ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ജില്ലാശുപത്രിയിലെ താൽക്കാലിക നിയമനങ്ങളിൽ വ്യാപകമായ പരാതിയുയർന്ന സാഹചര്യത്തിൽ പരാതികളെക്കുറിച്ചന്വേഷിക്കാൻ ആരോഗ്യവകുപ്പും ജില്ലാ പഞ്ചായത്തും ഇനിയെങ്കിലും തയ്യാറാകണം. രേഖാമൂലമായ പരാതി ലഭിച്ചില്ലെന്ന കാരണം പറഞ്ഞ് ജില്ലാശുപത്രിയിലെ ചില ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടക്കുന്ന കള്ളക്കളികൾക്ക് ആരോഗ്യവകുപ്പ് ഇനിയും കുട പിടിച്ച് കൊടുക്കരുത്.
ജില്ലാആശുപത്രിയിലെ താൽക്കാലിക നിയമനങ്ങങ്ങൾ ചുരുക്കം ചിലർ കുത്തകയാക്കി കൈയ്യടക്കി വെച്ചിരിക്കുകയാണെന്ന യാഥാർത്ഥ്യം ആരോഗ്യവകുപ്പിന്റെ ജില്ലാ ഉദ്യോഗസ്ഥരും, ജില്ലാ പഞ്ചായത്തും അവഗണിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടെങ്കിൽ അവ തിരുത്തപ്പെടേണ്ടതാണ്. ആശുപത്രി ഭരണകാര്യ വിഭാഗത്തിലെയും, ജില്ലാ മെഡിക്കൽ ഓഫീസിലെ ഉദ്യോഗസ്ഥരുടെയും ബന്ധുക്കളെയും, ആശ്രിതരെയും തിരുകിക്കേറ്റാനുള്ള ഇടമായി ആശുപത്രി തരം താഴ്ന്നിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം ജില്ലാ പഞ്ചായത്തിനും കൂടിയാണ്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത നിരവധി തൊഴിൽ രഹിതർ ജില്ലയിലുള്ളപ്പോഴാണ് ജില്ലാശുപത്രിയിലെ താൽക്കാലിക ഒഴിവുകൾ ഒരേ മുഖങ്ങൾക്ക് മാത്രം ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് ഒത്താശ ചെയ്യുന്നത് ആശുപത്രിയിലെ ഉദ്യോഗസ്ഥരാണെന്ന നാട്ടുകാരുടെ സംശയങ്ങൾക്ക് അറുതി വരുത്തേണ്ടത് ജില്ലാ പഞ്ചായത്തും ആരോഗ്യ വകുപ്പുമാണ്. ജില്ലാശുപത്രി ഭരണ നിർവ്വഹണം കുത്തഴിഞ്ഞ പുസ്തകം പോലെയാക്കിയതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ആരോഗ്യ വകുപ്പധികൃതർക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല.
താത്ക്കാലിക നിയമനത്തിലൂടെ ജോലിയിൽക്കയറി പത്ത് വർഷത്തിലധികമായി ജോലി ചെയ്യുന്ന ജീവനക്കാർ ജില്ലാശുപത്രിയിലുണ്ടെന്ന തൊഴിൽ രഹിതരുടെ വിലാപങ്ങൾ അധികൃതരുടെ ബധിര കർണ്ണങ്ങളിൽ ഇനിയും എത്തിയിട്ടില്ലെന്ന് വേണം കരുതാൻ. ആറ് മാസക്കാലത്തെ താൽക്കാലിക നിയമനം നേടി ജോലിയിൽ പ്രവേശിച്ചവർ സ്ഥിരം ജീവനക്കാരെപ്പോലെ പത്ത് വർഷം കഴിഞ്ഞിട്ടും തുടരുന്നുണ്ടെങ്കിൽ, ജില്ലാ പഞ്ചായത്തിന്റെയും ആശുപത്രി അധികൃതരുടെയും അനുഗ്രഹാശിസുകളുണ്ടായിരിക്കണമെന്നതിൽ യാതൊരു തർക്കവുമില്ല.
ജില്ലാശുപത്രിയിലെ ചില ഉദ്യോഗസ്ഥരുടെ ഇഷ്ടക്കാർ വിവിധ താൽക്കാലിക തസ്തികകളിൽ വളരെക്കാലമായി സേവനമനുഷ്ഠിക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. ആശുപത്രി പരിസരത്ത് താമസിക്കുന്നവരെ പരിഗണിക്കാതെ അയൽ ജില്ലയിൽ നിന്നുപോലും താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് പിന്നിൽ ആശുപത്രി ഭരണ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണെന്ന സംശയങ്ങളുയർന്ന സാഹചര്യത്തിൽ ജില്ലാ പഞ്ചായത്ത് വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്തണം.
ജില്ലാശുപത്രിയിലെ താൽക്കാലിക തസ്തികകളിൽ വർഷങ്ങളായി അള്ളിപ്പിടിച്ച് കിടക്കുന്ന താല്ക്കാലിക ജീവനക്കാരെ ഇടയ്ക്കെങ്കിലും മാറ്റി നിർത്തി പകരം പുതിയ ആൾക്കാർക്ക് തൊഴിലവസരം നൽകുകയെന്ന മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാൻ ജില്ലാ പഞ്ചായത്തും, ജില്ലാ മെഡിക്കൽ ഒാഫീസും തയ്യാറാകണം. താൽക്കാലിക തസ്തികകൾ കുടുംബ സ്വത്തായി കൈകാര്യം ചെയ്ത് ആശ്രിതരെ തിരുകിക്കയറ്റുന്ന ഉദ്യോഗസ്ഥർ തൊഴിൽ രഹിതരുടെ സങ്കടങ്ങൾകൂടി പരിഗണിക്കണം. ഇല്ലെങ്കിൽ തൊഴിൽ രഹിതരുടെ ശാപം ഇത്തരക്കാരെ തലമുറകളോളം പിന്തുടരരുമെന്നതിൽ സംശയമില്ല.
ജില്ലാശുപത്രി ഭരണ നിർവ്വഹണത്തിലും, ദൈനംദിനകാര്യങ്ങളിലുമുള്ള വീഴ്ചകൾ യഥാസമയം പരിഹരിക്കേണ്ടതുണ്ട്. മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളുള്ള ജില്ലാശുപത്രി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ബാലാരിഷ്ടതകളിൽ നിന്നും മോചിപ്പിക്കപ്പെട്ടിട്ടില്ലെന്ന യാഥാർത്ഥ്യം ആരോഗ്യവകുപ്പിന്റെ ഉന്നതാധികാരികൾ തിരിച്ചറിയണം.
ജില്ലാശുപത്രിയിലെ താൽക്കാലിക നിയമനത്തിൽ തൊഴിൽ രഹിതർക്കുള്ള അതൃപ്തിയെ ഇനിയും അവഗണിച്ചാൽ പ്രത്യാഘാതങ്ങൾ വലുതായിരിക്കുമെന്ന് അധികൃതർ തിരിച്ചറിയണം. ആശുപത്രി ഭരണനിർവ്വഹണ വിഭാഗത്തിലെ ചുരുക്കം ചില ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടക്കുന്ന ക്രമക്കേടുകൾക്ക് ആരോഗ്യ വകുപ്പ് മൊത്തം പഴി കേൾക്കേണ്ടി വരുന്ന സാഹചര്യം ലജ്ജാകരമാണ്. തൊഴിൽ രഹിതരായ അഭ്യസ്ത വിദ്യരുടെ സങ്കടങ്ങൾ കൂടി അധികൃതർ കേൾക്കാൻ തയ്യാറാകണം.