ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്തിന്റെ കൊവ്വൽപ്പള്ളിയിലുള്ള വീടിന് സ്റ്റീൽ ബോംബെറിഞ്ഞ കേസ്സിൽ പ്രതിയെന്ന് കരുതുന്ന യുവാവിന്റെ ദൃശ്യം പോലീസ് പുറത്തുവിട്ടു. 2021 ആഗസ്ത് 27-ന് രാത്രി 11.28 നാണ് കൊവ്വൽപ്പള്ളി മന്തേത്താവിയിലുള്ള പത്രാധിപരുടെ വീടിന് രണ്ടംഗ സംഘം സ്റ്റീൽ ബോംബെറിഞ്ഞത്. ഇരുചക്ര വാഹനത്തിൽ ദേശീയപാത വഴി വടക്കു ഭാഗത്ത് നിന്ന് രാത്രിയിലെത്തിയ രണ്ടംഗ സംഘം വീടിന് ബോംബെറിഞ്ഞയുടൻ ബൈക്കിൽ കടന്നു കളയുകയായിരുന്നു.
കൊവ്വൽപ്പള്ളിയിൽ നിന്ന് കെഎസ്ടിപി റോഡിൽ കടന്ന സംഘം കാഞ്ഞങ്ങാട് സൗത്ത് ജംഗ്ഷനിൽ നിന്ന് ദേശീയ പാത, ആറങ്ങാടി വഴി കാസർകോട് ഭാഗത്തേക്ക് കടക്കുകയായിരുന്നു. ബോംബെറിഞ്ഞതിന് മൂന്ന് നാൾ മുമ്പ് ആഗസ്ത് 24-ന് കാലത്ത് വീട് നിരീക്ഷിച്ച് ഉറപ്പാക്കാനെത്തിയ യുവാവിന്റെ ദൃശ്യമാണ് കേസ്സന്വേഷണ സംഘം ഇപ്പോൾ പുറത്തു വിട്ടത്. ഇരുപത്തിയെട്ടിന് താഴെ പ്രായം തോന്നിക്കുന്ന പാന്റ്സും, ഫുൾസ്ലീവ് ഷർട്ടും ഷോൾഡർ ബാഗും ധരിച്ച യുവാവ് തലയിൽ മുസ്്ലീം മതവിശ്വാസികൾ ധരിക്കാറുള്ള തൊപ്പി ധരിച്ചിരുന്നു.
സംഭവ ദിവസം കാലത്ത് കൊവ്വൽപ്പള്ളി ടൗൺ ജംഗ്ഷനിൽ നിന്ന് നടന്നുവന്ന ഈ യുവാവ് ലേറ്റസ്റ്റ് കെട്ടിടത്തിന് തൊട്ട് വടക്കുഭാഗത്തുള്ള റോഡിലൂടെ നടന്നുചെന്ന് പത്രാധിപരുടെ വീട് നിരീക്ഷിച്ച് നിമിഷങ്ങൾക്കകം കെഎസ്ടിപി റോഡിലൂടെ തെക്ക് മാതോത്ത് ഭാഗത്തേക്കാണ് പോയത്. യുവാവ് പത്രാധിപരുടെ വീടിന് തൊട്ടടുത്തു വരെ എത്തിയതും കെഎസ്ടിപിറോഡിലേക്ക് തിരിച്ചു കയറുന്നതുമായ ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്. യുവാവിന്റെ വസ്ത്രധാരണവും മറ്റും കണ്ടിട്ട് മഞ്ചേശ്വരം കുമ്പള പോലീസ് അതിർത്തിയിൽ താമസിക്കുന്ന ആളാകാനുള്ള നിഗമനത്തിലാണ് അന്വേഷണ സംഘം.
27- ന് രാത്രിയിൽ പൾസർ ബൈക്കിൽ ബോംബുമായെത്തിയ രണ്ടംഗ സംഘത്തിൽ ഒരാൾ ഈ യുവാവ് തന്നെയാണെന്ന നിഗമനത്തിലും അന്വേഷണ സംഘം എത്തിച്ചേർന്നിട്ടുണ്ട്. കാസർകോട്- കണ്ണൂർ ജില്ലകളിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും നവ മാധ്യമങ്ങൾ വഴിയും ഈ ദൃശ്യങ്ങൾ പോലീസ് പുറത്തു വിട്ടിട്ടുണ്ട്. പ്രതികൾ ഇരുവരും സംഭവ ദിവസം ബോംബുമായി ആറങ്ങാടി വഴി വരുന്ന മറ്റൊരു ദൃശ്യം പുറത്തു വിടാനുള്ള നീക്കങ്ങൾ അന്വേഷണ സംഘം നടത്തിവരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ച ഫോൺകോൾ രജിസ്റ്റർ പരിശോധിച്ചശേഷം നിരവധി പേരെ ഇതിനകം ചോദ്യം ചെയ്ത് വിട്ടയച്ചു. ഫോൺ ടവർ ഡംമ്പ് രേഖകൾക്ക് വേണ്ടി അന്വേഷണ സംഘം കാത്തിരിക്കുകയാണ്. ദൃശ്യത്തിലുള്ള യുവാവിനെക്കുറിച്ച് ഏതെങ്കിലും വിധത്തിലുള്ള സൂചനകൾ ലഭിക്കുന്നവർ 94979 87220, 94979 90148 എന്നീ നമ്പറുകളിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി, പോലീസ് ഇൻസ്പെക്ടർ എന്നിവർക്ക് വിവരം കൈമാറണമെന്ന് അന്വേഷണ സംഘം അറിയിക്കുന്നു.