ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: മടിക്കൈയുടെ മുഖഛായ മാറ്റുന്ന ടി.എസ്. തിരുമുമ്പ് സാംസ്ക്കാരിക സമുച്ചയത്തിന്റെ നിർമ്മാണം മടിക്കൈ അമ്പലത്തുകരയിൽ അവസാന ഘട്ടത്തിലെത്തി നിൽക്കെ തൊട്ടടുത്ത പ്രദേശമായ ചാളക്കടവിൽ ടി.എസ്. തിരുമുമ്പിന്റെ ശവകൂടീരം കാട് മൂടി അദ്ദേഹം താമസിച്ച പഴയ തറവാട് വീടും സ്ഥലവും നാശോന്മുഖമായി. വിപ്ലവകവി ടി.എസ്. തിരുമുമ്പിന്റെ സ്മരണകളുമായി അമ്പലത്തുകരയിൽ 3.77 ഏക്കർ ഭൂമിയിൽ 48.95 കോടി രൂപ ചിലവിൽ 69000 ചതുശ്രയടി വിസ്തീർണ്ണത്തിൽ സമുഛയം നിർമ്മാണം പുരോഗമിക്കുമ്പോഴാണ് ആരാരും തിരിഞ്ഞു നോക്കാതെ ഭക്ത കവിയുടെ ശവ കൂടീരം കാട് മൂടിയത്.
ടി.എസ്. തിരുമുമ്പിന്റെ കുടുംബ സ്വത്തായി ചാളക്കടവിലുള്ളള രണ്ടേക്കർ സ്ഥലത്താണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്. അദ്ദേഹം താമസിച്ചിരുന്ന പഴയ തറവാട് വീട് സംരക്ഷണമില്ലാതെ നശിച്ചുപോകുന്നതിനിടയിൽ അദ്ദേഹത്തിന്റെ പിൻമുറക്കാർ വീടിന്റെ വിലപിടിപ്പുള്ള ഉരുപ്പടികളുൾപ്പെടെ വിറ്റുതുലച്ചു. ബന്ധുക്കളെല്ലാം മറ്റ് പ്രദേശങ്ങളിൽ വീട് വെച്ച് താമസം മാറിയപ്പോൾ, തിരുമുമ്പിനെ അടക്കം ചെയ്ത പ്രദേശത്തെ പൂർണ്ണമായും കാട് വിഴുങ്ങി. വർഷങ്ങളായി കാട് മൂടിയ പ്രദേശം കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ തിരുമുമ്പ് വായനാശാല പ്രവർത്തകർ സ്മൃതി കുടീരത്തിലേക്ക് സ്മൃതിയാത്ര നടത്തി വെട്ടിത്തെളിച്ചിരുന്നു. യഥാർത്ഥത്തിൽ തിരുമുമ്പ് അന്ത്യവിശ്രമം കൊള്ളുന്നത് ചാളക്കടവിലായതിനാൽ, അദ്ദേഹത്തിന്റെ പേരിൽ പണി കഴിപ്പിക്കുന്ന മടിക്കൈ തിരുമുമ്പ് സമുച്ചയം വേണ്ടിയിരുന്നത് ചാളക്കടവിലായിരുന്നു.
അമ്പലത്തുകരയിൽ സ്കൂൾ കളിസ്ഥലം ഏറ്റെടുത്ത് കെട്ടിടം പണിയുന്നതിന് പകരം തിരുമുമ്പ് കുടുംബത്തിന്റെ രണ്ടേക്കർ സ്ഥലം സർക്കാർ ഏറ്റെടുത്ത് ഇവിടെ സമുച്ചയം നിർമ്മിക്കുന്നതാണ് ഉചിതമെന്ന് മടിക്കൈ സിപിഎമ്മിൽ നേരത്തെ അഭിപ്രായമുയർന്നിരുന്നു. നാട്ടുകാരുടെയും വായനശാല പ്രവർത്തകരുടെയും ചാളക്കടവിലുള്ള സിപിഎം പ്രവർത്തകരുടെയും അഭിപ്രായം മാനിക്കാതെ മൂന്ന് കിലോമീറ്റർ അപ്പുറത്ത് അമ്പലത്തുകരയിൽ തിരുമുമ്പ് സമുച്ചയം നിർമ്മാണമാരംഭിക്കുകയായിരുന്നു. നിർമ്മാണം പൂർത്തിയാകുന്ന സമുച്ചയത്തിൽ സംഗീത, നാടക, ചിത്ര, ശിൽപ്പ, കലാകേന്ദ്രങ്ങളും 650 പേർക്ക് പരിപാടി വീക്ഷിക്കാവുന്ന ഓപ്പൺ എയർ തിയേറ്ററുമുണ്ട്. ഭക്ഷണശാല, 250 പേർക്ക് ഇരിക്കാവുന്ന മീറ്റിംഗ് ഹാൾ, പ്രദർശന ഹാൾ എന്നിവ ഉൾപ്പെട്ടതാണ് സമുച്ചയം.
മടിക്കൈ പ്രദേശങ്ങളുടെ സാംസ്ക്കാരിക പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായി തിരുമുമ്പ് സമുച്ചയത്തെ മാറ്റാനാണ് തീരുമാനം. നാട്ടിലെ പൈതൃക കേന്ദ്രങ്ങളെ കൂട്ടിയിണക്കി വൻ ടൂറിസം സാധ്യതകളും ആരായുന്നുണ്ട്. 2022 ജനുവരിയിൽ തിരുമുമ്പ് സമുച്ചയത്തിന്റെ ഉദ്ഘാടനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുമ്പോൾ, അദ്ദേഹം ജീവിച്ച് മരിച്ച മണ്ണിനെയും അദ്ദേഹത്തിന്റെ ശവ കൂടീരത്തെയും അവഗണിച്ച് അമ്പലത്തുകരയിൽ ആധുനിക സമുച്ചയമുയരുന്നതിലെന്ത് കാര്യമെന്ന് സിപിഎം പ്രവർത്തകർ ചോദിക്കുന്നു.