കല്ല്യോട്ട് ഇരട്ടക്കൊല മന്ത്രി സിക്രട്ടറിയുടെ മൊഴി സിബിഐ ഇന്ന് രേഖപ്പെടുത്തും

കാഞ്ഞങ്ങാട്: കല്ല്യോട്ട് ഇരട്ടക്കൊലക്കേസ്സിൽ  സാക്ഷിപ്പട്ടികയിലുള്ള മന്ത്രിയുടെ പേഴ്സണൽ സിക്രട്ടറിയിൽ നിന്നും ഇന്ന് സിബിഐ മൊഴിയെടുക്കും. എക്സൈസ്–തദ്ദേശവകുപ്പ് മന്ത്രി എം. വി. ഗോവിന്ദന്റെ പിഏയും, സിപിഎം കാസർകോട് ജില്ലാ സിക്രട്ടറിയേറ്റംഗവുമായ വി. പി. പി. മുസ്തഫയിൽ നിന്നാണ് സിബിഐ ഇന്ന് മൊഴിയെടുക്കുന്നത്. കല്ല്യോട്ട് ഇരട്ടക്കൊലക്കേസ്സിൽ സാക്ഷിപ്പട്ടികയിലുള്ള സിപിഎം ജില്ലാക്കമ്മിറ്റിയംഗം വി. വി. രമേശൻ, സിപിഎം കാഞ്ഞങ്ങാട് ഏരിയാ സിക്രട്ടറി കെ. രാജ്മോഹൻ, കാസർകോട്ടെ അഭിഭാഷകൻ  ഏ. ജി. നായർ, കാഞ്ഞങ്ങാട്ടെ അഭിഭാഷക പി. ബിന്ദു എന്നിവരിൽ നിന്ന് സിബിഐ മൊഴിയെടുത്തു.

പെരിയ ഇരട്ടക്കൊലപാതകം നടക്കുന്നതിന് മുമ്പ് നടന്ന സിപിഎം പ്രതിഷേധ യോഗത്തിൽ വി. പി. പി. മുസ്തഫ നടത്തിയ പ്രസംഗം കലാപത്തിന് ആഹ്വാനം നൽകുന്നതായിരുന്നുവെന്ന് കോൺഗ്രസ്സ് പ്രവർത്തകർ ആരോപിച്ചിരുന്നു. സിപിഎം പ്രവർത്തകർക്ക് നേരെ കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് നടത്തിയ യോഗത്തിലാണ് മുസ്തഫ വിവാദ പ്രസംഗം നടത്തിയത്.

സിപിഎം പ്രവർത്തകനും കല്ല്യോട്ട് ഇരട്ടക്കൊലക്കേസ്സിലെ ഒന്നാം പ്രതിയുമായ പീതാംബരനെ കൊല്ലപ്പെട്ട ശരത് ലാലിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞുനിർത്തി കയ്യേറ്റം ചെയ്തിരുന്നു. പീതാംബരന്റെ കൈ തല്ലിയൊടിച്ച സംഭവത്തിൽ ശരത് ലാലടക്കമുള്ളവർക്കെതിരെ ബേക്കൽ പോലീസ് വധശ്രമത്തിന് കേസ്സെടുത്തിരുന്നു.

പീതാംബരനെ ആക്രമിച്ചതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ വൈരാഗ്യമാണ് കല്ല്യോട്ട് ഇരട്ടക്കൊലപാതകത്തിന് കാരണമായത്. ശരത് ലാലിനെ ലക്ഷ്യമിട്ടെത്തിയ അക്രമിസംഘത്തിന്റെ കെണിയിൽ കൃപേഷും അകപ്പെടുകയായിരുന്നു. കേരളത്തിലും പ്രവാസ ലോകത്തും  ഏറെ കോളിളക്കമുണ്ടാക്കിയ സംഭവത്തിൽ ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നുവെങ്കിലും കൊല്ലപ്പെട്ട യുവാക്കളുടെ രക്ഷിതാക്കൾ സിബിഐ അന്വേഷണത്തിൽ ഉറച്ചുനിന്നതോടെയാണ് കേസ്സന്വേഷണം കോടതി സിബിഐയ്ക്ക് വിട്ടത്.

LatestDaily

Read Previous

ടൗൺ സ്ക്വയർ; നഷ്ടമാകുന്നത് ഏക പൊതുസ്ഥലം

Read Next

പതിമൂന്നുകാരി അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ