ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊലയ്ക്ക് പ്രേരിപ്പിച്ചത് സ്വർണ്ണത്തർക്കവും കുടുംബ പ്രശ്നങ്ങളും
തലശ്ശേരി: എന്നും എവിടെ പോവുമ്പോഴും പിന്നാലെ കൈപിടിച്ച് നടക്കാൻ കൊതിക്കുന്ന കൊച്ചുമകളെയും ഭാര്യയെയും ഇല്ലാതാക്കാൻ തലശ്ശേരിയിലെ കുടുംബ കോടതി ജിവനക്കാരൻ നടത്തിയത് ആസൂത്രിത നീക്കങ്ങൾ. ഇയാളെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചത് സ്വർണ്ണത്തർക്കവും ഭാര്യ തന്റെ ഇഷ്ടാനിഷ്ടങ്ങളെ ഇടക്കിടെ ചോദ്യം ചെയ്യുന്നതിലുള്ള വൈരാഗ്യവും.
ഒന്നര വയസുകാരി അൻവിതയെ പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ പാട്യം പത്തായക്കുന്നിലെ കുപ്യാട്ട് വീട്ടിൽ കെ.പി.ഷിനു എന്ന ഷിജുവിനെ പ്രാഥമികമായി ചോദ്യം ചെയ്തതിൽ നിന്നും പോലീസിന് ലഭിച്ച സൂചനയാണിത്. ഇക്കഴിഞ്ഞ വിജയദശമി നാളിൽ വൈകീട്ടാണ് പാത്തിപ്പാലം പുഴയ്ക്ക് കുറുകെയുള്ള ചെക്ക്ഡാം നടപ്പാതയിൽ നിന്നും ഭാര്യ ഈസ്റ്റ് കതിരൂർ എൽ.പി.സ്കൂൾ അധ്യാപിക സോനയെയും, സോനയുടെ കൈയ്യിലിരുന്ന് പുഴ കാണുകയായിരുന്ന മകൾ അൻവിതയെയും ഓർക്കാപ്പുറത്ത് ഷിജു വെള്ളത്തിലേക്ക് തള്ളിയിട്ടത്.
ആദ്യം മകളും പിന്നാലെ ഭാര്യയും വീഴുന്നത് ഇയാൾ നോക്കി നിന്നു. മകൾ ഒഴുക്കിൽപ്പെട്ട് മുങ്ങി. വീഴ്ച്ചയിൽ ചെക്ക്ഡാമിന്റെ സ്ലാബിൽ പിടിച്ച സോന രക്ഷിക്കാനായി ഭർത്താവ് ചാടിയെത്തുന്നതും നോക്കി നിന്നുവെങ്കിലും ഭർത്താവ് അനങ്ങിയില്ല. എന്നാൽ രണ്ടു പേരെയും ,കൊല്ലാനുറപ്പിച്ച ഷിജു കാലിലെ ചെരിപ്പൂരി സോനയുടെ കൈയ്യിലടിച്ച് പുഴയിലേക്ക് വീഴ്ത്തുകയായിരുന്നു. നിലവിളി കേട്ടെത്തിയ പരിസരവാസികൾ പുഴക്കരയിലെ കൈതക്കാട്ടിൽ കുടുങ്ങിയ സോനയെ ജീവിതത്തിലേക്ക് കരകയറ്റി.
സോന രക്ഷപ്പെട്ടില്ലായിരുന്നുവെങ്കിൽ ഷിജു നടത്തിയ ക്രൂരതയുടെ കഥ മാറിയേനെ. സംഭവം അപകട മരണമായി മാറ്റാനുള്ള തിരക്കഥയ്ക്ക് ദിവസങ്ങൾക്ക് മുമ്പെ തന്നെ ഇയാൾ രൂപം നൽകിയിരുന്നു. ഇതിനായി രണ്ട് ദിവസം മുമ്പ് പാത്തിപ്പാലം പുഴക്കരയിൽ പ്രതിയെത്തിയിരുന്നു. പുഴയിൽ വെള്ളം പൊങ്ങിയിട്ടുണ്ടെന്നും കാണാമല്ലോ എന്നും പറഞ്ഞ് സംശയത്തിന് ഇട നൽകാതെയാണ് ബൈക്കിൽ ഭാര്യയെയും മകളെയും ഘാതകൻ മരണ തീരത്ത് കൊണ്ടുവന്നത്.
നാടകം പൊളിഞ്ഞതോടെ പുഴക്കരയിൽ നിന്നും ഷിജു ഓടി മറഞ്ഞു. എന്തു വേണമെന്നറിയാതെ ഓട്ടോയിൽ കയറി പാനൂർ ഭാഗത്തേക്കും പിന്നീട് ബസ്സിൽ തലശ്ശേരി, കണ്ണൂർ, കോഴിക്കോട്, വയനാട്ടിലും പോയി. ശനിയാഴ്ച രാവിലെ തിരികെ ഇരിട്ടി വഴി മട്ടന്നൂരിൽ എത്തിയാണ് മഹാദേവ ക്ഷേത്രക്കുളത്തിൽ ചാടിയതെന്നാണ് മൊഴി. ഭാര്യയേയും മകളെയും കൊല ചെയ്ത് ഒറ്റക്ക് കഴിയാനായിരുന്നു മോഹം.
എന്നാൽ ഇക്കാര്യം പോലിസ് വിശ്വസിക്കുന്നില്ല. മൂന്ന് വർഷം മുമ്പാണ് വിവാഹ ബ്യൂറോ വഴി ഷിജു സോനയെ കണ്ടെത്തിയത്.കല്യാണം നടക്കാനായി ജാതകം തിരുത്തിയതും കോടതിയിലെ രാത്രി ഡ്യൂട്ടി മറച്ചുവെച്ചതും ഷിജു വെളിപ്പെടുത്തിയത് പിന്നീടാണ്. സോനയുടെ ശമ്പളം കൈകാര്യം ചെയ്യുന്നതും ഷിജുവാണ്. ഭാഗ്യപരീക്ഷണത്തിൽ കമ്പമുള്ള ഷിജു പതിവായി ആയിരക്കണക്കിന് രൂപയുടെ ലോട്ടറി ടിക്കറ്റ് വാങ്ങാറുണ്ട്. ഇയാളെ ജയിലിൽ നിന്നും കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കാൻ പോലീസ് ഇന്ന് കോടതിയെ സമീപിക്കും