ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി വൻതുക ചെലവഴിച്ച് നിർമ്മിക്കുന്ന ടൗൺ സ്ക്വയറിന് കാഞ്ഞങ്ങാട് പരിസരത്ത് ഒട്ടേറെ സ്ഥലങ്ങൾ ലഭ്യമാകുമായിരുന്നുവെന്നിരിക്കെ നഗരത്തിലുള്ള ഏക പൊതു സ്ഥലം പിടിച്ചെടുത്ത് ടൗൺ സ്ക്വയർ നിർമ്മിക്കുന്നത് ഗുണത്തെക്കാളേറെ ദോഷകരമായി മാറി. കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്തും, നഗരം വികസിച്ചതോടെ നോർത്ത് കോട്ടച്ചേരിയിലേക്കും രാഷ്ട്രീയ പാർട്ടികളുടെയും മറ്റ് സംഘടനകളുടെയും പൊതു യോഗങ്ങൾ ഇടം തേടിയിരുന്നു.
നോർത്ത് കോട്ടച്ചേരിയിൽ തിരക്ക് വർദ്ധിച്ചതോടെ, വലിയ ആൾക്കൂട്ടങ്ങളടങ്ങിയ പൊതു യോഗങ്ങൾ സംഘടിപ്പിക്കുന്നതിന് ഏക ആശ്രയമായിരുന്ന നെഹ്റു മൈതാനമാണ് ടൗൺ സ്ക്വയറിന് വഴിമാറിയത്. വിശാലമായ മൈതാനത്തെ പൊതു യോഗങ്ങളിൽ മുഖ്യമന്ത്രിയടക്കം പ്രമുഖർ പങ്കെടുത്ത് പതിനായിരങ്ങൾ തടിച്ചുകൂടാറുണ്ട്. നഗരത്തിലെ തിരക്ക് കാലാനുസൃതമായി ഇപ്പോൾ ഹൊസ്ദുർഗിലേക്ക് കൂടി വ്യാപിച്ചിട്ടുണ്ട്.
സ്റ്റേറ്റ് ബാങ്ക് ശാഖയുൾപ്പെടെ ഇവിടേക്ക് മാറ്റപ്പെട്ടു. പോലീസ് സ്റ്റേഷൻ, ഡിവൈഎസ്പി ഒാഫീസ്, നഗരസഭാ കാര്യാലയം, ആർഡി ഒാഫീസ്, മിനി സിവിൽ സ്റ്റേഷൻ, ബാങ്കുകളും മറ്റും പ്രവർത്തിക്കുന്ന ഹൊസ്ദുർഗ് ടൗൺ ഹാൾ പ്രദേശം നിലവിൽ വലിയ തിരക്ക് അനുഭവപ്പെടുന്ന സ്ഥലമാണ്. നിന്ന് തിരിയാനിടമില്ലാത്ത രീതിയിൽ തിരക്ക് വർദ്ധിച്ചത് ഇവിടെ ഗതാഗതക്കുരുക്ക് നിത്യ സംഭവമായി. ഇതിനിടയിലാണ് ഇവിടെയുള്ള ടൗൺ ഹാൾ മൈതാനത്ത് പൂർണ്ണമായും കെട്ടിടവും, അനുബന്ധ പ്രവൃത്തികളും നടക്കുന്നത് രൂക്ഷമായ ഗതാഗതക്കുരുക്കിനും തിരക്കുകൾക്കും ഇടയാക്കും.
ടൂറിസം രംഗത്ത് നഗരത്തിന്റെ മുഖഛായ മാറ്റുമെന്ന പ്രഖ്യാപനത്തോടെയാണ് കാസർകോട് വികസന പാക്കേജിലുൾപ്പെടുത്തി 59 ലക്ഷത്തിന്റെ പദ്ധതിയും ടൂറിസം വകുപ്പിന്റെ പദ്ധതിയിൽപ്പെടുത്തി 4.98 കോടിയുടെ പദ്ധതിയും നടപ്പിലാക്കുന്നത്. പ്രവൃത്തികൾ രണ്ടും അതിവേഗം പുരോഗമിക്കുന്നുണ്ട്. ഇവിടെ ആംഫി തിയേറ്ററും, നടപ്പാതയും, ഭക്ഷണശാലയും, പാർക്കിംഗ് ഏരിയയുമുണ്ട്. ഏഴ് ലക്ഷം രൂപ ചെലവിട്ട് ഇവിടെ ശുചിമുറി നിർമ്മാണവും നടക്കുന്നു. തുറസ്സായി കിടന്നിരുന്ന നെഹ്റു മൈതാനം അടുത്ത വർഷം ആദ്യത്തോടെ കെട്ടിടപ്പറമ്പായി മാറും.