തേൻകെണി അന്വേഷണം സൈബർ സെല്ലിന്

കാഞ്ഞങ്ങാട്: എഴുപത് കഴിഞ്ഞ റിട്ട: ബാങ്കുദ്യോഗസ്ഥനെ തേൻ കെണിയിൽ കുടുക്കി രണ്ട് ലക്ഷം രൂപ തട്ടിയെടുത്തെന്ന  പരാതിയിൽ അന്വേഷണം നടത്തി തേൻ കെണിയൊരുക്കിയ മലയാളി പെൺകുട്ടിയെ കണ്ടെത്താൻ അന്വേഷണ ചുമതല കാസർകോട് സൈബർ സെല്ലിന് കൈമാറി.

ഹൊസ്ദുർഗ് പോലീസിന് ലഭിച്ച പരാതിയിലാണ് പ്രതിയായ പെൺകുട്ടിയെ തിരിച്ചറിയുന്നതിനായി സൈബർ സെല്ലിന് കൈമാറിയത്. സൈബർ സെൽ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാൽ മാത്രമേ പണം തട്ടിയെടുത്ത പെൺകുട്ടിയെയും, ഇതിന് പിന്നിൽ പ്രവർത്തിച്ചവരെയും തിരിച്ചറിയാനാവൂ.

സാധാരണ ഫോൺ നമ്പർ ഉപയോഗിക്കുന്നതിന് പകരം ഇന്റർനെറ്റ് കോൾ ഉപയോഗിച്ചാണ് വെള്ളിക്കോത്ത് സ്വദേശിയായ ബാങ്കുദ്യോഗസ്ഥനെ പെൺകുട്ടി തന്ത്രപരമായ നീക്കത്തിലൂടെ കുടുക്കിയത്. ഇന്റർനെറ്റ് കോളിലൂടെ വീഡിയോ ചാറ്റിംഗ് നടത്തിയ പെൺകുട്ടി വൃദ്ധനായ റിട്ട: ഉദ്യോഗസ്ഥന് മുന്നിൽ വസ്ത്രമുരിയുകയായിരുന്നു.

വീഡിയോ കോളിലൂടെ സൗഹൃദം സ്ഥാപിച്ച് നിരന്തരം ബന്ധപ്പെട്ട പെൺകുട്ടി വീഡിയോകോൾ ചാറ്റിംഗിനിടെ വിവസ്ത്രയായി ഉദ്യോഗസ്ഥനോടൊപ്പമുള്ള സ്ക്രീൻഷോട്ടെടുക്കുകയായിരുന്നു. പെൺകുട്ടിയുടെ  നഗ്നമേനി നോക്കിക്കാണുന്ന റിട്ട: ബാങ്കുദ്യോഗസ്ഥന്റെ ഫോട്ടോയടങ്ങിയ സ്ക്രീൻഷോട്ട് പെൺകുട്ടി റിട്ട: ഉദ്യോഗസ്ഥന് അയച്ചു കൊടുത്ത ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. ചിത്രം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാതിരിക്കാൻ രണ്ട് ലക്ഷം രൂപ നൽകി. മൂന്ന് ലക്ഷം രൂപ കൂടുതൽ ആവശ്യപ്പെട്ട് ഭീഷണി തുടർന്നപ്പോഴാണ് റിട്ട. മാനേജർ പരാതിയുമായി പോലീസിലെത്തിയത്.

LatestDaily

Read Previous

പേവിഷബാധയേറ്റ് രണ്ടാം തരം വിദ്യാർത്ഥി മരിച്ചു

Read Next

മലബാർ ദേവസ്വത്തിൽ ജോലി വാഗ്ദാനം ചെയ്ത് സിപിഎം പാർട്ടി അംഗം ഒന്നരലക്ഷം രൂപ തട്ടിയെടുത്തു