേശിച്ചിട്ടുണ്ട്.