ആഡംബര വാഹനങ്ങൾ സ്വന്തമായുള്ളയാൾക്കും ജില്ലാശുപത്രിയിൽ താൽക്കാലിക നിയമനം

കാഞ്ഞങ്ങാട്: ജില്ലാശുപത്രിയിൽ അടുത്തിടെ നടന്ന ഡ്രൈവർ കം സെക്യൂരിറ്റി താൽക്കാലിക ഒഴിവിലേക്ക് നടന്ന ഇന്റർവ്യൂവിൽ കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ താമസിക്കുന്ന ഉദ്യോഗാർത്ഥിയെ ഒഴിവാക്കി മടിക്കൈ പഞ്ചായത്തിൽ താമസിക്കുന്ന 3 പേർക്ക് നിയമനം നൽകിയതായി പരാതി. ഇന്റർവ്യൂവിൽ പങ്കെടുത്ത ഉദ്യോഗാർത്ഥിയാണ് താൽക്കാലിക നിയമനത്തിനെതിരെ പരാതിയുയർത്തിയത്.

45 പേർ പങ്കെടുത്ത ഇന്റർവ്യൂവിൽ 3 മടിക്കൈ സ്വദേശികളെയും, ഒരു ചെറുവത്തൂർ സ്വദേശിയെയുമാണ് തെരഞ്ഞെടുത്തത്. ഇന്റർവ്യൂ നടന്ന ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആശുപത്രിയിലെത്തിയതായും ഇന്റർവ്യൂവിൽ പങ്കെടുത്ത ഉദ്യോഗാർത്ഥി പറഞ്ഞു. വാഴുന്നോറൊടിയിൽ താമസിക്കുന്ന ചെറുവത്തൂർ സ്വദേശി, മടിക്കൈ പഞ്ചായത്തിൽ താമസിക്കുന്ന 3 പേർ എന്നിങ്ങനെ 4 പേരെയാണ് ഇന്റർവ്യൂവിൽ തെരഞ്ഞെടുത്തത്.

മടിക്കൈ സ്വദേശികൾക്ക് ജില്ലാശുപത്രിയിൽ താൽക്കാലിക നിയമനം നൽകിയതിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഇടപെടൽ ഉണ്ടായതായി സംശയിക്കുന്നുവെന്ന് സിപിഎം അനുഭാവി കൂടിയായ ഉദ്യോഗാർത്ഥി പറഞ്ഞു. താൽക്കാലിക നിയമനത്തിലെ കൈകടത്തലുകൾക്കെതിരെ മുഖ്യമന്ത്രിക്കും, ആരോഗ്യമന്ത്രിക്കും പരാതി നൽകുമെന്ന് ഇന്റർവ്യൂവിൽ പുറം തള്ളപ്പെട്ട ഉദ്യോഗാർത്ഥി ലേറ്റസ്റ്റിനെ അറിയിച്ചു.

ടൂറിസ്റ്റ് ബസ്, ആഡംബരകാറുകൾ എന്നിവയടക്കം നിരവധി വാഹനങ്ങളുടെ ഉടമയായ തോയമ്മൽ സ്വദേശിയെ ജില്ലാശുപത്രിയിലെ താൽക്കാലിക സുരക്ഷാ ജീവനക്കാരനായി നിയമിച്ച വിവരവും പുറത്തു വന്നിട്ടുണ്ട്. രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12. 30 മണിവരെയുള്ള ജോലിക്ക് 450 രൂപയാണ് സുരക്ഷാ ജീവനക്കാരന് പ്രതിഫലം ലഭിക്കുന്നത്.

ഈ നിയമനത്തിലും സിപിഎമ്മിന്റെ  ഇടപെടലുണ്ടെന്ന് തൊഴിൽ രഹിതരായ യുവാക്കൾ ആക്ഷേപിക്കുന്നു. കൈയ്യിൽ കാൽക്കാശില്ലാതെ തൊഴിൽ രഹിതർ അലഞ്ഞു നടക്കുമ്പോഴാണ് ആഡംബര വാഹനങ്ങളുടെ ഉടമയ്ക്ക് താൽക്കാലിക ജോലി നൽകി സിപിഎം പാർട്ടി അനുഭാവിയോടുള്ള സ്നേഹം പ്രകടിപ്പിച്ചതെന്ന് തൊഴിൽ രഹിതരായ യുവാക്കൾ ആരോപിക്കുന്നു.

ജില്ലാശുപത്രിയിലെ താൽക്കാലിക നിയമനത്തിലെ സ്വജനപക്ഷപാതത്തെക്കുറിച്ച് നിരവധി പരാതികളാണ് ലേറ്റസ്റ്റിൽ ദിനം പ്രതി ലഭിച്ചുകൊണ്ടിരിക്കുന്നത്. പരാതിക്കാരിൽ ഏറെയും തൊഴിൽ രഹിതരാണ്. ജില്ലാശുപത്രി ഒാഫീസ്, ഡിഎംഒ ഒാഫീസ് മുതലായ ഒാഫീസുകളിലെ ചില ഉദ്യോഗസ്ഥരാണ് ജില്ലാശുപത്രിയിലെ  താൽക്കാലിക നിയമനങ്ങളിൽ ഇടപെടുന്നതെന്നാണ് തൊഴിൽ രഹിതരുടെ പരാതി.

ഡിഎംഒ ഒാഫീസിലെ ഉദ്യോഗസ്ഥയുടെ അടുത്ത ബന്ധു രണ്ട് വർഷക്കാലമായി താൽക്കാലിക തസ്തികയിൽ ജോലി ചെയ്യുന്നുണ്ടെന്നും ഇവർ ആക്ഷേപിക്കുന്നു. കോവിഡിന്റെ പ്രാരംഭഘട്ടത്തിൽ ഡിഎംഒ ഒാഫീസ് ഉദ്യോഗസ്ഥയുടെ ഒത്താശയോടെ ജോലിയിൽക്കയറിയ വനിത വിവിധ തസ്തികകളിൽ മാറി മാറി ജോലി ചെയ്തു വരുന്നതായും തൊഴിൽ രഹിതരായ ഉദ്യോഗാർത്ഥികൾ പരാതിപ്പെട്ടു. പ്രവർത്തനമാരംഭിക്കാനിരിക്കുന്ന അമ്മയും കുഞ്ഞും ആശുപത്രിയിലെ താൽക്കാലിക നിയമനങ്ങളിലാണ് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷയെങ്കിലും ജില്ലാ മെഡിക്കരൽ ഒാഫീസിലെയു, ജില്ലാശുപത്രി ഒാഫീസിലെയും ചില ഉദ്യോഗസ്ഥർ ഇവിടേക്കും കണ്ണ് വെച്ചിട്ടുണ്ട്.

LatestDaily

Read Previous

12 കാരിയെ ചുംബിച്ച അതിഥി തൊഴിലാളിക്കെതിരെ പോക്സോ കേസ്

Read Next

ജില്ലാ ഭരണകൂടത്തിന്റെ ശ്രമവും പാഴായി, അമ്മയും കുഞ്ഞും ആശുപത്രി പ്രവർത്തന സജ്ജമായില്ല