കാഞ്ഞങ്ങാട്ട് നിരോധിത ലഹരി വസ്തു കള്ളക്കടത്തിനിടെ 3 പേർ പിടിയിൽ

കാഞ്ഞങ്ങാട്: കോട്ടച്ചേരി പഴയ ബസ് സ്റ്റാന്റിന് സമീപം നടന്ന പോലീസ് പരിശോധനയിൽ നിരോധിത ലഹരി വസ്തുക്കളുടെ വൻ ശേഖരം പിടികൂടി. ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ കെ. പി. ഷൈനും സംഘവും ഇന്നലെ രാത്രി 8.15 മണിക്ക് നടത്തിയ പരിശോധനയ്ക്കിടെയാണ് കാറിൽ കടത്താൻ ശ്രമിച്ച 1.30 ലക്ഷം രൂപയുടെ നിരോധിത ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്.

കാസർകോട് ഭാഗത്തുനിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് കെഎൽ 58 എച്ച് 5777 നമ്പർ കാറിൽ കടത്തിക്കൊണ്ടുവന്ന 8310 പായ്ക്കറ്റ് നിരോധിത ലഹരി വസ്തുക്കളാണ് ഹൊസ്ദുർഗ് ഐപിയും സംഘവും പിടിച്ചെടുത്തത്. കാറിനകത്ത് ചാക്കുകളിൽ നിറച്ച നിലയിലായിരുന്നു നിരോധിത ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്നത്.

കാഞ്ഞങ്ങാട്ടും പരിസരത്തുമുള്ള ഇടപാടുകാർക്ക് വിൽപ്പന നടത്താൻ ലക്ഷ്യമിട്ട് കൊണ്ടു വന്ന ലഹരി വസ്തുക്കളാണ് പോലീസ് പിടികൂടിയത്. കോഴിക്കോട് ചെക്കിയാട് ചാലിൽ മമ്മതിന്റെ മകൻ സി. അഫ്സൽ 27, ചെക്കിയാട് ആനപ്പറമ്പത്ത് മുഹമ്മദിന്റെ മകൻ ഒ. മജീദ് 32, ചെക്കിയാട് കല്ലുപുറത്ത് അബ്ദുള്ളയുടെ മകൻ കെ. പി. അബ്ദുൾ അസീസ് 32, എന്നിവരെയാണ് ലഹരി വസ്തു കള്ളക്കടത്തിനിടെ ഹൊസ്ദുർഗ് ഐപി, കെ. പി. ഷൈൻ പിടികൂടിയത്. പ്രതികൾക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്തു. നിരോധിത വസ്തുക്കൾ കടത്തിക്കൊണ്ടുവന്ന് ഫോൺ വഴി ഇടപാടുകാരെ വിളിച്ച് വിതരണം ചെയ്യുന്നതാണ് സംഘത്തിന്റെ രീതി.

LatestDaily

Read Previous

അഭിഭാഷകന്റെ അടച്ചിട്ട വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർച്ച ചെയ്തു

Read Next

വിവാഹാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ വീട്ടിൽക്കയറി ഭീഷണിപ്പെടുത്തി