കാഞ്ഞങ്ങാട് തഹസിൽദാർക്കും വില്ലേജ് ഓഫീസർക്കുമെതിരെ വിജിലൻസ്

കാഞ്ഞങ്ങാട്:  കാഞ്ഞങ്ങാട് തഹസിൽദാർക്കും ഹൊസ്ദുർഗ് ടൗൺ വില്ലേജ് ഓഫീസർക്കുമെതിരെ കാഞ്ഞങ്ങാട് മദേഴ്സ് ആശുപത്രി ഉടമ ടി.കെ സഫ്രീന ജില്ലാകലക്ടർക്ക് നൽകിയ പരാതിയിൽ കഴമ്പുണ്ടെന്ന് വിജിലൻസിന്റെ കണ്ടെത്തൽ. ടി.കെ.സഫ്രീനയുടെ ഉടമസ്ഥതയിലുള്ള മദേഴ്സ് ആശുപത്രിക്ക് കെട്ടിട നികുതി അടച്ചിട്ടും വീണ്ടും വൻതുക കെട്ടിടനികുതി അടയ്ക്കണമെന്ന് നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് ഇവർ ജില്ലാകലക്ടർക്ക് പരാതി കൊടുത്തത്.

കൈക്കൂലിക്ക് വിലപേശാനാണ് റവന്യൂ അധികൃതർ തനിക്ക് വീണ്ടും നികുതിയടക്കാൻ നോട്ടീസ് നൽകിയതെന്നാണ് സഫ്രീന ജില്ലാകലക്ടർക്ക് നൽകിയ പരാതിയിൽ ആരോപിക്കുന്നത്. റവന്യൂ അധികൃതർ നിശ്ചയിച്ച നികുതിയടച്ചതിന് ശേഷം 12,49,200 രൂപയുടെ നികുതികൂടി അടയ്ക്കാനാവശ്യപ്പെട്ടതായാണ് സഫ്രീന പരാതിപ്പെട്ടത്.

പ്രസ്തുത നികുതി കുറച്ചു നൽകാൻ ഹോസ്ദുർഗ് വില്ലേജ് ഓഫീസർ കൈക്കൂലി  ആവശ്യപ്പെട്ടതായും ഇവർ ആരോപിച്ചു. ഈ വിഷയത്തിൽ വിജിലൻസ് ആന്റ്  ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ പരിശോധനയിലാണ് പരാതിയിൽ വാസ്തവമുണ്ടെന്ന് കണ്ടെത്തിയത്.

വിജിലൻസ് കാസർകോട് ഡിവൈഎസ്പി, പി.കെ. ദാമോദരന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പരാതിയിൽ വാസ്തവമുണ്ടെന്ന് കണ്ടെത്തിയത്. ഇതേതുടർന്ന് കൂടുതൽ പരിശോധനകൾക്കായി അനുമതിയാവശ്യപ്പെട്ട് ഡി.വൈ.എസ്.പി, കോഴിക്കോട് ഉത്തരമേഖലാ വിജിലൻസ് എസ്.പിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

LatestDaily

Read Previous

കാറ്റാടി ജിയോടവർ നിർമ്മാണം ഹൈക്കോടതി തടഞ്ഞു

Read Next

വെഹിക്കിൾ ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തി