കാഞ്ഞങ്ങാട്: സംസ്ഥാന പാതയിൽ അതിഞ്ഞാൽ കോയപ്പള്ളി മുതൽ മാണിക്കോത്ത് ട്രാൻസ്ഫോർമർ വരെയുള്ള റോഡിന്റെ പടിഞ്ഞാറ് വശത്തെ തെരുവ് വിളക്കുകൾ കണ്ണ് ചിമ്മിയിട്ട് ആറ് മാസം കഴിഞ്ഞു.
മാണിക്കോത്ത് ഭാഗത്ത് നിന്ന് കൊളവയലിലേക്ക് പോകുന്നവർക്ക് ഏറെ ഉപകാരപ്രദമായിരുന്ന നടപ്പാതയ്ക്ക് വെളിച്ചം പകർന്ന തെരുവ് വിളക്കും കണ്ണടച്ചവയിൽപ്പെടും. ഇക്കഴിഞ്ഞ ഏപ്രിൽ 13–ന് രാത്രിയിലുണ്ടായ ഇടിമിന്നലിലാണ് തെരുവ് വിളക്കുകൾ നാശമായത്.
വിഷയം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തംഗത്തിന്റെയും, പഞ്ചായത്ത് ഭരണാധികാരികളുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും ആർക്കും ഒന്നും ചെയ്യാനായില്ല.ഒന്ന് ശ്രദ്ധിച്ചാൽ ഒരു ദിവസം കൊണ്ട് നേരെയാക്കാൻ കഴിയുമായിരുന്ന തെരുവ് വിളക്കാണ് മാസങ്ങളായി കണ്ണടച്ചിരിക്കുന്നത്. ഇനിയാരോടാണ് പരാതിപ്പെടേണ്ടതെന്ന സംശയത്തിലാണ് നാട്ടുകാർ.