ഫാഷൻ ഗോൾഡ് തട്ടിപ്പിനിരയായവർ നിയമസഭയിലേക്ക് മാർച്ച് നടത്തി

കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിനിരയായ നിക്ഷേപകർ പിഡിപി കാസർകോട് ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭാ മാർച്ച് നടത്തിയതോടെ ലീഗ് നേതാവിന്റെ നേതൃത്വത്തിൽ നടത്തിയ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് സംസ്ഥാനത്ത് വീണ്ടും ചർച്ചാവിഷയമാകുന്നു. കഴിഞ്ഞ ദിവസമാണ് പിഡിപി കാസർകോട് ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീകളടക്കമുള്ളവർ നിയമസഭയിലേക്ക് മാർച്ച് നടത്തിയത്.

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് ഇന്നലെ നിയമസഭയിലും ചർച്ചാവിഷയമായിരുന്നു. ലീഗ് എംഎൽഏയായിരുന്ന എം. സി. ഖമറുദ്ദീന്റെയും, ലീഗ് ജില്ലാ നേതാവ് ടി. കെ. പൂക്കോയയുടെയും നേതൃത്വത്തിൽ നടന്ന ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ കണ്ണൂർ, കാസർകോട് ജില്ലകളിലുള്ള എണ്ണൂറോളം പേരുടെ 150 കോടി രൂപയാണ് നഷ്ടപ്പെട്ടത്. ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിനെ ബിസിനസ് തകർച്ചയായി ലഘൂകരിക്കാൻ ശ്രമിച്ച ലീഗ് എംഎൽഏ, എൻ. ഷംസുദ്ദീനെതിരെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. ഫാഷൻ ഗോൾഡിന്റേത് ബിസിനസ് തകർച്ചയാണെന്നും സംഘടിത തട്ടിപ്പല്ലെന്നുമാണ് എൻ. ഷംസുദ്ദീൻ ന്യായീകരിക്കാൻ ശ്രമിച്ചത്.

ആൾക്കാരെ വഞ്ചിച്ചിട്ട് ന്യായീകരിക്കാൻ നാണമില്ലേയെന്നാണ് മുഖ്യമന്ത്രി ഷംസുദ്ദീനോട് ചോദിച്ചത്. കുറ്റവാളികളെ സംരക്ഷിക്കാൻ പരസ്യമായി ഇറങ്ങിയ എൻ. ഷംസുദ്ദീനെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി കടന്നാക്രമിച്ചത്. മുഖ്യമന്ത്രി എന്തിന് ചൂടാകുന്നുവെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് ഇത്രയും വലിയ തട്ടിപ്പ് നടന്നിട്ട് ന്യായീകരിക്കുന്നത് കേൾക്കുമ്പോൾ ചൂടാകാതിരിക്കുന്നതെങ്ങിനെയെന്ന മറു ചോദ്യമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്.

എണ്ണൂറോളം നിക്ഷേപകരുടെ സമ്പാദ്യം മുഴുവൻ കവർച്ച ചെയ്ത ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിനെ ന്യായീകരിക്കാനെത്തിയ ലീഗ് എംഎൽഏയെ  പരസ്യമായി വിവസ്ത്രനാക്കുന്ന രീതിയിലുള്ളതായിരുന്നു മുഖ്യമന്ത്രിയുടെ നിയമസഭയിലെ രോഷ പ്രകടനം. മുഖ്യമന്ത്രിയുടെ ഈ പ്രതികരണം നിക്ഷേപത്തട്ടിപ്പിനിരയായവർക്ക് പ്രത്യാശ പകരുന്നതാണ്. ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ നിരവധി സമരങ്ങൾ നടന്നിരുന്നുവെങ്കിലും പിഡിപിയുടെ ഇടപെടലോടെയാണ് വിഷയം സംസ്ഥാനം മുഴുവൻ വീണ്ടും സംസാര വിഷയമായത്.

നിക്ഷേപത്തട്ടിപ്പിനിരയായവർ പിഡിപി നേതൃത്വത്തിൽ മുഖ്യമന്ത്രിയെയും, സ്പീക്കറെയും നേരിൽക്കണ്ട് പരാതി നൽകിയിട്ടുണ്ട്. നിക്ഷേപകരുടെ പണം തിരികെ ലഭിക്കാൻ നിയമപരമായ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പരാതിക്കാർക്ക് ഉറപ്പും നൽകി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിയമസഭയ്ക്ക് മുന്നിൽ നടന്ന അഭ്യർത്ഥനാ മാർച്ചും നിൽപ്പ് സമരവും പിഡിപി സംസ്ഥാന വൈസ് ചെയർമാൻ സ്വാമി വർക്കല രാജ് ഉദ്ഘാടനം ചെയ്തു. ഇ. ബാലകൃഷ്ണൻ പഴയങ്ങാടി ആധ്യക്ഷം വഹിച്ചു.

പിഡിപി സംസ്ഥാന ജനറൽ സിക്രട്ടറി അജിത് കുമാർ ആസാദ്, കെ. കെ. സൈനുദ്ദീൻ തൃക്കരിപ്പൂർ, പിഡിപി സംസ്ഥാന സിക്രട്ടറി സുബൈർ പടുപ്പ്, കല്ലറ നളിനാക്ഷൻ, സെബീന മുഹമ്മദ് പടന്ന, പിടിയുസി സംസ്ഥാന സിക്രട്ടറി യൂനുസ് തളങ്കര, ഷാഫി സുഹ്്രി പടുപ്പ്, മുത്തലീബ് എടച്ചാക്കൈ, ഹനീഫ തൃക്കരിപ്പൂർ, അഷ്റഫ് മുക്കൂർ, അസീസ് ഹാജി കുടക്, നസീമ പടന്ന, നിസാർ വടകര, ശശി കുമാരി വർക്കല, ഷാഫി നദ്്വി, സത്താർ പള്ളിത്തെരുവ്, സജാദ് റഹ്മാൻ, ഷാഹുൽ ഹമീദ് തൃക്കരിപ്പൂർ എന്നിവർ സമരത്തെ അഭിസംബോധന ചെയ്തു. ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ്സിൽ അന്വേഷണം ഇഴയുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നിയമസഭയിലെ രോഷപ്രകടനം കേസ്സന്വേഷണത്തിന് വേഗത കൂട്ടുമെന്നാണ് പ്രതീക്ഷ.

തട്ടിപ്പ് കേസ്സിൽ മുഖ്യപ്രതിയായ എം. സി. ഖമറുദ്ദീൻ അറസ്റ്റിലായി റിമാന്റ് കഴിഞ്ഞ് ജയിൽ മോചിതനായിട്ട് മാസങ്ങളായി. കേസ്സിലെ കൂട്ടുപ്രതിയായ ടി. കെ. പൂക്കോയയ്ക്ക് നിരവധി കേസ്സുകളിൽ കോടതി ജാമ്യമനുവദിച്ചതിനാൽ അദ്ദേഹവും ഉടൻ റിമാന്റിൽ നിന്ന് പുറത്തിറങ്ങും. കേസ്സന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഇതുവരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. പിഡിപിയുടെ നിയമസഭാ മാർച്ചോടെ കേസ്സന്വേഷണം വീണ്ടും ചൂടുപിടിക്കാനാണ് സാധ്യത.

LatestDaily

Read Previous

ധർമ്മടം മേലൂരിൽ ബോംബെറിഞ്ഞു സംഘർഷം പടരുന്നു; പൊട്ടിയത് ഐസ്ക്രീം ബോംബ്

Read Next

സിപിഎം നേതാക്കൾ ചികിത്സയിൽ